പട്‌ന: ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് മഹാസഖ്യം. വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി) നേതാവ് മുകേഷ് സഹാനിയാണ് മുന്നണിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി. വ്യാഴാഴ്ച പട്‌നയില്‍നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്‌ലോത്താണ് ദിവസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. എല്ലാ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ഇതിനുശേഷമാണ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിബദ്ധതയുള്ള, ചെറുപ്പക്കാരനായ നേതാവാണ് തേജസ്വി യാദവെന്ന് അശോക് ഗെഹ്‌ലോത്ത് അഭിപ്രായപ്പെട്ടു. തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കാനാണ് രാഹുല്‍ ഗാന്ധിയും ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നാലെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായി ബിജെപിയെ അദ്ദേഹം വെല്ലുവിളിക്കുകയുംചെയ്തു. 'എനിക്ക് അമിത് ഷായോടാണ് ചോദിക്കാനുള്ളത്. ഞങ്ങളുടെ നേതാവ് തേജസ്വി യാദവാണ്. ഇനി അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് അവര്‍ സ്ഥിരീകരിക്കണം', അശോക് ഗെഹ്‌ലോത്ത് പറഞ്ഞു.
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവ് നന്ദി അറിയിച്ചു. സര്‍ക്കാര്‍ രൂപവത്കരിക്കാനും മുഖ്യമന്ത്രിയാകാനും മാത്രമല്ല, ബിഹാറിന് വേണ്ടി പ്രവര്‍ത്തിക്കാനും വേണ്ടിയാണ് മഹാസഖ്യത്തിന്റെ നേതാക്കള്‍ നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു എന്‍ജിന്‍ അഴിമതിയും രണ്ടാമത്തെ എന്‍ജിന്‍ കുറ്റകൃത്യങ്ങളും നിറഞ്ഞ എന്‍ഡിഎയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ തങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിനില്‍ക്കെയാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. രഘോപുര്‍ മണ്ഡലത്തില്‍നിന്നായിരിക്കും തേജസ്വി യാദവ് മത്സരിക്കുക. നവംബര്‍ 6, 11 തീയതികളിലായി രണ്ടുഘട്ടങ്ങളിലായാണ് ബിഹാറിലെ തിരഞ്ഞെടുപ്പ്. നവംബര്‍ 14-നാണ് ഫലപ്രഖ്യാപനം.
Content Highlights: Bihar`s Mahagathbandhan alliance announces Tejashwi Yadav as their Chief Ministerial candidate for the upcoming assembly elections. VIP leader Mukesh Sahani is the Deputy CM candidate.
Published: 23 Oct 2025, 01:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented