പട്ന: ബിഹാറിൽ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ പ്രഖ്യാപിച്ചേക്കും. മഹാസഖ്യത്തിന്റെ പത്രസമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.

To advertise here,

അതേസമയം, മഹാസഖ്യത്തിന്റെ വാർത്താ സമ്മേളനത്തിന് തയ്യാറാക്കിയ ഇടത്ത് സ്ഥാപിച്ച ഫ്ലക്സിൽ രാഹുൽ ഗാന്ധിയുടെ ചിത്രമില്ലാത്തത് ചർച്ചയാകുന്നു. മഹാസഖ്യത്തിൽ രാഹുൽ ഗാന്ധിയുടെ സ്ഥലം എവിടെയാണെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് ബിജെപി പരിഹസിച്ചു. തേജസ്വിയുടെ ചിത്രമാണ് ഫ്ലക്സിൽ നിറഞ്ഞു നിൽക്കുന്നത്.

സീറ്റ് വിഭജനത്തെച്ചൊല്ലി ആർജെഡിയും കോൺഗ്രസും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടർന്നിരുന്നു. ഇത് അനന്തമായി നീളുന്നതിനിടെ പരിഹാരത്തിനായി ഹൈക്കമാൻഡ് ഇടപെട്ട് രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോത്തിനെ തേജസ്വിയുമായി ചർച്ച ചെയ്യാൻ നിയോഗിച്ചിരുന്നു. തേജസ്വിയും അശോക് ഗെഹ്‌ലോത്തും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

തേജസ്വി യാദവിനെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ വേണ്ടി ആർജെഡി കോൺഗ്രസിനെ ഭീഷണിപ്പെടുത്തിയതായി ബിജെപി വക്താവ് ഷെഹ്സാദ് പുനെവാല ആരോപിച്ചു. ആർജെഡിയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസിനെ വട്ടപ്പൂജ്യമാക്കുമെന്നും സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തിയതായും പൂനെവാല ആരോപിച്ചു.