പട്‌ന: രാഷ്ട്രീയം വിടുന്നെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നെന്നുമുള്ള സാമൂഹികമാധ്യമക്കുറിപ്പിന് പിന്നാലെ പ്രതികരണവുമായി ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ.
ആര്‍ജെഡി നേതൃത്വത്തിലെ പ്രധാന നേതാക്കളാണ് തന്നെ പുറത്താക്കിയതെന്ന് അവര്‍ ആരോപിച്ചു. എനിക്ക് കുടുംബമില്ല. നിങ്ങള്‍ ചെന്ന് തേജസ്വി യാദവിനോടും സഞ്ജയ് യാദവിനോടും റമീസിനോടും ചോദിക്കൂ. അവരാണ് എന്നെ കുടുംബത്തില്‍നിന്ന് പുറന്തള്ളിയത്, പട്‌നയില്‍ മാധ്യമങ്ങളോടു പ്രതികരിക്കവേ രോഹിണി പറഞ്ഞു.
അവര്‍ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി (ആര്‍ജെഡി) എന്തുകൊണ്ട് ഇങ്ങനെ പരാജയപ്പെട്ടുവെന്ന് രാജ്യമാകെ ചോദിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ജയ് യാദവിന്റെയും റമീസിന്റെയും പേര് പറയുമ്പോള്‍, നിങ്ങളെ വീട്ടില്‍നിന്ന് പുറത്താക്കുകയും അപമാനിക്കുകയും ചീത്തപറയുകയും ചെയ്യുകയാണ്, രോഹിണി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയാണ്, 'ഞാന്‍ രാഷ്ട്രീയം വിടുകയും എന്റെ കുടുംബവുമായുള്ള ബന്ധം ഉപേക്ഷിക്കുകയുമാണ്. ഇങ്ങനെ ചെയ്യാനാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ പഴിയും ഞാന്‍ ഏറ്റെടുക്കുകയാണ്, എന്ന കുറിപ്പ് രോഹിണി സാമൂഹികമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്.
ആര്‍ജെഡിയുടെ രാജ്യസഭാ എംപിയും രോഹിണിയുടെ സഹോദരന്‍ തേജസ്വി യാദവിന്റെ അടുത്ത അനുയായിയുമാണ് സഞ്ജയ് യാദവ്. ഉത്തര്‍ പ്രദേശിലെ രാഷ്ട്രീയകുടുംബത്തില്‍നിന്നുള്ള അംഗമായ റമീസ്, തേജസ്വിയുടെ സുഹൃത്താണ്. രോഹിണിക്ക് താല്‍പര്യമുള്ളവരല്ല ഇവര്‍ രണ്ടുപേരുമെന്നാണ് വിവരം.
ഡോക്ടര്‍ കൂടിയായ രോഹിണി, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ചുവെങ്കിലും ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. 2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്തതും രോഹിണി ആയിരുന്നു.
നേരത്തെ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ജന്‍ശക്തി ജനതാദള്‍ എന്ന പേരില്‍ പാര്‍ട്ടി രൂപവത്കരിച്ച് തിരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു.
രാഘോപുറില്‍ സഹോദരന്‍ തേജസ്വിക്കെതിരേയും തേജ് പ്രതാപ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു. തേജ് പ്രതാപിനെ പുറത്താക്കിയതില്‍ രോഹിണി അതൃപ്തയായിരുന്നുവെന്നാണ് വിവരം.
Content Highlights: go and ask tejashwi rohini acharya reaction after quitting politics and diown family post
Published: 15 Nov 2025, 11:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented