
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാസമർപ്പണം രണ്ട് ഘട്ടങ്ങളിലേതും അവസാനിച്ചു. രണ്ടാം ഘട്ടത്തിൽ പത്രികകൾ പിൻവലിക്കാനുള്ള അവസാനദിവസം 23-നാണ്. പക്ഷേ, അടിമുടി തർക്കത്തിലും ആശയക്കുഴപ്പത്തിലുമാണ് പ്രതിപക്ഷസഖ്യമായ മഹാഗഡ്‌ബന്ധൻ. അര ഡസനിലേറെ മണ്ഡലങ്ങളിൽ ഇപ്പോഴും കക്ഷികൾ തമ്മിലുള്ള 'സൗഹൃദമത്സരം' എന്ന പ്രതീതിയാണ്. അങ്ങനെയൊന്നുണ്ടാവില്ലെന്നും 23-ന് രണ്ടാംഘട്ട പത്രിക പിൻവലിക്കൽ സമയം കൂടി കടന്നുപോകുന്നതോടെ എല്ലാ പ്രശ്‌നങ്ങളും പരിഹൃതമാകുമെന്നുമാണ് നേതൃത്വം പറയുന്നത്.
എന്നാൽ, സാഹചര്യങ്ങൾ അങ്ങനെയല്ല. കോൺഗ്രസിലും ആർജെഡിയിലുമുൾപ്പെടെ, സീറ്റിന് കോഴയെന്ന ആരോപണമുയർത്തി സിറ്റിങ് എംഎൽഎമാരുടെ സമരനാടകങ്ങൾ ബിഹാറിൽ അരങ്ങേറുന്നു. കോൺഗ്രസിൽ സ്ഥാനാർഥിനിർണയം തീർത്തും തെറ്റായ രീതിയിലായിരുന്നുവെന്ന് തുറന്നടിച്ചത് കഴിഞ്ഞ ദിവസം പൂർണിയ എംപി പപ്പു യാദവ് ആണ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേഷ് റാമും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ഭാരവാഹി കൃഷ്‌ണ അല്ലാവരുവും കോൺഗ്രസിന്റെ ബിഹാർ നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാനും ചേർന്ന് സീറ്റുകൾ കച്ചവടം ചെയ്‌തെന്ന ആരോപണമുയർത്തി പല കോണുകളിൽ നിന്ന് പ്രവർത്തകർ രംഗത്തെത്തി. പട്‌ന വിമാനത്താവളത്തിൽ നേതാക്കൾക്കെതിരെ ഒരുവേള കൈയേറ്റമുണ്ടായി.
ആരോപണങ്ങളൊക്കെ നിഷേധിക്കുകയാണ്, കതിഹാർ ജില്ലയിലെ കഠ്വ മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കുന്ന കോൺഗ്രസ് നിയമസഭാകക്ഷി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഷക്കീൽ അഹമ്മദ് ഖാൻ. എന്തൊക്കെ ആരോപണങ്ങളുയർന്നാലും 20 വർഷത്തെ എൻഡിഎ ഭരണത്തിനെതിരെ വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചെന്നാണ് ഷക്കീൽ അഹമ്മദ് ഖാന്റെ ആത്മവിശ്വാസം. നേപ്പാളിനോട് അതിർത്തി പങ്കിടുന്ന കതിഹാർ ജില്ലയിലെ, കഠ്വ മണ്ഡലത്തിൽ ഇക്കുറി കാര്യങ്ങളത്ര എളുപ്പമല്ലെന്ന് അദ്ദേഹത്തിനും തോന്നാതില്ല. ഏറ്റവും മികച്ച എംഎൽഎയെന്ന പുരസ്‌കാരം വരെ നേടിയെടുത്തതിന്റെ ആത്മവിശ്വാസത്തോടെ വീണ്ടും ജയിച്ചുകയറാമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നുണ്ട്. ഈ ഘട്ടത്തിലാണ് ആരോപണവിവാദങ്ങൾ. സ്ഥാനാർഥി നിർണയത്തെ ചൊല്ലി തനിക്കെതിരെയടക്കം ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതവും വേദനാജനകവുമാണെന്ന് അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു.
കഠ്വ ഗ്രാമത്തിലെ ഖുമ്രിയിൽ പാർട്ടി പ്രവർത്തകന്റെ വസതിയിൽ പ്രചരണത്തിന്റെ ഭാഗമായി താൽക്കാലികമായി താമസസ്ഥലം കണ്ടെത്തിയിരിക്കുകയാണ് ഷക്കീൽ അഹമ്മദ് ഖാൻ. ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ 1992-03 കാലത്ത് എസ്‌എഫ്‌ഐയുടെ ബാനറിൽ സർവകലാശാലാ യൂണിയൻ ചെയർമാനായിരുന്ന പൂർവ്വചരിത്രമുണ്ട് ഷക്കീൽ അഹമ്മദ് ഖാന്.
മോട്ടോർസൈക്കിളിൽ കറങ്ങി വോട്ടർമാരിലേക്കിറങ്ങുന്ന പ്രചരണതന്ത്രത്തിലൂടെ ആളുകളെ കൈയിലെടുക്കാൻ ശ്രമം. "അതുകൊണ്ടൊരു ഗുണമുണ്ട്. ഏത് ഉൾപ്രദേശത്തേക്കും കയറിച്ചെല്ലാം. ചെലവ് കുറയ്ക്കാം. പ്രവർത്തകരും കാറെടുക്കാൻ മടിക്കും "- ഷക്കീൽ അഹമ്മദ്ഖാൻ ചിരിയോടെ പറഞ്ഞു. ബിഹാർ തിരഞ്ഞെടുപ്പ്, മഹാസഖ്യത്തിലെ പ്രശ്നങ്ങൾ, കോൺഗ്രസിലെ തർക്കം എന്നിവയെക്കുറിച്ചെല്ലാം, കോൺഗ്രസിന്റെ ബിഹാറിലെ പ്രധാനനേതാവായ അദ്ദേഹം മനസ്സ് തുറന്നു:
ഇന്ത്യാ സഖ്യത്തിന്റെ പ്രതീക്ഷയെങ്ങനെ?
- ഇന്ത്യാ സഖ്യത്തിന് വലിയ പ്രതീക്ഷയാണ്. കഴിഞ്ഞ 20 വർഷത്തെ ബിജെപി- ജെഡിയു ദുർഭരണത്തിൽ ജനങ്ങൾ എല്ലാം മനസ്സിലാക്കിയിരിക്കുന്നു. ഇക്കാലത്താണ് അന്യനാടുകളിലേക്കുള്ള കുടിയേറ്റം മറ്റേത് കാലത്തേക്കാളും ഉയർന്ന നിലയിലെത്തിയത്. ഈ 20 വർഷത്തിനിടയിൽ ഒരു പുതിയ വ്യവസായം പോലും വന്നില്ല. മിക്ക വ്യവസായങ്ങളും പൂട്ടിപ്പോയി. ധാരാളം വിദ്യാർഥികൾ ബിഹാറിൽ നിന്ന് മറ്റിടങ്ങളിലേക്ക് പഠനത്തിനായി പോയി. അവരെല്ലാം പോകുന്നത് ഇവിടെ നല്ലൊരു വിദ്യാഭ്യാസസംവിധാനമില്ലാത്തതിനാലാണ്. എല്ലാം കുളമായി. പട്‌ന സർവകലാശാല മുമ്പ് നല്ല നിലവാരമുണ്ടായിരുന്നു.
മറ്റ് സംസ്ഥാനങ്ങളെ വച്ചു നോക്കിയാൽ ആളോഹരിവരുമാനത്തിലും ബിഹാർ വളരെ പിന്നിലാണ്. മാനുഷിക വികസന സൂചികയിൽ വളരെ പിന്നിലാണ്. 20 വർഷത്തിനിടയിൽ വരുമാനവർധനവിന് ഒരു ഫലപ്രദമായ ഇടപെടലുമുണ്ടായിട്ടില്ല. കടമെടുപ്പിനെ മാത്രം ആശ്രയിച്ച് ജീവിക്കുക സാധ്യമല്ല. സ്‌ത്രീകൾക്കെതിരായ അതിക്രമം വൻതോതിലായി. ഗുണ്ടാരാജെന്നു തന്നെ പറയാം. കഴിഞ്ഞ ആറ് മാസത്തിനിടയിൽ നിരവധി വ്യാപാരികളും നിഷ്‌കളങ്കരായ ആളുകളും കൊല്ലപ്പെട്ടു. ക്രിമിനലുകൾക്ക് ആരെയും പേടിയില്ല.
നിതീഷ്‌കുമാർ വരുന്നതിന് മുമ്പായിരുന്നു ബിഹാർ ജംഗിൾരാജ് ആയിരുന്നതെന്ന് പറയുന്നുണ്ടല്ലോ?
- ഇപ്പോൾ ഭരണത്തിലിരിക്കുന്നവർ, അവരെന്താണ് ചെയ്‌തത് എന്നൊരിക്കലും പറയില്ല. അവർ പറയുക, 20- 25 കൊല്ലം മുമ്പ് നടന്നതാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ പ്രധാനമന്ത്രി മോദി പറയുന്നതെന്താണ്. 47 മുതൽ 52 വരെ എന്ത് നടന്നു, 52- 57 വരെ എന്ത് നടന്നു എന്നൊക്കെയല്ലേ. ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തയച്ചാൽ, പത്ത് വർഷം സമയം തന്നാൽ, അതിനെ വ്യാജപ്രചരണങ്ങൾക്ക് വിനിയോഗിക്കുകയെന്നതാണ് ബിജെപിയുടെ രീതി. അത് ആവർത്തിച്ചുകൊണ്ടേയിരിക്കും.
നിതീഷ് കുമാർ നടപ്പാക്കിയ ക്ഷേമപദ്ധതികൾ ചർച്ചയാണ്, പ്രത്യേകിച്ചും സ്‌ത്രീകേന്ദ്രീകൃത പദ്ധതികൾ?
- ഏത് സംസ്ഥാനത്താണ് പദ്ധതികളില്ലാത്തത്. സർക്കാരുകൾ പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ഇപ്പോൾ 10,000 രൂപ കൊടുക്കുന്നു. പത്ത് വർഷമായി ഇവിടെ സ്ത്രീകളുൾപ്പെടെ നരകിക്കുകയാണ്. ഉയർന്ന പലിശയ്‌ക്ക് വായ്‌പയെടുത്ത് കടം കയറി നിരവധി സ്‌ത്രീകൾക്ക് മരിക്കേണ്ടി വന്നു. വൻതോതിൽ സ്‌ത്രീകളും മറ്റിടങ്ങളിലേക്ക് കുടിയേറിപ്പോയിട്ടുണ്ട്, ഇക്കാരണത്താൽ. 10ഓ 15ഓ വർഷം ദുരിതമനുഭവിച്ച ശേഷം അവർക്ക് 10,000 രൂപ നൽകിയാൽ അത് വെറും കൊറിക്കുന്ന കടലയുടെയത്രയുമേ വരൂ.
പക്ഷേ, പതിനായിരം നേരിട്ട് കൈയിൽ കിട്ടുന്നത് സ്വാധീനിക്കില്ലേ?
- അത് വെറുതെ കൊടുക്കുന്നതല്ല. വായ്‌പയാണ്. അതിന്റെ വിജ്ഞാപനത്തിലതുണ്ട്. നാല് കോടി സ്‌ത്രീകളുണ്ട്. സ്‌ത്രീകളെ ശാക്തീകരിക്കാനാണെങ്കിൽ അതെല്ലാവരെയും ഇല്ല. അംഗൻവാടി കേന്ദ്രങ്ങളിൽ സ്‌ത്രീകളുണ്ട്, വീട്ടുജോലിക്ക് പോകുന്ന ലക്ഷക്കണക്കിന് പേരുണ്ട്. നിങ്ങൾ വെറും നിലക്കടലയാണ് കൊടുക്കുന്നത്. അതുതന്നെ എല്ലാവർക്കുമില്ല. ഞങ്ങൾ പ്രഖ്യാപിച്ചത് എല്ലാ സ്‌ത്രീകൾക്കുമായുള്ള പദ്ധതിയാണ്. ജനങ്ങളെ എപ്പോഴും വിഡ്‌ഢികളാക്കാനാവില്ല. ഒരിക്കൽ സാധിക്കുമായിരിക്കും.
പതിനായിരം രൂപ തിരഞ്ഞെടുപ്പ് സമയത്ത് നൽകുന്നത് ഗിമ്മിക്കാണ്. ക്ഷേമ പെൻഷൻ 400 രൂപയിൽ നിന്ന് കൂട്ടാൻ നിയമസഭയിലടക്കം ഞങ്ങൾ പോരാടി. അവസാനം തിരഞ്ഞെടുപ്പ് വന്നപ്പോൾ 1100 ആക്കി. ഇതാണ് ബിജെപിസഖ്യത്തിന്റെ രീതി. ഗിമ്മിക്ക്, വഞ്ചന, നുണ ചിലപ്പോൾ കൊറിക്കാൻ കടലയും കൊടുക്കും. എന്തുകൊണ്ടാണ് ബിഹാറിൽ അടിസ്ഥാനസൗകര്യവികസനമില്ലാത്തത്, വ്യവസായങ്ങളില്ലാത്തത്. എന്തുകൊണ്ടാണ് കാർഷികാധിഷ്‌ഠിത വ്യവസായങ്ങളില്ലാത്തത്. മോദി നൽകുന്ന വാഗ്‌ദാനങ്ങളൊന്നും പാലിക്കാനല്ല. എന്തുകൊണ്ടാണ് ഇവിടെ സ്‌കൂളുകളിൽ അധ്യാപകരില്ലാത്തത്. ഒറ്റ ആശുപത്രിയിലും ഡോക്ടർമാരില്ല. എന്തുകൊണ്ടാണ് നിയമിക്കാത്തത്. യഥാർഥ വിഷയങ്ങളിൽ നിന്ന് അവർ മാറിപ്പോവുകയാണ്.
മഹാസഖ്യത്തിൽ സീറ്റ് വിഭജനത്തെ ചൊല്ലി തർക്കമാണ്, എൻഡിഎയിൽ അവർ സുഗമമായി പൂർത്തിയാക്കി?
- ചിരാഗ് പാസ്വാൻ നിരാശനായിരുന്നു. എല്ലാ നേതാക്കളും അദ്ദേഹത്തെ പോയിക്കണ്ടു. വഴങ്ങി 29 സീറ്റുകൾ കൊടുത്തു. ഇതിലാകട്ടെ ജെഡിയുവിന്റെ സിറ്റിങ് സീറ്റുകളുണ്ടായിരുന്നു. ജെഡിയു ഈ സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തി. അതാണോ സുഗമമാകൽ? മാഞ്ചിയടക്കം അതൃപ്‌തിയിലല്ലേ. ബിജെപി ജെഡിയുവിനെ വിഴുങ്ങി. നിതീഷ്‌കുമാറാണ് എൻഡിഎയുടെ മുഖമെന്ന് പറയുന്നു. പക്ഷേ മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നില്ല. അമിത്‌ഷാ ചോദിക്കുന്നത്, ഞാനാരാണ് മുഖ്യമന്ത്രിസ്ഥാനാർഥിയെ നിശ്ചയിക്കാനെന്നല്ലേ. എംഎൽഎമാർ നിശ്ചയിക്കുമെന്നല്ലേ പറയുന്നത്. ഞങ്ങളുടെ സഖ്യത്തിൽ തീർച്ചയായും ഗൗരവമായ ആശങ്കകളുണ്ടായിട്ടുണ്ട്. ചില സീറ്റുകളെ ചൊല്ലി, കൂടുതൽ ശക്തരായ സ്ഥാനാർഥികൾ വേണമെന്ന വാദമുയർന്നു. 243 സീറ്റുകളെടുത്താൽ മൂന്നോ നാലോ സീറ്റുകളിലേ നമുക്ക് പ്രശ്‌നമുള്ളൂ. ഇന്ന് ആ പ്രശ്‌നങ്ങളെല്ലാം തീരും. ഞങ്ങൾ ഒരുമിച്ച് മുന്നേറും.
സൗഹൃദമത്സരമുണ്ടാവില്ല എന്നുറപ്പിച്ച് പറയാമോ?
- അങ്ങനെയൊരു മത്സരവുമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെയുണ്ടെങ്കിൽ തന്നെ പരസ്‌പര ധാരണയോടെ മാത്രമായിരിക്കും. ഞാൻ മത്സരിക്കുമെന്ന് വാശി പിടിച്ചൊരു മത്സരമുണ്ടാവില്ല. ഈ മാസം 23ഓടെ എല്ലാം സുഗമമാകും. ജനങ്ങൾ ബിഹാറിൽ മാറ്റം ആഗ്രഹിക്കുന്നു. നിതീഷിന്റെ അനുയായികളുടെയും വികാരം, ബിജെപിയിൽ നിന്ന് കിട്ടുന്ന പരിഗണന മോശമാണെന്നാണ്. രാഹുൽ ഗാന്ധിയുടെ വോട്ട് ചോർ, ഗദ്ദി ചോർ യാത്ര വലിയ വിജയമായിരുന്നു. വൻതോതിൽ ജനമെത്തി. വിദൂരദേശങ്ങളിൽ നിന്നുപോലുമെത്തി. അവരെല്ലാം ഊഷ്‌മളമായാണ് വരവേറ്റത്. മോദി ഇവിടെ ആകർഷകമായ നേതാവേയല്ല. എല്ലാ സർവേകളും പറയുന്നത്, ഈ സർക്കാർ തിരിച്ചുവരേണ്ട എന്നാണ്.
ആരാകും നിങ്ങളുടെ മുഖ്യമന്ത്രിസ്ഥാനാർഥി?
- തേജസ്വി യാദവിനെ ഞങ്ങൾ കേന്ദ്രസ്ഥാനത്ത് നിർത്തിയാണ് പ്രചരണം. അദ്ദേഹമാണ് പ്രതിപക്ഷനേതാവും, മുന്നണിയുടെ അധ്യക്ഷനും. എല്ലാം തയാറായിട്ടുണ്ട്. ആ പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ. ഫലം വന്നാലറിയാമല്ലോ, ആര് ജയിക്കുമെന്ന്. അപ്പോൾ സ്വാഭാവികമായും ആ പേര് പ്രഖ്യാപനമുണ്ടാകും.
ജെഡിയു പിന്നിലായാൽ ബിജെപി അവരെ വിഴുങ്ങുമെന്ന് നിങ്ങൾ പ്രചരിപ്പിക്കുന്നുണ്ടല്ലോ?
-ബിജെപി പ്രത്യയശാസ്‌ത്രപരമായും അഴിമതിക്കാരാണ്. അവർ സത്യസന്ധരല്ല. അവർ എംഎൽഎമാരെ വിലയ്‌ക്ക് വാങ്ങും. മുമ്പും ചെയ്‌തിട്ടുണ്ട്. അവിടെ കുഴപ്പങ്ങളുണ്ടാകും. നിതീഷിന്റെ അനുയായികൾ ബിജെപിയുടെ ഡിസൈനനുസരിച്ച് നീങ്ങില്ല. ഒന്നാമതായി, ഇന്ത്യാസഖ്യം ഇവിടെ തൂത്തുവാരും. ആറ് മാസത്തിനിടയിൽ പല യാത്രകളും നടത്തി. ആഴത്തിൽ പോയാൽ, ഗ്രാമങ്ങളിലേക്ക് ജനങ്ങളെന്താണ് പറയുന്നതെന്ന് നോക്കൂ. ഈ തിരഞ്ഞെടുപ്പ് വളരെ ആവേശമുണർത്തുന്ന ഒന്നാണ്. ബിജെപിക്ക് ഇത്രയും പണമെവിടെയാണ്.
പ്രശാന്ത് കിഷോർ വന്ന്‌തോടെ ത്രികോണമത്സരമെന്ന പ്രതീതിയുണ്ട്. ആളുകളെ ആകർഷിക്കുന്ന മുദ്രാവാക്യങ്ങളദ്ദേഹം ഉയർത്തുന്നു?
- കുടിയേറ്റപ്രശ്‌നവും ദുർഭരണവുമെല്ലാം പ്രശ്‌നം തന്നെയാണ്. അത് അദ്ദേഹം മാത്രമുയർത്തുന്നതല്ല. ഞങ്ങളെല്ലാവരും വർഷങ്ങളായി ഉയർത്തുന്നുണ്ട്. രാഷ്ട്രീയം പക്ഷേ വ്യത്യസ്‌തമല്ലേ. ജനങ്ങൾ തീരുമാനിക്കും ഏത് പാർട്ടിയാണ് കരുത്തരായ സ്ഥാനാർഥികളെ രംഗത്തിറക്കിയത് എന്നെല്ലാം അവർ നോക്കും. ജാതിസമവാക്യങ്ങൾ പ്രധാനമാണ്. ജനങ്ങൾ അദ്ദേഹത്തെ കേൾക്കുന്നുണ്ടാകും. ഞങ്ങളുയർത്തുന്ന വിഷയം തന്നെയാണ് അദ്ദേഹവുമുയർത്തുന്നത്.
അദ്ദേഹം സീറ്റ് പിടിച്ചില്ലെങ്കിലും നിശ്ചിതശതമാനം വോട്ട് പിടിച്ചാൽ അതാരെ ബാധിക്കും?
- പികെയെ ജനം സംശയിക്കുന്നുണ്ട്, എവിടെ നിന്നാണ് അദ്ദേഹത്തിന് ഇത്രയും പണവും സംവിധാനവും. തീർച്ചയായും അദ്ദേഹം കുറച്ച് വോട്ടുകൾ പിടിക്കും. അത് കൂടുതൽ അപകടം ചെയ്യുക ബിജെപിയെയും ഇപ്പോഴത്തെ സർക്കാരിനെയുമാണ്. കാരണം, അദ്ദേഹം ചോദ്യം ചെയ്യുന്നതും ഞങ്ങൾ ചോദ്യം ചെയ്യുന്നതും സർക്കാരിനെയാണ്. ബിഹാറി വോട്ടർമാർ രാഷ്ട്രീയമായി ഏറെ ഉയർന്ന ബോധ്യമുള്ളവരാണ്. ആരെ തിരഞ്ഞെടുക്കണം, ആരെ വേണ്ട എന്നെല്ലാം അവർക്കറിയാം.
നിതീഷ് നിരാശനാണ്, അപ്പോൾ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിന് വീണ്ടുമൊരു മനംമാറ്റത്തിന് സാധ്യതയുണ്ടോ?
- ആർക്കും പ്രവചിക്കാനാവില്ല. എനിക്കിപ്പോൾ ഉത്തരം പറയാനാവില്ല. അദ്ദേഹം ആരാധ്യനായ നേതാവാണ്. പക്ഷേ ബിജെപിയിൽ നിന്നുള്ള പരിഗണന അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത ആളുകളാണ് ബിജെപിക്കൊപ്പം ചേർന്ന് എല്ലാ അരുതായ്‌മകൾക്കും കൂട്ടുനിൽക്കുന്നത്. നിതീഷ് അത് മനസ്സിലാക്കിയിട്ടുണ്ട്.
താങ്കളുടെ പാർട്ടിയിൽ സ്ഥാനാർഥിനിർണയത്തെ ചൊല്ലിയെല്ലാം വലിയ ആരോപണങ്ങളാണ്, നേതൃത്വത്തിനെതിരെ. അഴിമതിയടക്കം?
- എനിക്കും വിളികളും മെസ്സേജുകളുമെല്ലാം വരുന്നുണ്ട്. കേൾക്കുമ്പോൾ വളരെ വേദന തോന്നുന്നുണ്ട്. ഒരു തെളിവുമില്ലാതെ അവർ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. അതിനെ അപലപിക്കാൻ പോലുമെനിക്ക് തോന്നുന്നില്ല. സീറ്റ് കിട്ടാത്തവർ ഇങ്ങനെ പ്രചരിപ്പിക്കുന്നത് സ്വാഭാവികമാണ്. ഇതൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. 90 ശതമാനം ജനങ്ങളും തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ 10 കൊല്ലത്തിനിടയിൽ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പ്രവർത്തി ചെയ്‌തതിനുള്ള അംഗീകാരം കിട്ടിയ എംഎൽഎയാണ് ഞാൻ. പക്ഷേ, ഇങ്ങനെ ആരോപണങ്ങളുന്നയിക്കുന്നത് വിഷമവും വേദനയുമുളവാക്കുന്നതാണ്. ബിജെപിയാണ് ഇതായുധമാക്കുന്നത്.
?ഇനി രണ്ട് ദിവസമേയുള്ളൂ, പത്രികാസമർപ്പണ പ്രക്രിയ അവസാനിക്കാൻ. ഇനിയും സഖ്യത്തിൽ തർക്കം തീർന്നില്ല.
സഖ്യമാകുമ്പോൾ എല്ലാം എപ്പോഴും ഒരുപോലെയാകില്ല. 23 കഴിയുമ്പോൾ എല്ലാം സുഗമമാകും. ധൃതി പിടിക്കേണ്ട.
എസ്‌ഐആർ വിവാദം പ്രചരണരംഗത്ത് കേൾക്കാനില്ലല്ലോ?
- ആളുകൾ എല്ലാ കാര്യങ്ങളും തുറന്നുപറയില്ല. പക്ഷേ അവർക്കറിയാം എന്താണ് നടക്കുന്നതെന്ന്. ബിഹാറിലെ ജനത വളരെ രാഷ്ട്രീയബോധമുള്ളവരാണ്. എന്റെ മണ്ഡലത്തിൽ തന്നെ 2024ലെ വോട്ടർപട്ടികയിലുണ്ടായിരുന്നവരെ, ഈ വർഷമാദ്യമുണ്ടായിരുന്നവരെ ഇപ്പോൾ പട്ടികയിൽ കാണാനില്ല. ബിഎൽഒമാർക്ക് പരാതി നൽകി. കാര്യമില്ല. . ഞങ്ങളതിനെ ഗ1രവമായെടുത്തിട്ടുണ്ട്. എസ്‌ഐആർ ഗൗരവതരമാണ്. അത് ബാധിക്കും. ഏത് അഴിമതിക്കും മടിക്കാത്തവരാണ് ബിജെപി. തീർച്ചയായും ബൂത്തുതലത്തിൽ തന്നെ വോട്ടർമാർ പ്രതികരിക്കും. എന്റെ ാേട്ട് നിഷേധിക്കപ്പെട്ടാൽ അവർ മറ്റുള്ളവരെ വോട്ട് ചെയ്യാനനുവദിക്കില്ല, ഇത് ബിഹാറാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏത് അഫിഡവിറ്റെടുത്താലും ബംഗ്ലാദേശികളെപ്പറ്റി കാണാനാവില്ല. വ്യാജപ്രചരണമഴിച്ചു വിടുകയാണ്. സീമാഞ്ചലിൽ മുസ്ലിംഭൂരിപക്ഷമാതിനാൽ അനാവശ്യമായി അവരെ ലക്ഷ്യമിടുന്നു.
Content Highlights: mohammed shakeel congress interview bihar election
Published: 21 Oct 2025, 02:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented