പട്‌ന: 'ബിഹാര്‍ സിങ്കം' എന്ന പേരിലറിയപ്പെടുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ശിവ്ദീപ് ലാന്‍ഡെയ്ക്ക് തിരഞ്ഞെടുപ്പ് ഗോദയില്‍ കനത്ത തോല്‍വി. മത്സരിച്ച രണ്ട് നിയോജകമണ്ഡലങ്ങളിലും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ദയനീയമായ പരാജയമേറ്റുവാങ്ങി.

To advertise here,

അരാറിയ, ജമാല്‍പുര്‍ മണ്ഡലങ്ങളിലാണ് ശിവ്ദീപ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എന്നാല്‍, 'ബിഹാര്‍ സിങ്കം' എന്നറിയപ്പെടുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന് തന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തില്‍ത്തന്നെ അടിപതറുകയായിരുന്നു.

സര്‍വീസിലിരിക്കെ പല കേസുകളിലും കടുത്ത നടപടികള്‍ സ്വീകരിച്ചതോടെയാണ് ശിവ്ദീപ് ശ്രദ്ധേയനായത്. പൊതുജനങ്ങളുമായുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലും ഏറെ പ്രശംസനീയമായിരുന്നു. ഇതോടെയാണ് 'ബിഹാര്‍ സിങ്കം' എന്ന വിളിപ്പേരും അദ്ദേഹത്തിന് കിട്ടിയത്.

ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ജമാല്‍പുരിലും അരാറിയയിലുമാണ് ശിവ്ദീപ് മത്സരിച്ചിരുന്നത്. ഗ്യാസ് സിലിണ്ടറായിരുന്നു ചിഹ്നം. എന്നാല്‍, ജമാല്‍പുരില്‍ 96683 വോട്ടുകള്‍ നേടിയ ജെഡിയു സ്ഥാനാര്‍ഥി നാച്ചിക്കേട്ട മണ്ഡലിനായിരുന്നു വിജയം. ഐഐപി സ്ഥാനാര്‍ഥി നരേന്ദ്രകുമാറാണ്(60455 വോട്ട്) രണ്ടാമതെത്തിയത്. 15655 വോട്ടുകള്‍ നേടി ശിവ്ദീപ് ഇവിടെ മൂന്നാമതെത്തി. അരാറിയയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആബിദുറഹ്‌മാനും(91529 വോട്ട്) വിജയിച്ചു. ജെഡിയു സ്ഥാനാര്‍ഥിയായ ഷാഗുഫ്ത അസീമാണ്(78788 വോട്ട്) ഇവിടെ രണ്ടാമതെത്തിയത്. 4085 വോട്ടുകള്‍ മാത്രം നേടിയ ശിവ്ദീപ് ഇവിടെ നാലാമതായി.

49 വയസ്സുകാരനായ ശിവ്ദീപ് ലാന്‍ഡെ രണ്ട് സീറ്റുകളിലും സ്വതന്ത്രനായാണ് ജനവിധി തേടിയത്. ബിരുദധാരിയായ തന്റെ പേരില്‍ യാതൊരു ക്രിമിനല്‍കേസുകളും ഇല്ലെന്നാണ് നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച ശിവ്ദീപിന്റെ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. ആകെ 20.4 കോടി രൂപയുടെ സ്വത്തുണ്ടെന്നും 2.7 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.