വൈശാലിയുടെ മണ്ണിൽ രണ്ട്‌ കൈവഴികളായി തിരിഞ്ഞുനിൽക്കുന്ന മണ്ഡലങ്ങളാണ്‌ രാഘോപുരും മഹുവയും. പക്ഷേ, രണ്ടിനും സമാനതകളേറെ. യാദവ-മുസ്ലിം സഖ്യ സമവാക്യം നന്നായി വിളയുന്ന മണ്ണ്‌. അതിനാൽ മൂന്ന്‌ പതിറ്റാണ്ടായി രാഷ്ട്രീയ ജനതാദളിന്റെ തട്ടകം. രാഘോപുരിൽ ലാലുപ്രസാദ്‌ യാദവിന്റെ കുടുംബവാഴ്‌ചയാണ്‌ 1995 മുതലുള്ള ചിത്രമെടുക്കുമ്പോൾ കാണുക. ഇടയ്‌ക്ക്‌ 2010ൽ സതീഷ്‌കുമാർ യാദവിലൂടെ ജെഡിയു പിടിച്ചതൊഴിച്ചാൽ മഹുവയുടെയും കാഴ്‌ചയും ഇതുതന്നെ.

To advertise here,

2015ൽ അനുജൻ തേജസ്വി രാഘോപുരിലും ചേട്ടൻ തേജ്‌പ്രതാപ്‌ മഹുവയിലും ആർജെഡിക്കായി തേര്‌ തെളിച്ചു. രണ്ടുപേരും വിജയിച്ചു. ജെഡിയു-ആർജെഡി സഖ്യം മന്ത്രിസഭയിലുമെത്തി. ഇത്തവണ വീണ്ടുമുണ്ട്‌ തേജസ്വിയും തേജ്‌പ്രതാപും. പക്ഷേ, തേജസ്വി രാഘോപുരിൽ ആർജെഡിയുടെ മുൻനിര പടയാളിയായി വരുമ്പോൾ ചേട്ടൻ തേജ്‌ പ്രതാപിന്‌ ഇവിടെ വില്ലൻവേഷമാണ്‌. ആഗസ്റ്റിൽ ആർജെഡിയിൽ നിന്ന്‌ പുറത്താക്കപ്പെട്ട തേജ്‌പ്രതാപ്‌ ജൻശക്തി ജനതാദൾ എന്ന സ്വന്തം പാർട്ടിയുണ്ടാക്കി ആർജെഡിയെ തോൽപ്പിക്കുമെന്ന ശപഥമെടുത്ത്‌ മത്സരിക്കുന്നു. ലാലു കുടുംബമെന്ന വൈകാരികാവേശം യാദവരെ സ്വാധീനിച്ചാൽ തേജ്‌പ്രതാപിന്‌ മറിയുന്ന വോട്ടുകളിലൂടെ യാദവവോട്ടുബാങ്ക്‌ പിളരാം. അതാരെ തുണയ്‌ക്കുമെന്നതാണ്‌ നിർണായകം. ആർജെഡിക്കെതിരെ എൻഡിഎയിൽ നിന്ന്‌ ചിരാഗ്‌ പാസ്വാന്റെ എൽജെപിയാണ്‌ കളത്തിൽ. പാസ്വാൻ ഉൾപ്പെടെയുള്ള ദളിത്‌ സമുദായങ്ങൾക്കും സ്വാധീനമുള്ള മേഖലയാണ്‌ ഹാജിപുർ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗങ്ങളായ മഹുവയും രാഘോപുരും.

അയൽമണ്ഡലങ്ങളിലെ ചേട്ടാനുജ പോര്‌ ഇതിനകം ഗംഗാതീരത്തെ ഈ രാഷ്ട്രീയക്കളങ്ങളെ ചൂടുപിടിപ്പിച്ചിട്ടുണ്ട്‌. തനിഗ്രാമീണമാണ്‌ മേഖല. എടുത്തുപറയത്തക്ക വികസനങ്ങളൊന്നും കാണാനില്ല. മഹുവയിലേക്കൊരു നല്ല റോഡുണ്ടെങ്കിൽ രാഘോപുരിൽ അതുമുണ്ടെന്ന്‌ പറയാനാവില്ല. ഗംഗാനദിയുടെ തീരത്തായി നീണ്ടുപരന്നുകിടക്കുന്ന വലിയൊരു തുരുത്താണ്‌ രാഘോപുർ. കൻഹോളി കഴിഞ്ഞ്‌ മഹുവയിലേക്ക്‌ തിരിയുന്നിടത്തെ റോഡരികിലെ ഓഡിറ്റോറിയത്തിലേക്ക്‌ വൈകിട്ട്‌ അഞ്ചരയോടെ തേജ്‌പ്രതാപിന്റെ അനുയായികളുടെ പടുകൂറ്റൻ ബൈക്ക്‌റാലിയെത്തി. കഴിഞ്ഞ ദിവസം നാമനിർദ്ദേശപത്രിക സമർപ്പിച്ചതോട്‌ തേജ്‌പ്രതാപ്‌ പ്രചരണമാരംഭിച്ചിരിക്കുന്നു. നന്നായി പണമിറക്കുന്നുണ്ട്‌. പ്രവർത്തകരുടെ ആവേശത്തിരതള്ളൽ. മഞ്ഞയിൽ ബ്ലാക്ക്‌ബോർഡ്‌ പതിപ്പിച്ച കൊടി. ആർജെഡിയുടെ റാന്തൽവിളക്കിനെ വെല്ലാൻ.

"ഇവിടെ ആർജെഡി ചിത്രത്തിലേയില്ല. ജനങ്ങൾക്കിടയിൽ നിന്നാണ്‌ തേജ്‌പ്രതാപ്‌ വരുന്നത്‌. അദ്ദേഹത്തിന്‌ നല്ല വിജയമുറപ്പ്‌. 2015ൽ എംഎൽഎയും സംസ്ഥാന ആരോഗ്യമന്ത്രിയുമായപ്പോഴാണ്‌, ഈ മഹുവയിലേക്ക്‌ മെഡിക്കൽകോളേജ്‌ കൊണ്ടുവന്നത്‌. വികസനത്തിന്‌ തേജ്‌പ്രതാപ്‌ വരണമെന്ന്‌ ജനങ്ങൾക്കറിയാം"- ജൻശക്തി ജനതാദളിന്റെ പ്രദേശ്‌ മഹാസചിവ്‌ എന്നവകാശപ്പെട്ട അനിൽചൗധരി ആവേശം കൊണ്ടു. തൊട്ടുപിന്നാലെ കമാൻഡോകളുടെ അകമ്പടിയോടെ കാറിൽ തേജ്‌പ്രതാപിന്റെ ചീറിപ്പാഞ്ഞുള്ള വരവ്‌. അൽപ്പനേരം പ്രവർത്തകർക്കൊപ്പം ചെലവിട്ട ശേഷം വന്ന വേഗതയിൽ അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്‌. "മഹുവയിലെ ജനങ്ങൾ എന്നെ തിരിച്ചുവിളിക്കുകയാണ്‌. മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും അനുഗ്രഹമെനിക്കുണ്ട്‌. അപ്പോൾ ഒരു വെല്ലുവിളിയും വലുതാകില്ല. 2015ൽ ഞാനിവിടെ മെഡിക്കൽ കോളേജ്‌ എത്തിച്ചു. ഇനി എൻജിനിയറിങ്‌ കോളേജ്‌ കൊണ്ടുവരും"- തേജസ്വി പറഞ്ഞു.

മുത്തശ്ശിയുടെ ചിത്രവുമേന്തി പത്രികാസമർപ്പണം

അച്ഛൻ ലാലുപ്രസാദ്‌ യാദവും അമ്മ രാബ്‌റിദേവിയും തൊട്ടയൽപക്കത്ത്‌, പടിഞ്ഞാറൻ രാഘോപൂരിൽ അനുജൻ തേജസ്വിയുടെ പത്രികാസമർപ്പണത്തിന്‌ കൂടെ പോയപ്പോൾ മുത്തശ്ശി (ലാലുവിന്റെ അമ്മ) മരചിയ ദേവിയുടെ ഛായാചിത്രവുമേന്തിയാണ്‌ തേജ്‌പ്രതാപ്‌ പത്രികാസമർപ്പണത്തിനെത്തിയത്‌. അമ്മ രാബ്‌റിദേവി ആശിർവദിക്കുന്നതിന്റെ വീഡിയോ തേജ്‌പ്രതാപ്‌ അനുയായികളുടെ മുന്നിൽ പ്രദർശിപ്പിച്ചു. അനുജത്തി രോഹിണി ആചാര്യ ഇരുവർക്കും ആശംസകൾ നേർന്നു. "എല്ലാ വിജയവും സന്തോഷവും, ഇനിയും തിളങ്ങിക്കൊണ്ടേയിരിക്കട്ടെ"- തേജ്‌പ്രതാപിന്‌ രോഹിണിയുടെ ആശംസ. "ബിഹാർ അതിന്റെ വഴി തിരഞ്ഞെടുത്തിരിക്കുന്നു, തേജസ്വിയുടെ നേതൃത്വത്തിൽ ഇനി പുതിയ ബിഹാർ"- ഇത്‌ തേജസ്വിക്ക്‌.

കാരുറായ്‌ ആർജെഡിക്കാരൻ, പക്ഷേ

കിഴക്കൻ രാഘോപുരിൽ ആർജെഡിക്കായി വീറോടെ നീങ്ങുന്ന കാരുറായ്‌ എന്ന ചെറുപ്പക്കാരനോട്‌ തേജ്‌ പ്രതാപ്‌ മത്സരിക്കുന്നതിനെപ്പറ്റി ചോദിച്ചു: "അതെ, ലാലുജിയുടെ മൂത്ത മകനും ഇളയ മകനും ജയിക്കും." അപ്പോൾ മൂത്തയാൾ പാർട്ടിക്കെതിരല്ലേ കാരുറായിയുടെ മുഖത്ത്‌ ജാള്യത. അബദ്ധം പറ്റിയതാണ്‌. തേജ്‌ പ്രതാപ്‌ ഏത്‌ പാർട്ടിയാണെന്ന്‌ അറിയാതെ ആവേശം കൊണ്ടതായിരുന്നു.

മഴക്കാലത്ത്‌ അരയോളം വെള്ളം

രോസ്‌തംപുർ, ഹേമന്ദ്‌പുർ, ജമാൽപുർ, സർപവാദ്‌, ജമാൽപുർ, ജഫ്രബാദ്‌, കർമോപുർ തുടങ്ങിയ ചെറുഗ്രാമങ്ങൾ കൂടിച്ചേർന്നതാണ്‌ രാഘോപുർ മണ്ഡലം. നാല്‌ ചുറ്റിലും ഗംഗാതടം. വേനലിൽ ഇവിടെ മണ്ണിളക്കി കൃഷി ചെയ്യുന്ന അതിപിന്നാക്ക ജനത. താഴ്‌ന്ന പ്രദേശങ്ങളിലേറെയും ജാടവ്‌, പാസ്വാൻ, ചമാർ പോലുള്ള ദളിത്‌ സമൂഹങ്ങൾ. കന്നുകാലികളെ പോറ്റിയും ചുറ്റുവട്ടത്തെ ഗോതമ്പുപാടങ്ങളിൽ കൃഷി ചെയ്‌തും ജീവിക്കുന്നു. എന്നാൽ മണ്ഡലം പൊതുവെ യാദവ മേൽക്കോയ്‌മയുള്ള മേഖലയാണ്‌. ഇടുങ്ങിയ റോഡുകൾ. ട്രാക്ടറുകളും ഇ-റിക്ഷകളും അപൂർവ്വം ട്രക്കുകളും കാണാം റോഡിൽ. മഴക്കാലത്ത്‌ മൂന്ന്‌ മാസത്തോളം ജീവിക്കാനാവില്ലെന്ന്‌ രോസ്‌തംപുരിലെ ജാടവ്‌ വിഭാഗക്കാരനായ നഹിനാറായ്‌ പറഞ്ഞു. വീട്ടിനകത്ത്‌ വരെയെത്തും വെള്ളം. നല്ല ആശുപത്രിയോ സ്‌കൂളോ ഇല്ല. സ്‌ത്രീകൾക്ക്‌ നിതീഷ്‌ സർക്കാർ നടപ്പാക്കിയ പതിനായിരം രൂപ പദ്ധതിയുടെ ആനുകൂല്യം കിട്ടിത്തുടങ്ങിയതിന്റെ സ്വാധീനം ചില പെണ്ണുങ്ങൾ പ്രകടമാക്കി. "കിട്ടിയ പൈസയ്‌ക്ക്‌ ഇവിടെ ഈ കട തുറന്നു"- സമീപത്തെ തട്ടുകട ചൂണ്ടി, റോഡരികിൽ പച്ചക്കറി വിൽപ്പന നടത്തുന്ന സ്‌ത്രീ പറഞ്ഞു. കടയ്‌ക്കുള്ളിൽ ഭർത്താവുണ്ട്‌. കുറേ പേർ പണിയില്ലാതെ, റോഡരികിലിരുന്ന്‌ ചീട്ടുകളിക്കുന്നു. വെള്ളപ്പൊക്കമുണ്ടായപ്പോൾ തേജസ്വിയെത്തിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായാൽ വല്ലതും നടക്കുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ നാട്ടുകാർ. 31 ശതമാനമാണ്‌ യാദവർ രാഘോപൂരിൽ. 22,000 മുസ്ലിങ്ങളും 40,000 രജ്‌പുതുകളുമുണ്ട്‌. പാസ്വാൻ വിഭാഗത്തിൽ മാത്രം 18000 പേരാണ്‌. മറ്റ്‌ അതിപിന്നാക്കക്കാരെല്ലാം ചേർത്ത്‌ 20 ശതമാനത്തോളമെത്തും. എംവൈ സഖ്യമാണ്‌, എത്രതന്നെ പിന്നോക്കാവസ്ഥയായാലും ആർജെഡിയെ കാക്കുന്ന കരുത്ത്‌. യാദവ-മുസ്ലിം സഖ്യത്തിന്‌ മാത്രം 35 ശതമാനം വോട്ടുണ്ട്‌ മഹുവയിൽ. തേജ്‌പ്രതാപ്‌ ഇതിലെത്ര വിള്ളലുണ്ടാക്കുമെന്നാണ്‌ ചോദ്യം. പട്ടികജാതിക്കാർ 21 ശതമാനം.