
ഗിരിരാജ് സിങ് | X Video Screengrab / @ians_india
ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭൂരിപക്ഷം സീറ്റുകളിൽ എൻഡിഎ മുന്നിട്ടുനിൽക്കുന്നതിനിടെ തങ്ങളുടെ അടുത്ത ലക്ഷ്യം പശ്ചിമ ബംഗാളാണെന്ന് പ്രസ്താവിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.
“ഒരു അരാജകത്വ സർക്കാർ വേണ്ടെന്ന് ബിഹാർ തീരുമാനിച്ചിരുന്നു. ബിഹാറിലെ യുവജനങ്ങൾ ബുദ്ധിയുള്ളവരാണ്. ഇത് വികസനത്തിന്റെ വിജയമാണ്. ഞങ്ങൾ ബിഹാർ പിടിച്ചു. ഇനി ബംഗാളിന്റെ ഊഴമാണ്”, കേന്ദ്രമന്ത്രി പറഞ്ഞു. അരാജകത്വത്തിന്റെയോ അഴിമതിയുടെയോ കൊള്ളയുടെയോ ഒരു സർക്കാരിനെ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ ബിഹാറിൽ വ്യക്തമായിരുന്നുവെന്നും സിങ് കൂട്ടിച്ചേർത്തു.
"ജനങ്ങൾ തിരഞ്ഞെടുത്തത് സമാധാനവും നീതിയും വികസനവുമാണ്. ഇന്നത്തെ യുവതലമുറ ആ പഴയ കാലം കണ്ടിട്ടില്ലെങ്കിലും, അവരുടെ മുതിർന്നവർ കണ്ടിട്ടുണ്ട്. തേജസ്വി യാദവ് കുറച്ചുകാലം സർക്കാരിൽ ഉണ്ടായിരുന്നപ്പോൾ പോലും, ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങൾ ആളുകൾ കണ്ടതാണ്", അദ്ദേഹം പറഞ്ഞു.
ലഭ്യമായ ലീഡ് നില അനുസരിച്ച്, 243 അംഗ ബിഹാർ നിയമസഭയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 122 സീറ്റെന്ന ഭൂരിപക്ഷ കടമ്പ കടന്നിരിക്കുകയാണ്. നിലവിൽ 183 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ടുനിൽക്കുന്നത്. തേജസ്വി യാദവിൻ്റെ ആർജെഡി നയിക്കുന്ന പ്രതിപക്ഷമായ മഹാസഖ്യം 55 സീറ്റുകളിൽ മുന്നിലാണ്.
ഭരണകക്ഷിയായ എൻഡിഎ സംസ്ഥാനത്ത് അധികാരം നിലനിർത്തുമെന്നും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നു. ഒമ്പത് എക്സിറ്റ് പോളുകളുടെ സംഗ്രഹം സൂചിപ്പിക്കുന്നത് ഭരണകക്ഷിയായ എൻഡിഎക്ക് 147 സീറ്റും മഹാസഖ്യത്തിന് 90 സീറ്റും ലഭിക്കുമെന്നായിരുന്നു. എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങളെയും മറികടക്കുന്ന മുന്നേറ്റമാണ് എൻഡിഎ നടത്തിയത്. ആർജെഡിക്ക് 75-ൽ നിന്ന് 57-നും 69-നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ നിലവിലെ രീതിയിൽ ഇതിന് സാധ്യത കുറവാണ്.
Content Highlights: NDA leading in Bihar elections as vote counting continues. Union Minister Giriraj Singh declares Bengal as the next target after a decisive win in Bihar.
Published: 14 Nov 2025, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented