
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വിജയം ആഘോഷിക്കുന്നതിനിടെ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ചോട്ടു സിങ്, നിതീഷ് കുമാറിന്റെ പോസ്റ്ററിന് മധുരം നല്കുന്നു | Photo: ANI
പട്‌ന: ബിഹാറില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും വെല്ലുന്ന പ്രകടനമാണ് എന്‍ഡിഎ കാഴ്ചവെച്ചത്. മഹാവിജയത്തിന്റെ കേന്ദ്രബിന്ദു നിതീഷ് കുമാര്‍ തന്നെയാണെങ്കിലും എന്‍ഡിഎയുടെ വമ്പന്‍ മുന്നേറ്റത്തിനിടെ ജെഡിയു തങ്ങളുടെ ഔദ്യോഗിക പേജില്‍ നിന്ന് മുക്കിയ ഒരു പോസ്റ്റ് സോഷ്യലിസ്റ്റ് നേതാവിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
തിരഞ്ഞെടുപ്പിന് മുമ്പ്, നിതീഷിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ മുഖ്യമന്ത്രി പദത്തില്‍ പത്താം അവസരം ലക്ഷ്യമിടുന്ന ജെഡിയു അധ്യക്ഷന്‍ മുഖ്യമന്ത്രിയാകുമെന്ന് പക്ഷേ ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെയാണ് 'നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി തുടരും' എന്ന് വെള്ളിയാഴ്ച ജെഡിയു എക്‌സില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആ പോസ്റ്റിന് മിനിറ്റുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്നു തന്നെ ആ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. ഇത് സോഷ്യല്‍ മീഡിയയില്‍ പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചു.
തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ പ്രകടനമാണ് ഊഹാപോഹങ്ങള്‍ക്ക് പിന്നില്‍. നിലവില്‍ 90 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ് ബിജെപി. ജെഡിയു ആകട്ടെ 83 സീറ്റുകളുമായി കഴിഞ്ഞ തവണത്തെ മോശം പ്രകടനം മറികടന്നിട്ടുമുണ്ട്. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നത് ബിജെപിക്ക് മേല്‍ക്കോയ്മ നല്‍കുന്ന കാര്യമാണ്.
മഹാരാഷ്ട്രയിലെന്നപോലെ, തങ്ങളുടെ നേതാക്കളിലൊരാളെ അധികാരത്തില്‍ പ്രതിഷ്ഠിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. 2024-ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍, ശിവസേനയുടെ ഏക്നാഥ് ഷിന്‍ഡെയെ മുന്‍നിര്‍ത്തി ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍, തിരഞ്ഞെടുപ്പിലെ ബിജെപി പുലര്‍ത്തിയ ആധിപത്യം മുഖ്യസ്ഥാനം ദേവേന്ദ്ര ഫഡ്നാവിസിന് ലഭിക്കാന്‍ കാരണമായി. സമാന സാഹചര്യമാണ് പലരും ബിഹാറിലും ചൂണ്ടിക്കാട്ടുന്നത്.
ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരി ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ പേരുകാരിൽ ഒരാളാണ്. സംഘടനാ വൈദഗ്ധ്യവും ബിഹാര്‍ രാഷ്ട്രീയത്തിലെ പരിചയവും ചൗധരിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പിന് വളരെ മുമ്പുതന്നെ ബിജെപി തങ്ങളുടെ മനസിലിരിപ്പ് വ്യക്തമാക്കിയതാണ്. ബിഹാര്‍ എന്‍ഡിഎയിലെ വലിയവരെന്നാണ് ജെഡിയു സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ബിജെപി തങ്ങളുടെ കാര്‍ഡ് കൃത്യമായി ഉപയോഗിച്ചു. സീറ്റുകള്‍ തുല്യമായാണ് വീതിച്ചത്. ഇരു പക്ഷവും 101 സീറ്റുകളില്‍ വീതമാണ് ഇത്തവണ മത്സരിച്ചത്. സഖ്യത്തില്‍ തങ്ങളുടെ അധികാരം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമായാണ് ഇത് വിലയിരുത്തപ്പെട്ടത്.
എന്നിരുന്നാലും 20 വര്‍ഷം ബിഹാറിലെ മുഖ്യമന്ത്രിക്കസേരയിലിരുന്ന നിതീഷ്, താന്‍ ഇപ്പോഴും ശക്തനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഈ വസ്തുത അവഗണിക്കാന്‍ ബിജെപിക്കാവില്ല. സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലും പിന്നാക്ക വിഭാഗങ്ങള്‍ക്കിടിയിലുമുള്ള നിതീഷിന്റെ സ്വാധീനമാണ് ഇത്തവണ എന്‍ഡിഎയുടെ വന്‍ വിജയത്തിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. എല്ലാ കണ്ണുകളും ഇനി തിരഞ്ഞെടുപ്പിന് ശേഷമുള്ള തന്ത്രങ്ങളിലേക്കും ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയായി ആരാകും എന്നതിലേക്കും ആയിരിക്കും.
അധികാരത്തിന്റെ കാല്‍നൂറ്റാണ്ടിലേക്ക് നിതീഷ്
കഴിഞ്ഞ തവണത്തെ മോശം പ്രകടനം മറികടക്കുന്ന പ്രകടനവുമായി ജെഡിയു കളംനിറയുമ്പോള്‍ നിതീഷ് തന്നെയാണ് ശ്രദ്ധാകേന്ദ്രം. നിതീഷിന്റെ നായകത്വത്തെ ബിഹാര്‍ ജനത അടിവരയിട്ട് അംഗീകരിച്ചെന്നു വേണം കരുതാന്‍. അങ്ങനെവന്നാല്‍ മുഖ്യമന്ത്രിപദത്തില്‍ കാല്‍നൂറ്റാണ്ട് എന്ന നാഴികക്കല്ലിലേക്കാണ് നിതീഷിന്റെ നോട്ടം. ബിഹാറിലെ വിജയത്തിളക്കത്തില്‍ നിതീഷ് തന്നെ ബിഹാര്‍ മുഖ്യമന്ത്രി പദത്തിലെത്തുമെന്നാണ് വിലയിരുത്തല്‍ അങ്ങനെ വന്നാല്‍ രണ്ട് ഉപമുഖ്യമന്ത്രി പദങ്ങളിലേക്ക് ബിജെപി അവകാശവാദം ഉന്നയിച്ചേക്കും. മറ്റ് കക്ഷികളെ ഒപ്പം ചേര്‍ത്ത് മുഖ്യമന്ത്രി പദത്തില്‍ ബിജെപി അവകാശമുന്നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാല്‍ തന്നെ കേന്ദ്രത്തില്‍ 12 ജെഡിയു എംപിമാരുടെ പിന്തുണയുള്ള ബിജെപി നിതീഷിനെ പിണക്കാനും സാധ്യതയില്ല.
Content Highlights: Explore the ongoing debate on who will be Bihar`s next Chief Minister. Uncover why JDU deleted a key post & if Nitish Kumar is nearing a quarter-century in power.
Published: 14 Nov 2025, 06:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented