ന്യൂഡൽഹി: യമുനാനദിയിൽ ഹരിയാണ സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. വിഷയത്തിൽ കെജ്രിവാൾ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും കൂടുതൽ വ്യക്തതവേണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
യമുനയിൽ ഹരിയാണ വ്യാവസായികമാലിന്യം തള്ളുന്നുവെന്നും വെള്ളത്തിലെ അമോണിയത്തിന്റെ അളവ് ശുദ്ധീകരിക്കാനാകുന്നതിലും കൂടുതലാണെന്നുമായിരുന്നു കെജ്രിവാളിന്റെ മറുപടി. എന്നാൽ, വെള്ളത്തിൽ അമോണിയ കലർന്നിരിക്കുന്ന വിഷയം ഏറെനാളായി ചർച്ചയിലുള്ളതാണെന്നും നദിയിൽ വിഷംകലർത്തിയെന്നതിനുള്ള തെളിവുവേണമെന്നുമാണ് കമ്മിഷൻ അറിയിച്ചത്. എന്തുവിഷമാണ് കലർത്തിയതെന്നതിന്റെ വിശദാംശങ്ങളും ശാസ്ത്രീയതെളിവുകളും വെള്ളിയാഴ്ചയ്ക്കകം നൽകണമെന്നും ആവശ്യപ്പെട്ടു.
വീണ്ടും നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയം കളിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. യമുനാനദിയിലെ വെള്ളത്തിന് കുഴപ്പമൊന്നുമില്ലെങ്കിൽ അതു പരസ്യമായി കുടിക്കാൻ ബി.ജെ.പി. നേതാക്കളെയും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെയും കെജ്രിവാൾ വെല്ലുവിളിച്ചു. യമുനയിലെ വെള്ളംനിറച്ച കുപ്പികളുമായി ബി.ജെ.പി. ആസ്ഥാനത്തേക്ക് പ്രതിഷേധമാർച്ച് നടത്തിയ എ.എ.പി. നേതാക്കളെ പോലീസ് തടഞ്ഞു. തിരഞ്ഞെടുപ്പിൽ ജയിക്കാൻ കെജ്രിവാൾ ബി.ജെ.പി.ക്കുനേരേ അടിസ്ഥാനമില്ലാത്ത ആരോപണമുയർത്തുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ആരോപിച്ചു. ബി.ജെ.പി. അധികാരത്തിൽവന്നാൽ മൂന്നുവർഷത്തിനുള്ളിൽ യമുന വൃത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ബി.ജെ.പി. പ്രചാരണത്തിൽ പറഞ്ഞു.
Content Highlights: AAP leader Kejriwal faces Election Commission notice for accusing Haryana govt of polluting Yamuna
Published: 31 Jan 2025, 02:20 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented