
കശ്മീരിലെ ഏറ്റവും പഴയ നഗരപ്രദേശമായ ബീര്‍വായിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയഗതി നിശ്ചയിക്കുന്നതില്‍ പ്രധാനം വിഘടനവാദ നേതാവ് സര്‍ജന്‍ ബര്‍ഖാത്തിയുടെ രംഗപ്രവേശമാണ്. ജയിലില്‍ കിടന്ന് മത്സരിച്ച് ലോക്സഭാംഗമായ എഞ്ചിനീയര്‍ റഷീദിന്റെ രീതി പിന്തുടര്‍ന്ന് ജയിലില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി സര്‍ജന്‍ ബര്‍ഖാത്തി ബീര്‍വായില്‍ മാത്രമല്ല, തൊട്ടടുത്ത ഗന്ദര്‍ബാലിലും മത്സരിക്കുന്നുണ്ട്.
ദക്ഷിണ കാശ്മീര്‍ ജില്ലകളായ ഷോപ്പിയാന്‍,കുല്‍ഗാം മേഖലകളില്‍ സ്വാധീനമുള്ള സര്‍ജന്‍ ബര്‍ഖാത്തി ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ 2023 മുതല്‍ ജയിലിലാണ്. ഭാര്യ ഷബ്രോസ ബാനുവും ശ്രീനഗര്‍ ജയിലിലുണ്ട്.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണി 2016 ല്‍ കൊല്ലപ്പെട്ടപ്പോള്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടാണ് സര്‍ജന്‍ ബര്‍ഖാത്തിയുടെ തുടക്കം. 90 പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷങ്ങളുടെ സൂത്രധാരന്‍ എന്ന് സംശയിക്കപ്പെടുന്ന ബര്‍ഖാത്തിയെ 2016 ഒക്ടോബറിലാണ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2020 ല്‍ വിട്ടയച്ചു. എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം ചെയ്തു എന്ന കേസില്‍ 2023 ല്‍ വീണ്ടും അറസ്റ്റ് ചെയ്തു. തൊട്ടു പിന്നാലെ ഭാര്യ ഷബ്രോസ ബാനുവിനെയും. മുദ്രാവാക്യങ്ങള്‍ മെനയുന്നതിലും ഉയര്‍ത്തുന്നതിലും സമര്‍ഥനായ ബര്‍ഖാത്തിയുടെ പേരില്‍ 30 കേസുകള്‍ ജമ്മുകശ്മീര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആസാദി ചാച്ച എന്ന് അണികള്‍ വിളിക്കുന്ന സര്‍ജന്‍ ബര്‍ഖാത്തിക്കായി രണ്ട് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രചരണം നയിക്കുന്നത് പതിനേഴുകാരിയായ മകള്‍ സുഗ്ര ബര്‍ഖാത്തിയും പതിനൊന്നുകാരനായ മകന്‍ അസാന്‍ ബര്‍ഖാത്തിയുമാണ്. ബര്‍ഖാത്തിക്കായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതും സുഗ്ര തന്നെ. സെയ്ന്‍പൂര്‍ മണ്ഡലത്തിലായിരുന്നു ആദ്യം പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക തള്ളി. ഇതേത്തുടര്‍ന്ന് ഗന്ദര്‍ബാലിലും ബീര്‍വായിയിലും പത്രിക സമര്‍പ്പിച്ചു. ഇവ സ്വീകരിച്ചു.
നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള മത്സരിക്കുന്ന മണ്ഡലമാണ് ഗന്ദര്‍ബാല്‍. അതിനാല്‍, സര്‍ജന്‍ ബര്‍ഖാത്തിയുടെ രംഗപ്രവേശം ഒമറിന്റെ വോട്ട് ചോര്‍ത്തുന്നത് ലക്ഷ്യമിട്ട് ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന ആരോപണം ഇന്ത്യാ സഖ്യം ഉയര്‍ത്തുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എഞ്ചിനീയര്‍ റഷീദ് തനിക്കെതിരെ മത്സരിച്ച അനുഭവം ചൂണ്ടിക്കാട്ടി, ജയിലില്‍ കിടക്കുന്നവര്‍ തനിക്കെതിരെ മാത്രം മത്സരിക്കുന്നതെന്തിനാണെന്ന് ഒമര്‍ ചോദിക്കുന്നു. എഞ്ചിനീയര്‍ റഷീദിന്റെ പാര്‍ട്ടിയുടെ പിന്തുണ ബര്‍ഖാത്തിക്കുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിവൈകാരികത ഉയര്‍ത്തിവിട്ടാണ് പിതാവിനായി മകള്‍ സുഗ്ര ബര്‍ഖാത്തിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. വാഹനത്തിന് മുകളില്‍ കയറി നിന്ന് പ്രസംഗിക്കുന്ന സ്ഥാനാര്‍ഥികളുടെ പതിവ് രീതി വിട്ട്, ആള്‍ക്കൂട്ടത്തിലെ സ്ത്രീകള്‍ക്കിടയിലേക്കിറങ്ങിച്ചെന്ന് സുഗ്ര സംസാരിക്കുന്നു. കരഞ്ഞു കൊണ്ട് മുദ്രാവാക്യം മുഴക്കുന്നു. മാതാപിതാക്കള്‍ ജയിലിലായതിന് ശേഷമുള്ള ജീവിതം സുഗ്ര വിശദീകരിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് സ്ത്രീകള്‍.
പ്രചരണത്തിനിടയില്‍ സുഗ്ര, ബീര്‍വായിയുടെ ഉള്‍പ്രദേശമായ ധര്‍മുവില്‍ വച്ച്, കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകന് നൽകിയ അഭിമുഖം
തിരഞ്ഞെടുപ്പിലൂടെ എന്താണ് ലക്ഷ്യമിടുന്നത് ?
- ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. പ്രശ്നങ്ങള്‍ മൂലം പത്താം ക്ലാസ്സ് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. ഞാന്‍ പഠിത്തം ഉപേക്ഷിച്ചു. അതിന് ശേഷം ഞാന്‍ നിരവധി രാഷ്ട്രീയ നേതാക്കളെ കണ്ട് സഹായം അഭ്യര്‍ഥിച്ചു. എന്റെ പിതാവിനെ പുറത്തു കൊണ്ടു വരാന്‍ സഹായം ചോദിച്ചു. ഒരു സഹായവും ഉണ്ടായില്ല.ഈ അനുഭവം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുത്. ഞാന്‍ പിതാവിനെ ജയിലില്‍ പോയി കണ്ടു. തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ഞാനാണ് അഭ്യര്‍ഥിച്ചത്. എഞ്ചിനീയര്‍ റഷീദിനെ ജയിലില്‍ നിന്ന് പുറത്തു വന്നു. അതുപോലെ എന്റെ മാതാപിതാക്കളും ജയിലില്‍ നിന്ന് പുറത്തു വരണം. അതിനാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പിതാവിനോട് ഞാന്‍ പറഞ്ഞത്.

ബി.ജെ.പിയുടെ തന്ത്രമാണ് ഈ മത്സരത്തിന് പിന്നിലെന്ന് ആരോപണമുണ്ടല്ലോ ?
-പതിനാറ് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ബി.ജെ.പിയുടെ ഏജന്റാണോ. 11 വയസ്സ് മാത്രമുള്ള എന്റെ സഹോദരന്‍ ബി.ജെ.പി ഏജന്റാണോ. ഞങ്ങള്‍ ഞങ്ങളുടെ മാതാപിതാക്കളുടെ മോചനത്തിന് വേണ്ടി പോരാടുന്നവരാണ്. ഞങ്ങള്‍ ആരുടെയും ഏജന്റല്ല. എനിക്ക് ഒരു നേതാവും പിന്തുണ നല്‍കിയിട്ടില്ല. ജയിലിലടച്ച യുവാക്കളെ മുഴുവന്‍ പുറത്ത് കൊണ്ടുവരികയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
അനുച്ഛേദം പിന്‍വലിച്ചതൊക്കെ പ്രചരണ വിഷയമാണോ ?
-അനുച്ഛേദത്തെക്കുറിച്ച് ഞാന്‍ കാര്യമായി പഠിച്ചിട്ടില്ല. പത്താം ക്ലാസ് വരെ മാത്രം പഠിച്ച കുട്ടിയാണ് ഞാന്‍. എന്റെ ആവശ്യം എന്റെ മാതാപിതാക്കളെ പുറത്തു വിടണം എന്നതാണ്. അതിനപ്പുറം എനിക്കൊന്നും അറിയില്ല.
Content Highlights: Kashmir Election: Jailed Leader Sarjan Barkati's Daughter Campaigns for father
Published: 06 Oct 2024, 06:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented