ഷെയ്ഖ് അബ്ദുള്ള, മകന്‍ ഫാറൂഖ് അബ്ദുള്ള, ഫാറൂഖ് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ള, ഒമറിന്റെ മക്കളായ സഹീര്‍ അബ്ദുള്ളയും സമീര്‍ അബ്ദുള്ളയും - നാല് തലമുറ അബ്ദുള്ളമാരുടെ രാഷ്ട്രീയ-ഭരണത്തുടര്‍ച്ചകള്‍ ജമ്മു കശ്മീരിന്റെ അധികാരകഥയുടെ അവിഭാജ്യ അധ്യായങ്ങളാണ്. 1948 മുതല്‍ ഭരണപക്ഷത്തോ പ്രതിപക്ഷത്തോ അബ്ദുള്ള കുടുംബമില്ലാത്ത രാഷ്ട്രീയം ജമ്മു കശ്മീരിന് പരിചിതമല്ല.

To advertise here,

1930-കളില്‍ ഷെയ്ഖ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ആരംഭിച്ച  ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറൻസ് പാര്‍ട്ടിയുടെ (എൻ.സി) ഏറ്റവും പുതിയ മുഖങ്ങള്‍ ഒമര്‍ അബ്ദുള്ളയുടെ മക്കള്‍ സഹീറും സമീറുമാണ്.ഇരുവരും ഇക്കുറി സ്ഥാനാര്‍ഥികളല്ലെങ്കിലും രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായ ഒമറിന്റെ തിരഞ്ഞെടുപ്പ്  പ്രചരണങ്ങളില്‍ നിറഞ്ഞ് നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാഠശാലയാക്കുകയാണ്. ഒമറിന്റെ പിതാവ് ഫാറൂഖ് അബ്ദുള്ളയും തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവം.

placeholder
 സഹീറും സമീറും (വെള്ള ഷർട്ട് ധരിച്ചവർ) ഒമര്‍ അബ്ദുള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

പത്ത് വര്‍ഷം മുമ്പ് കൈവിട്ടു പോയ  ജമ്മു കശ്മീര്‍ ഭരണം തിരിച്ചു പിടിക്കാന്‍ സകല ആയുധങ്ങളുമെടുത്തുള്ള പോരാട്ടത്തിലാണ് നാഷണല്‍ കോണ്‍ഫറൻസ് ഇക്കുറി. ഗന്ദര്‍ബാലിലും തൊട്ടടുത്തുള്ള ബദ്ഗാമിലുമാണ് ഒമര്‍ അബ്ദുള്ള മത്സരിക്കുന്നത്. രണ്ടിടത്തും വിജയം അനായാസമല്ല. കടുത്ത മത്സരം. അതിനാല്‍  ഒമറിനും സംഘത്തിനും വിശ്രമമില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുള്ള മണ്ഡലത്തില്‍ ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്ക് ഏറ്റുവാങ്ങിയ പരാജയത്തിന്റെ ക്ഷീണം മറികടന്ന് ഒമറിന് ഇത്തവണ ജയിച്ചേ മതിയാകൂ. ഒമറിന്റെ ജയം നാഷണല്‍ കോണ്‍ഫറൻസിനും ഇന്ത്യാ സഖ്യത്തിനും മാത്രമല്ല,അബ്ദുള്ള കുടുംബത്തിനും അനിവാര്യമാണ്.

placeholder
ചിത്രം: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

രണ്ട് മണ്ഡലങ്ങളിലും പി.ഡി.പി. സ്ഥാനാര്‍ഥികള്‍ക്ക് പുറമെ പ്രാദേശിക സ്വാധീനമുള്ള സ്വതന്ത്ര സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ട്. ജയിലില്‍ കിടക്കുന്ന വിഘടന വാദി നേതാവ് സര്‍ജന്‍ അഹമ്മദ് വാഗെ എന്ന സര്‍ജന്‍ ബര്‍കാത്തി ഗന്ദര്‍ബാലില്‍ മത്സര രംഗത്തുണ്ട്.ബര്‍കാത്തിക്ക് എഞ്ചിനീയര്‍ റാഷിദിന്റെ അവാമി ഇത്തിഹാദെ പാര്‍ട്ടിയും അല്‍താഫ് ബുഖാരിയുടെ അപ്‌നി പാര്‍ട്ടിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ രഹസ്യപിന്തുണ ഈ നീക്കങ്ങളിലുണ്ടെന്നാണ് എന്‍.സിയുടെയും ഒമറിന്റേയും ആരോപണം.

നാഷണല്‍ കോണ്‍ഫറന്‍സിന്  ഗന്ദര്‍ബാലില്‍ വേരുകളുണ്ടെങ്കിലും എതിരാളി പി.ഡി.പിയുടെ സ്ഥാനാര്‍ഥി ബഷീര്‍ മിര്‍ സ്വാധീനമുള്ള നേതാവാണ്.സിന്ധു നദിയിലെ വെള്ളപ്പൊക്ക സമയത്ത് നിരവധി പേരെ രക്ഷിച്ച മിറിന് നായക പരിവേഷവുമുണ്ട്. എന്നാല്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍  താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് ഒമറിന്റെ തുറുപ്പുചീട്ട്. ജയസാധ്യതയില്‍ പിരിമുറുക്കമേറിയപ്പോള്‍ പ്രചരണ വേദികളില്‍ വൈകാരികതയുടെ കാര്‍ഡുകളും ഒമര്‍ പുറത്തെടുക്കുന്നുണ്ട്. വോട്ടര്‍മാരോട് ഒമര്‍ പറയുന്നു: 'എന്റെ അഭിമാനം നിങ്ങളുടെ കൈകളിലാണ്.'

placeholder
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള തൻ്റെ പാർട്ടി സ്ഥാനാർത്ഥി തൻവി അലി സാദിഖിന് വേണ്ടി സാദിബാൽ അസംബ്ലി മണ്ഡലത്തിൽ ലോകപ്രശസ്ത ദൾ മോത്തി മൊഹല്ലയിലേക്ക് സ്പീഡ് ബോട്ട് ഓടിച്ചപ്പോൾ | ചിത്രം: പി.ജി, ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ഗന്ദര്‍ബാലിലും ബദ്ഗാമിലും റാലികളും റോഡ്‌ഷോകളും ഇടമുറിയാതെ നടത്തുന്നതിനിടയില്‍ ഞായറാഴ്ച പകല്‍ ശ്രീനഗറിന്റെ ജലമുദ്രയായ ദാല്‍ തടാകത്തെ ഇളക്കിമറിച്ച് പ്രചാരണവുമായി ഒമറും അണികളുമെത്തി. നാഷണല്‍ കോണ്‍ഫ്രന്‍സിന്റെ ചുവപ്പ് കൊടി പതിപ്പിച്ച, കശ്മീരിന്റെ പരമ്പരാഗത യാത്രാ യാനങ്ങളായ ഷിക്കാരകള്‍ അണിനിരന്നപ്പോള്‍ ദാല്‍ തടാകം ചുവന്നു. ഷിക്കാരയുടെ മുന്‍നിരയില്‍ പാര്‍ട്ടിപതാകയുമായി ഒമര്‍, പിന്നാലെ മുദ്രാവാക്യം മുഴക്കി ഇരുപതോളം ഷിക്കാരകളില്‍ അണികള്‍.

ഇടവേളയില്‍ തടാകത്തിന് നടുവിലെ ചാര്‍ ചിനാര്‍ തുരുത്തില്‍ അല്‍പ നേരം നിന്നു. അവിടെ വച്ച് മാധ്യമങ്ങളെ കണ്ടു. പിന്നീട് ദാല്‍ തടാകത്തില്‍ സ്പീഡ് ബോട്ട്‌ സ്വയം ഓടിച്ച് അണികളില്‍  ആവേശമുയര്‍ത്തി ഒമര്‍ മടങ്ങി.

  • തുക്കുസഭയാണ് തിരഞ്ഞെടുപ്പിന് ശേഷം വരികയെന്ന് പ്രചരണമുണ്ടല്ലോ. എന്ത് പറയുന്നു?

ബി.ജെ.പിയുടെ ആഗ്രഹം തുക്കുസഭയാണ്. ഗവര്‍ണര്‍ ഭരണം തുടരുകയെന്നതാണ് അവരുടെ ലക്ഷ്യം. വോട്ടിങ് യന്ത്രത്തില്‍ എന്താണ് ചെയ്ത് വച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഞങ്ങള്‍ നിത്യവും ജനങ്ങളെ കേള്‍ക്കുന്നവരാണ്.ഞങ്ങള്‍ എന്‍.സിയും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഞങ്ങള്‍ സഖ്യമുണ്ടാക്കി. തിരഞ്ഞെടുപ്പിന് ശേഷം സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ ജയിക്കും.

placeholder
ഒമർ അബ്ദുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്പീഡ് ബോട്ട് ഓടിക്കുന്നു, ഒമർ അബ്ദുള്ള കാശ്മീരിലെ ദാൽ തടാകത്തിൽ നടത്തിയ ഷിക്കാര റാലി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ സംഘത്തിൽ ലേഖകൻ | ചിത്രം: പി.ജെ. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
  • കുടുംബ വാഴ്ച അവസാനിപ്പിക്കുമെന്നാണല്ലോ ബി.ജെ.പി. അവകാശപ്പെടുന്നത്?

അഞ്ച് വര്‍ഷം ഭരിച്ചു കഴിഞ്ഞിട്ടും ബി.ജെ.പിക്ക് അവകാശപ്പെടാന്‍ ഒന്നുമില്ല. അതിനാല്‍ ഇത്തരം പ്രചരണം നടത്തുന്നു. ഞങ്ങള്‍ ജനങ്ങളില്‍  വിശ്വസിക്കുന്നു. അവര്‍ വോട്ട് ചെയ്യും.ഞങ്ങള്‍ ജയിക്കും.

  • കശ്മീരില്‍ ബി.ജെ.പി. കാര്യമായി പ്രവര്‍ത്തിക്കുന്നില്ലല്ലോ?

കശ്മീരില്‍ ബി.ജെ.പിക്ക് ഒന്നും ചെയ്യാനില്ല.അവര്‍ക്ക് ഒരു സീറ്റ് പോലും അവകാശപ്പടാനില്ല.അതിനാല്‍ പ്രോക്‌സി സ്ഥാനാര്‍ഥികളെ രംഗത്തിറക്കി വിജയിക്കാന്‍ ശ്രമിക്കുകയാണ്.ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.