ന്യൂഡൽഹി: ഹരിയാണാ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കുന്നത് 51 വനിതാസ്ഥാനാർഥികൾ മാത്രം. 1966 മുതൽ ഇന്നുവരെ 87 വനിതകൾ മാത്രമാണ് ഹരിയാണയിൽ നിയമസഭാംഗങ്ങളായത്. ഒരു വനിതാ മുഖ്യമന്ത്രിപോലുമുണ്ടായിട്ടില്ല. ഇത്തവണ കോൺഗ്രസ് 12 വനിതകളെയാണ് സ്ഥാനാർഥികളാക്കിയിട്ടുള്ളത്. ഭരണകക്ഷിയായ ബി.ജെ.പി. പത്തുപേരെയും.

To advertise here,

ഐ.എൻ.എൽ.ഡി.-ബി.എസ്.പി. സഖ്യം 11 വനിതകളെയും ജെ.ജെ.പി.-ആസാദ് സമാജ് പാർട്ടി സഖ്യം എട്ട് വനിതകളെയും എ.എ.പി. പത്ത് വനിതകളെയുമാണ് സ്ഥാനാർഥികളാക്കിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 104 വനിതാ സ്ഥാനാർഥികൾ മത്സരിച്ചപ്പോൾ 2014-ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർഥികൾ ഉൾപ്പെടെ 116 വനിതാ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നു. 2014-ൽ മത്സരിച്ച വനിതാ സ്ഥാനാർഥികളിൽ 13 പേരും 2019-ൽ മത്സരിച്ച ഒൻപത് പേരും മാത്രമാണ് വിജയിച്ചത്.

ഗുസ്തി താരം വിനേഷ് ഫോഗട്ട്, കേന്ദ്രമന്ത്രി റാവോ ഇന്ദർജീത് സിങ്ങിന്റെ മകൾ ആരതി റാവോ, മുൻ ഹരിയാണ മുഖ്യമന്ത്രി ബൻസി ലാലിന്റെ മരുമകൾ ശ്രുതി ചൗധരി, മുൻ ഹരിയാണ മന്ത്രി ഗീത ഭുക്കൽ, സാവിത്രി ജിൻഡാൽ, കവിത ദലാൽ തുടങ്ങിയവരാണ് ഇത്തവണ വനിതാ സ്ഥാനാർഥികളുടെ പട്ടികയിലുള്ളത്.