ജലന്ധര്‍: പഞ്ചാബിലിപ്പോള്‍ കരിമ്പിന്റെ കാലമാണ്. കണ്ണെത്താ ദൂരത്തോളം കടലായിക്കിടക്കുന്ന കരിമ്പുപാടങ്ങളില്‍ വിളവെടുപ്പുകാലം. ഉള്‍നാടന്‍ റോഡുകള്‍ മുതല്‍ ദേശീയ പാതകളില്‍ വരെ കരിമ്പ് നിറച്ച ട്രാക്ടറുകളാണ്.  

To advertise here,

placeholder
റോഡരികിലെങ്ങും കരിമ്പ് ജൂസ് വിതരണക്കാരും നിരന്നു കഴിഞ്ഞു. സിഖ് സമുദായക്കാരുടെ ലങ്കറുകളിലും (സൗജന്യ ഭക്ഷണ വിതരണം) കരിമ്പ് ജ്യൂസ് സ്ഥാനം പിടിച്ചു. പഞ്ചാബില്‍ ഏതാണ്ട് 2.35 ലക്ഷം ഏക്കറോളം സ്ഥലത്ത് കരിമ്പ് കൃഷിയുണ്ട്. അതില്‍ 70 ശതമാനവും 2005 മുതല്‍ കൃഷിചെയ്തുവരുന്ന സി.ഒ.0238 എന്ന ഇനമാണ്. എന്നാല്‍ തുടക്കത്തില്‍ നല്ല വിളയും ലാഭവും നല്‍കിയിരുന്ന ഈ ഇനം പിന്നീട് രോഗബാധയുടെ പിടിയിലായി. 

എട്ട് അടിവരെ ഉയരത്തില്‍ വളരുന്ന കരിമ്പായതിനാല്‍ അതിന് മുകളില്‍ മരുന്നടിക്കലും പ്രായോഗികമല്ലാത്തത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ഇതോടെ, ഈ വിഭാഗം കരിമ്പിനെ പരമാവധി 40 ശതമാനം സ്ഥലത്ത് മാത്രമാക്കി നിലനിര്‍ത്തിക്കൊണ്ട് ബാക്കിസ്ഥലങ്ങളില്‍ മറ്റിനങ്ങള്‍ പരീക്ഷിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. 

 

അത് വിജയംകണ്ടാല്‍ കരിമ്പ് കര്‍ഷകര്‍ക്ക് മധുരിക്കുന്ന അനുഭവമാകും. എന്നാല്‍ കരിമ്പ് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. വിപണനത്തിലെ പ്രതിസന്ധികളാണ് അവരെ അലട്ടുന്നത്. സര്‍ക്കാര്‍ മില്ലുകള്‍ക്ക് കരിമ്പ് വിറ്റാല്‍ പണം ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് ലുധിയാനക്ക് അടുത്തുള്ള ഗ്രാമത്തില്‍ കരിമ്പ് കൃഷി ചെയ്യുന്ന കര്‍ത്താര്‍ സിങ് പറഞ്ഞു.

ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരേയാണ് പഞ്ചാബില്‍ കരിമ്പിന്റെ വിളവെടുപ്പുകാലം. ഇക്കുറിയത് തിരഞ്ഞെടുപ്പിന്റെ കാലംകൂടിയായതോടെ പ്രചാരണയോഗങ്ങളിലും റാലികളിലും കരിമ്പ് ജ്യൂസിന് സ്ഥാനംലഭിക്കുന്നുണ്ട്.  മാര്‍ച്ച് പത്തിന് വോട്ടെണ്ണുമ്പോള്‍, പഞ്ചാബില്‍ അധികാരത്തിന്റെ മധുരക്കരിമ്പ് നുകരാന്‍ ആര്‍ക്കാകും ഭാഗ്യമുണ്ടാവുക എന്നാണ് ഇനിയറിയാനുള്ളത്