കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് 10-ന് വൈകീട്ട് അഞ്ചിനകം അടയ്ക്കണം. ഓൺലൈനായോ തിരഞ്ഞെടുത്ത ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടയ്ക്കാം. ഫീസ് ആനുകൂല്യത്തിന് അർഹരായ വിദ്യാർഥികൾ കമ്മിഷണർക്കുള്ള ഫീസ് അടയ്ക്കേണ്ടതില്ല. ഇത്തരം വിദ്യാർഥികൾക്ക് സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് സീറ്റിലാണ് അലോട്ട്മെന്റ് ലഭിച്ചതെങ്കിൽ ഫീസിളവിന് അർഹരല്ല.

To advertise here,

തീരുമാനിച്ച സമയത്തിനകം കമ്മിഷണർക്ക് ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകുന്നതാണ്. റദ്ദായ ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭിക്കില്ല. ആദ്യ അലോട്ട്മെന്റിൽ വിദ്യാർഥികൾ കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതില്ല. ഒന്നാംഘട്ട ഓപ്ഷൻ രജിസ്ട്രേഷനിൽനിന്നും ഒഴിവാക്കിയ കോളേജുകളെ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം അലോട്ട്മെന്റിൽ താത്‌കാലികമായി ഉൾപ്പെടുത്തിയ 10 സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ പുതുതായി അനുവദിക്കപ്പെട്ട കോഴ്സുകളിലേക്ക് അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്. എന്നാൽ, ഇതിലേക്കുള്ള അലോട്ട്മെന്റ് താത്‌കാലികവും സുപ്രീംകോടതിയുടെ ഉത്തരവിന് വിധേയുമാണെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.

രണ്ടാംഘട്ട അലോട്ട്മെന്റ് ഒക്ടോബർ 12 മുതൽ ആരംഭിക്കും. ഈ അലോട്ട്മെന്റ് മുതൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ അതത് കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്.

Content Highlights: KEAM 2020 first allotment published at cee.kerala.gov.in