തിരുവനന്തപുരം: യു.ജി.സി.യുടെ പുതിയ കരടുചട്ടം വന്നതോടെ, കോളേജ് അധ്യാപകരാവുന്നവർക്ക് ഇനി പി.ജി. പഠനം നിർബന്ധമല്ല. നാലുവർഷ ബിരുദത്തിൽ 75 ശതമാനം മാർക്കുണ്ടെങ്കിൽ വിദ്യാർഥികൾക്ക് നേരിട്ട് പിഎച്ച്.ഡി.ക്കു ചേരാമെന്നാണ് പുതിയ വ്യവസ്ഥ. കോളേജ് അധ്യാപകരാവാൻ ഈ യോഗ്യത മതി.
പുതിയ ചട്ടത്തോടെ കോളേജ് അധ്യാപകരാവാൻ താത്‌പര്യപ്പെടുന്ന ഭൂരിപക്ഷവും പി.ജി. പഠിക്കാതെ, നേരിട്ട് പിഎച്ച്.ഡി.ക്ക് ചേരാനുള്ള സാധ്യതയേറി. ഇതോടെ, ഉന്നതവിദ്യാഭ്യാസത്തിൽ പി.ജി.യുടെ പ്രസക്തി ഇല്ലാതാവും. വിദ്യാർഥികളെ ആകർഷിക്കണമെങ്കിൽ കൂടുതൽ തൊഴിലധിഷ്ഠിതമാക്കി നിലവിലെ പി.ജി. പാഠ്യപദ്ധതി പരിഷ്കരിക്കേണ്ടിവരും.
നാലുവർഷബിരുദം കഴിഞ്ഞാൽ നേരിട്ട് പിഎച്ച്.ഡി.ക്കു ചേരാനുള്ള വ്യവസ്ഥ കേരളത്തിൽ കഴിഞ്ഞവർഷം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കോളേജ് അധ്യാപകരാവാൻ പി.ജി. യോഗ്യത സംബന്ധിച്ച ആശയക്കുഴപ്പം നിലനിന്നിരുന്നു. പുതിയ യു.ജി.സി. കരടുചട്ടം വന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയായി.
ഓണേഴ്‌സ് വിത്ത് റിസർച്ച് എന്ന പേരിൽ നാലുവർഷബിരുദമുണ്ട്. മൂന്നുവർഷത്തെ ഡിഗ്രി പഠനത്തിനുശേഷം ഗവേഷണത്തിൽ ആഭിമുഖ്യമുള്ളവർക്ക് നാലാംവർഷം ഈ കോഴ്‌സ് തിരഞ്ഞെടുക്കാം. 75 ശതമാനം മാർക്കോടെ ‘ഓണേഴ്‌സ് വിത്ത് റിസർച്ച്’ വിജയിക്കുന്നവർക്ക് നേരിട്ടു പിഎച്ച്.ഡിക്കു ചേരാം. അതതു സർവകലാശാലയുടെ പ്രവേശനപരീക്ഷയെഴുതിയാൽ മതി.
നാലുവർഷബിരുദം കഴിഞ്ഞാൽ നെറ്റ് യോഗ്യതയും നേടാം. എന്നാൽ, അവർക്ക് കോളേജ് അധ്യാപകരാവാനുള്ള യോഗ്യതയുണ്ടാവില്ല.
അതേസമയം, ഈ നെറ്റ് യോഗ്യത പിഎച്ച്.ഡി. പ്രവേശനത്തിന് പ്രയോജനപ്പെടുത്താം. അവർ സർവകലാശാലകളുടെ പിഎച്ച്.ഡി പ്രവേശനപരീക്ഷ എഴുതേണ്ടിവരില്ല.
ഇതുവരെ പി.ജി. പൂർത്തിയാക്കിയശേഷമാണ് നെറ്റോ പിഎച്ച്.ഡി.യോ എടുത്ത് ആളുകൾ കോളേജ് അധ്യാപകരായിരുന്നത്. പുതിയ പരിഷ്കാരത്തോടെ, മറ്റു ജോലികൾക്കോ ഉന്നതവിദ്യാഭ്യാസ ആവശ്യങ്ങൾക്കോ പി.ജി. യോഗ്യതയാണെങ്കിൽമാത്രമേ അതു പഠിക്കേണ്ടതുള്ളൂ എന്നതാണ് പുതിയ സാഹചര്യം.
ഇതോടെ, കോളേജുകളിൽ പി.ജി. പഠനം അപ്രസക്തമാവും. വിദ്യാർഥികളെ ആകർഷിക്കാൻ സർവകലാശാലകൾ ബദൽമാർഗങ്ങൾ തേടേണ്ടിവരും. കേരളത്തിലാവട്ടെ, പി.ജി. പാഠ്യപദ്ധതി പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ. പുതിയ യു.ജി.സി. ചട്ടത്തോടെ, കൂടുതൽ തൊഴിലധിഷ്ഠിതമാക്കി പി.ജി. കോഴ്‌സുകൾ ആകർഷമാക്കേണ്ടിവരും.
Content Highlights: UGC`s New Rule: PG No Longer Mandatory for College Lecturers
Published: 14 Jan 2025, 08:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented