
കോഴിക്കോട്: ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തും വരെ മക്കള്‍ എന്തുചെയ്യുകയായിരിക്കുമെന്ന ആശങ്ക കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലെ അമ്മമാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട. രാവിലെ കുട്ടികളുമായി ക്യാമ്പസില്‍ എത്താം. വൈകീട്ട് കുട്ടികളുമായി മടങ്ങാം. ക്ലാസ് കഴിയുംവരെ കുട്ടികളെ പരിപാലിക്കാന്‍ ഡേ കെയര്‍ സംവിധാനം ക്യാമ്പസ്സിനകത്തുതന്നെയുണ്ട്. ഇടവേളകളില്‍ കുട്ടികളെ പോയി കാണുകയും ചെയ്യാം. വിദ്യാര്‍ത്ഥികളുടെ മക്കള്‍ക്കായി കോളേജില്‍ തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ഡേ കെയര്‍ സംവിധാനമാണ് കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലേത്.
കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ പ്രയാസപ്പെട്ടിരുന്ന കോളേജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് അധ്യാപകരുടെ അടുത്ത് ഈ ആശയം പങ്കുവെച്ചത്. അധ്യാപകന്‍ ഡോ.പി ലോവല്‍മാന്‍ ഈ ആശയം സ്റ്റാഫ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. എല്ലാവരുടേയും പൂര്‍ണ പിന്തുണ ലഭിച്ചതോടെ എന്‍സിസി ഓഫീസിനോട് അടുത്തുള്ള ചെറിയ മുറി കോളേജ് അധികൃതര്‍ ഡേ കെയറിനായി മാറ്റി വെച്ചു. ഊഞ്ഞാലും തൊട്ടിലും കളിപ്പാട്ടങ്ങളും ഈ മുറിയില്‍ കുട്ടികള്‍ക്കായി ഒരുക്കി. കുട്ടികളെ നോക്കാന്‍ ഒരു ആയയേയും നിയമിച്ചു.
രാവിലെ 8.30 മുതല്‍ വൈകീട്ട് നാല് മണിവരെയാണ് ഡേ കെയറിന്റെ പ്രവര്‍ത്തനം. മൂന്ന് വിദ്യാര്‍ത്ഥികളുടേയും ഒരു അധ്യാപികയുടേയും കുട്ടികളാണ് ഇപ്പോള്‍ ഇവിടെയുള്ളത്. ഈ നാല് പേരില്‍ നിന്നുള്ള വിഹിതവും പിടിഎ ഫണ്ടില്‍ നിന്നുള്ള തുകയും ഉപയോഗിച്ചാണ് ഡേ കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് കണ്ടെത്തുന്നത്. കോളേജിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഫണ്ട് അനുവദിക്കാനുള്ള നിര്‍ദ്ദേശം ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഡേ കെയറിന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസര്‍ സിസി ജോസഫ് പറഞ്ഞു.
Content Highlights: The first daycare for students' children in Kerala opens at the Government Law College in Calicut
Published: 27 Oct 2022, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented