കോഴിക്കോട്ടു നടന്ന എസ്.എഫ്.ഐ. അഖിലേന്ത്യാ സമ്മേളനം രാജ്യത്ത് വിദേശസർവ്വകലാശാലകളുടെ സ്വതന്ത്രപ്രവർത്തനം വരുന്നതിന് അനുകൂലമാണെന്നാണ് മനസ്സിലായത്. വിദേശസർവ്വകലാശാലകൾ ഇവിടെ വന്നുകഴിഞ്ഞാൽ കൊളോണിയൽ- സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ഇന്ത്യ നടത്തിയ വിഭവനിക്ഷേപവും ആയിരക്കണക്കിന് ഏക്കർ ഭൂമിയുടെയും കെട്ടിടങ്ങളുടെയും അവകാശവും ആധിപത്യവുമെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ട്, അവ കൂടുതൽ വളർച്ചയിലേക്കെത്തുമ്പോൾ നമ്മുടെ രാജ്യമെന്തു നേടുമെന്നതിനെപ്പറ്റി എസ്.എഫ്.ഐ. സമ്മേളനത്തിലെ ചർച്ചകളും പ്രമേയങ്ങളും ഒന്നും വ്യക്തമാക്കുന്നില്ലെന്നാണ് തോന്നുന്നത്.
 
ശാസ്ത്രവിജ്ഞാനവും സാങ്കേതികവിദ്യയും ലോകത്തെങ്ങും ഒരേ മൂശയിലാണ് വാർത്തെടുക്കപ്പെടുന്നത്. അതുപോലെത്തന്നെയാണ് മനുഷ്യൻ്റെ ചിന്തകളും. എന്നാൽ ഒരു രാജ്യത്തിൻ്റെ ദേശീയത, സംസ്കാരം, കല, ഭാഷ എന്നിവയെല്ലാം തന്നെ വ്യത്യസ്തങ്ങളാണ്. അവയെ ഒരേ മാനദണ്ഡം കൊണ്ട് അളന്നെടുക്കുവാൻ കഴിയുകയില്ല. ഉദാഹരണത്തിന് നാക് (NAAC) കമ്മിറ്റി വിദേശ ജേർണലുകളിൽ  സംസ്കൃതഭാഷയിൽ എത്ര പ്രബന്ധങ്ങൾ വന്നിട്ടുണ്ടെന്ന് ചോദിക്കുമ്പോൾ ആ പണ്ഡിതൻമാരോട് നമുക്കെന്താണ് ഉത്തരം പറയാനാകുക?
 
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് നൽകിയ ശുപാർശയിൻമേൽ മുതലാളിമാരുടെ അനേകമനേകം സർവ്വകലാശാലകളും ഗവേഷണകേന്ദ്രങ്ങളും യു.ജി.സി. ഇന്ത്യയിൽ സ്ഥാപിച്ചു. അവയിലൂടെ പുറത്തുവന്ന ടെക്കികളും ശാസ്ത്രജ്ഞരുമെല്ലാം വിദേശകമ്പനികളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു. ആ കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാനുള്ള ഒരു മാനേജീരിയൽ സി.ഇ.ഒ. സംസ്കാരം അവർ ഇന്ത്യയിൽ വളർത്തിയെടുത്തു. ഇനിവരുന്ന പുതിയ വൈസ് ചാൻസലർമാർ ഇത്തരം സി.ഇ.ഒ.മാർ കൂടിയാകാം. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ ഭാരതീയഭാഷകളും സംസ്കാരവും തത്വശാസ്ത്രവും പഠിക്കുവാനും പഠിപ്പിക്കുവാനും ആരും തയ്യാറാകുകയോ താൽപ്പര്യപ്പെടുകയോ ഇല്ല.

ഒരു ഡോക്ടർക്കു വേണ്ടി അഥവാ ഒരു ഡോക്ടറെ സൃഷ്ടിക്കുവാൻ വേണ്ടി നമ്മുടെ രാജ്യത്ത് ഇരുപതോ മുപ്പതോ ലക്ഷം രൂപ നാം ചെലവഴിക്കുമ്പോൾ മറ്റു പല രാജ്യങ്ങളിലെയും നിലവാരമനുസരിച്ച് അത് കോടിക്കണക്കിന് രൂപയാണ്. ആ കോടികളുടെ ഒരു ചെറിയ ഭാഗം ഇന്ത്യയിൽ ചെലവഴിച്ച് അവർക്കാവശ്യമുള്ള മാനവവിഭവം ഇവിടേനിന്ന് കടത്തുവാനുള്ള ഒരു പുതിയ തന്ത്രം വഴി ഒരു സാംസ്കാരികസാമ്രാജ്യത്വം വിദേശികൾ ഇന്ത്യയിൽ നടപ്പിലാക്കുമ്പോൾ എസ്.എഫ്.ഐ. എന്തു പറയുന്നുവെന്നറിയാൻ അക്കാദമികവിദഗ്ദ്ധർ ആഗ്രഹിക്കുന്നുണ്ട്.

കൊളോണിയൽ ഭരണം ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടത് അതിൻ്റെ പട്ടാളത്തെക്കൊണ്ടല്ല. വിദ്യാഭ്യാസം, സംസ്കാരം, നിയമം എന്നിവയുടെയെല്ലാം ആധിപത്യത്തിലൂടെയായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണമുപയോഗിച്ച് പ്രസിദ്ധീകരിച്ച ചരിത്രഗ്രന്ഥങ്ങൾ കൊളോണിയൽ ഹിസ്റ്റോറിയോഗ്രഫി എന്നാണറിയപ്പെടുന്നത്. അതുപോലെ ഈ വിദേശസർവ്വകലാശാലകൾ ഇന്ത്യയിൽ പുതിയ സാംസ്കാരികപഠനങ്ങൾ കൊണ്ടുവന്നേക്കാം. ഈയവസരത്തിൽ അധ്യാപകസംഘടനകളും വിദ്യാർത്ഥിസംഘടനകളും രാഷ്ട്രീയസംഘടനകളുമെല്ലാം ഏറാൻമൂളികളാകുമ്പോൾ കൊളോണിയലിസത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ച നാട്ടുരാജ്യഭരണാധികാരികളെ ഓർത്തുപോകുന്നു.
 
ഇതെല്ലാം അപ്രിയസത്യങ്ങളാണെന്നറിയാം. രാജാവ് നഗ്നനാണെന്ന് പറയാൻ അധികമാരും തയ്യാറാകുകയില്ല. എന്നാൽ ഇതെല്ലാം കണ്ടിട്ടും പ്രതിഷേധിക്കാൻ കഴിവില്ലാത്ത ഒരു ദുർബലമനസ്കനാകാൻ എൻ്റെ ഉന്നതാധ്യാപനപരിചയം എന്നെ അനുവദിക്കുന്നില്ല.
 
 

 

To advertise here,