കേന്ദ്ര സര്‍ക്കാരിന്റെ വ്യോമഗതാഗത നിയന്ത്രണ ഏജന്‍സിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ലൈസന്‍സ് നേടുന്ന ആദ്യ വനിതാ ഡ്രോണ്‍ പൈലറ്റായ് മലപ്പുറം സ്വദേശിനി റിന്‍ഷ പട്ടക്കല്‍. ബി.ടെക്ക് സിവില്‍ എന്‍ജിനീയറിങ് പഠനത്തിന്റെ ഇടവേളയിലാണ് റിന്‍ഷ ഡ്രോണ്‍ പറത്തല്‍ പരിശീലനം നേടിയത്. ഡിജിസിഎ അംഗീകാരമുള്ള കേരളത്തിലെ ഏക ഡ്രോണ്‍ പറത്തല്‍ പരിശീലന കേന്ദ്രമായ കാസര്‍കോട്ടെ അസാപ് കേരള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലായിരുന്നു പരിശീലനം.  എറണാകുളം ആസ്ഥാനമായ ഓട്ടോണമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

To advertise here,

സര്‍വേയിങില്‍ ഡ്രോണുകളുടെ ഉപയോഗസാധ്യതയെ കുറിച്ച് മനസിലാക്കി പിതാവാണ് റിന്‍ഷയ്ക്ക് ഈ കോഴ്‌സ് നിര്‍ദേശിച്ചത്. അസാപ് കേരളയുടെ പ്രഥമ ഡ്രോണ്‍ പറത്തല്‍ പരിശീലന ബാച്ചിലെ ഏക വനിതാ പഠിതാവായിരുന്നു റിന്‍ഷ. മേയിലാണ് ഈ കോഴ്‌സിന് ഡിജിസിഎ അംഗീകാരം ലഭിച്ചത്. 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇന്‍ സ്‌മോള്‍ കാറ്റഗറി ഡ്രോണ്‍ പൈലറ്റിങ് കോഴ്‌സ് 16 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാം. അഞ്ചു ദിവസത്തെ ഡിജിസിഎ ലൈസന്‍സിങ് പ്രോഗ്രാമും കോഴ്‌സിന്റെ ഭാഗമായുണ്ട്.  


 
'ആകാശ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്‌നിശമന സേന, ഡ്രോണ്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങള്‍ എന്നിങ്ങനെ ഔദ്യോഗികവും സിവില്‍ ആവശ്യങ്ങള്‍ക്കും ഡ്രോണുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സര്‍വേയിങ്ങില്‍ ഡ്രോണ്‍ ഉപയോഗത്തിന്റെ സാധ്യത മനസ്സിലാക്കിയാണ് ഈ കോഴ്‌സിന് ചേര്‍ന്നത്. 3ഡി മാപ്പിങ്, യുഎവി സര്‍വേ, യുഎവി അസംബ്ലി ആന്റ് പ്രോഗ്രാമിംഗ്, ഏരിയല്‍ സിനിമാറ്റൊഗ്രഫി എന്നിവയില്‍ സമഗ്രമായ പരിശീലനം ഈ കോഴ്‌സിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്,' റിന്‍ഷ പറഞ്ഞു.  
 
ഡ്രോണുകള്‍ പറപ്പിക്കുന്നതിനു നിലവില്‍ ഇന്ത്യയില്‍ ഡിജിസിഎ ഡ്രോണ്‍ റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡ്രോണ്‍ പറത്തല്‍ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും ക്ലാസ്സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. പത്താം ക്ലാസ്സ് പാസ്സായ 18 വയസ്സിന് മുകളില്‍ പ്രായം ഉള്ള ഏതൊരാള്‍ക്കും ഈ കോഴ്‌സ് ചെയ്യാം. പാസ്‌പോര്‍ട്ട് ഉള്ളവരായിരിക്കണം എന്ന നിബന്ധനയുമുണ്ട്. കോഴ്‌സ് സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക്:  9947132963