
‘സിസ്റ്റം വെറുതെ ലാഗ് അടിക്കുകയല്ല, കംപ്ലീറ്റ് ക്രാഷ് ആയിരിക്കുകയാണ്’ രാജ്യത്തെ തകർന്നടിഞ്ഞ വിദ്യാഭ്യാസ രീതികളെ പൊളിച്ചെഴുതാൻ ഇൻസ്റ്റഗ്രാമിൽ GenZ-കളോട് നേരിട്ട് സംവദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിലെ ആസ്ക് മി എനിതിങ് സെഷനിലൂടെയാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചത്.
ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും തകർന്നുവീണ അവസ്ഥയിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോട്ട മുതൽ ഡെറാഡൂൺ വരെയും അലഹബാദിലുമെല്ലാം താൻ കണ്ടത് ഒരേ ചിത്രമാണ്. സാധാരണക്കാർക്ക് താങ്ങാനാവാത്തതും വിദ്യാർഥികളെ മാനസികമായി തളർത്തുന്നതുമായ ഒരു സംവിധാനമാണിവിടെ നിലനിൽക്കുന്നത്. പ്രത്യേകിച്ച് ആർ.എസ്.എസ് വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കിയതോടെ, സ്വതന്ത്രമായി ചിന്തിക്കുന്ന യുവതലമുറയെ വളർത്തുന്നതിന് പകരം ആ ചിന്തകളെ മുരടിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.
‘ജാർഖണ്ഡിലെ നിയമന പരീക്ഷകളിലെ ക്രമക്കേടിനെതിരെ 13 ദിവസമായി തുടരുന്ന വിദ്യാർത്ഥി സമരം രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാണ്. തന്റെ സഖ്യകക്ഷിയായ ജെ.എം.എം ഭരിക്കുന്ന ജാർഖണ്ഡിലായാലും കേന്ദ്രത്തിലായാലും വിദ്യാർഥികളുടെ ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഒരു മറുപടിയിൽ പറയുന്നു. പ്രതിഷേധിക്കുന്ന യുവാക്കൾക്ക് നേരെ പോലീസ് അതിക്രമം അഴിച്ചുവിടുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.
വിദ്യാഭ്യാസ മേഖലയിലും കോർപ്പറേറ്റ് ലോകത്തും സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ കരുത്തായ വനിതകൾക്ക് എല്ലാ മേഖലകളിലും തുല്യമായ ഇടമല്ല, മറിച്ച് അതിനേക്കാൾ വലിയ പ്രാധാന്യം തന്നെ ലഭിക്കണമെന്നാണ് തന്റെ കാഴ്ചപ്പാടെന്ന് അദ്ദേഹം വ്യക്തമാക്കി.
'ബാറ്റ്മാൻ' റെഫറൻസും രാഷ്ട്രീയവും
ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകൾക്കിടയിലും GenZ സ്റ്റൈലിലുള്ള രസകരമായ ചോദ്യങ്ങൾക്കും രാഹുൽ മറുപടി നൽകി. താൻ 'ബാറ്റ്മാൻ' ആണോ എന്ന ചോദ്യത്തിന് "ബാറ്റ്മാനെയും എന്നെയും ആരും ഇതുവരെ ഒരു മുറിയിൽ ഒരുമിച്ച് കണ്ടിട്ടില്ലല്ലോ" എന്ന വിഖ്യാത ഡയലോഗിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. രാഷ്ട്രീയത്തിൽ ബി.ജെ.പിയിലെ ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ സൈനിക ചരിത്രത്തിലുള്ള അറിവ് പ്രശംസനീയമാണെന്നും ഒരു ചോദ്യത്തിന് രാഹുൽ ഗാന്ധി പ്രതികരിച്ചു.
ബുദ്ധൻ മുതൽ നാരായണ ഗുരുവും അംബേദ്കറും വരെയുള്ളവരുടെ തത്വചിന്തകളാണ് ഭരണഘടനയെയും തന്നെയും സ്വാധീനിച്ചിട്ടുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Content Highlights: Congress leader Rahul Gandhi engaged directly with Gen Z in an Instagram 'Ask Me Anything' session, delivering a scathing critique of India's broken education system and political interference while balancing serious socio-political issues with engaging lighthearted moments.
Published: 07 Aug 2026, 02:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented