തിരുവനന്തപുരം: ഇത്തവണത്തെ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 09:30-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. വിദ്യാഭ്യാസവകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കും. രാവിലെ 08:30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളുണ്ടാകും. 

To advertise here,

ജനപ്രതിനിധികള്‍, അധ്യാപകര്‍, പിടിഎ, എസ്എംസി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് വിവിധ സംഘങ്ങളായി ഭവനസന്ദര്‍ശനം നടത്തി കലവൂര്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും ക്ഷണിച്ച് വരികയാണ്. മേയ് 26-ന് രാവിലെ ഒമ്പതിന് ഭവനസന്ദര്‍ശനം ആരംഭിച്ചു. സംഘാടക സമിതിയുടേയും ജില്ലാപഞ്ചായത്ത് ആര്‍ട്ട് അക്കാദമിയുടേയും നേതൃത്വത്തില്‍ കലവൂരില്‍ സ്ട്രീറ്റ് ആര്‍ട്ട് എന്ന പരിപാടി മേയ് 24-ന് രാവിലെ സംഘടിപ്പിച്ചു. 

കലവൂര്‍ സ്‌കൂള്‍ മതിലുകളും പരിസരവും സ്ട്രീറ്റ് ആര്‍ട്ടിലൂടെ മനോഹരമാക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂവായിരം പേര്‍ക്ക് സദ്യയൊരുക്കുന്നതിനായി കലവൂരിലെ പൊതുജനങ്ങളില്‍ നിന്നും കടകളില്‍ നിന്നും വിഭവസമാഹരണം നടത്തി വരികയാണ്. മേയ് 27 മുതല്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ കലവൂര്‍ സ്‌കൂളില്‍ കലവറ തയ്യാറായിട്ടുണ്ട്. സ്റ്റേജ്, പന്തല്‍ പണികള്‍ പൂര്‍ത്തിയായി വരുന്നു. 

മേയ് 29-ന് രാവിലെ 10 മണിക്ക് സ്‌കൂളില്‍ അധ്യാപക സംഗമം സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി മേയ് 31 ന് അയ്യായിരം പേര്‍ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഫ്ളാഗ് ഓഫ് ചെയ്യും. എല്ലാ സ്‌കൂളുകളിലും പരിപാടി തത്സസമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. 

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍, റീലുകള്‍ എന്നിവ ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും നല്‍കിയിട്ടുണ്ട്. രണ്ട് ബോര്‍ഡുകള്‍ ഓരോ സ്‌കൂളിലും വെക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും മിക്ക സ്‌കൂളുകളിലും പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവേശനോത്സവഗാനം

പ്രവേശനോത്സവ ചരിത്രത്തില്‍ ആദ്യമായി ഒരു വിദ്യാര്‍ത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കൊട്ടാരക്കര താമരക്കുടി എസ്‌വിവിഎച്ച്എസ്എസ്സിലെ വിദ്യാര്‍ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025-2026 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവഗാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. 

Also Read: കുട്ടികൾ ഏറ്റുപാടും ഭദ്രയുടെ വരികൾ, അഭിമാനനേട്ടവുമായി 10-ാം ക്ലാസുകാരി

പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിന്‍ ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയാണ് പ്രവേശനോത്സവ ദിവസം കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിശിഷ്ടാതിഥി. വിദ്യാഭ്യാസ മന്ത്രിയുടെ ക്ഷണക്കത്ത് ഭദ്രാ ഹരിക്ക് ഉടന്‍ കൈമാറും.