2025 അധ്യയനവർഷത്തിന് തുടക്കം കുറിക്കുമ്പോൾ സ്കൂളുകളിൽ മുഴങ്ങാൻപോകുന്ന പ്രവേശനോത്സവ ​ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു കൊച്ചുമിടുക്കിയുടെ മനസ്സിൽത്തെളിഞ്ഞ വരികളാണ് ​വിദ്യാർഥികളും അധ്യാപകരുമെല്ലാം കേൾക്കാൻ പോകുന്നത്. പത്തനംതിട്ട സ്വദേശി ഭ​ദ്ര ഹരിക്കും കുടുംബത്തിനും ഇത് അഭിമാനത്തിൻ്റെ നാളുകൾ.

To advertise here,

ഭദ്രയെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പരിചയപ്പെടുത്തുമ്പോൾ ആ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങി. വിദ്യാർഥിനിക്ക് പ്രശംസപത്രം സമ്മാനിച്ചുകൊണ്ട് ചേർത്തുപിടിച്ച മന്ത്രി ഗാനം മനോഹരമായിരുന്നുവെന്നും പറഞ്ഞു. ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർസെക്കന്ററി വെച്ചുനടക്കുന്ന സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനത്തിലേക്ക് ഭദ്രയെ മന്ത്രി ശിവൻകുട്ടി ക്ഷണിച്ചിട്ടുമുണ്ട്. 

 ആദ്യമായാണ് ഒരു വിദ്യാർത്ഥിയുടെ വരികൾ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന ഗാനമാകുന്നതെന്ന് മന്ത്രി ഓർമിപ്പിച്ചു, ഭദ്രയുടെ വരികൾ ചരിത്രത്തിൻ്റെ ഭാ​ഗവുമായി.

'വിജ്ഞാപനം കണ്ടാണ് വരികൾ എഴുതി അയച്ചത്. കേരളത്തിന്റെ അഞ്ചുവർഷത്തെ വിദ്യാഭ്യാസ ചരിത്രം ഉൾക്കൊള്ളിച്ച് എഴുതാൻ ആയിരുന്നു പറഞ്ഞിരുന്നത്. ഒരുപാട് സന്തോഷം'- ചെറുതായി പുഞ്ചിരിച്ച്, ആനന്ദത്താൽ കണ്ണുനിറഞ്ഞ് ഭദ്ര പറഞ്ഞു. 

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് 'മഴമേഘങ്ങൾ പന്തലൊരുക്കിയ' എന്ന ഗാനം ഭദ്ര രചിച്ചത്. പ്രവേശനോത്സവ ​ഗാനത്തിൻ്റെ വീഡിയോയിൽ കുറച്ച് രം​ഗത്തിൽ അഭിനയിക്കാനുള്ള ഭാ​ഗ്യവും വിദ്യാർഥിനിയെ തേടിയെത്തി. എസ്.വി.വി എച്ച്.എസ്.എസ് താമരക്കുടിയിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന ഭദ്ര മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി വിജയം കരസ്ഥമാക്കി. അതേ സ്കൂളിലെ ബയോളജി അധ്യാപികയായ അമ്മ 
സുമയും അടൂർ താലൂക്ക് ഓഫീസിലെ ഡെപ്യൂട്ടി തഹസീൽദാർ ആയ ഹരീന്ദ്രനാഥും മകൾക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്. മൂന്നാം ക്ലാസുകാരി ധ്വനി ഹരിയാണ് സഹോദരി. കൊട്ടാരക്കരയിലാണ് താമസം. 

പാട്ടുപഠിക്കാനും വായിക്കാനും ഏറെയിഷ്ടമാണ് ഭദ്രയ്ക്ക്. വായനയോടുള്ള പ്രിയം എഴുത്തിലേയ്ക്ക് എത്തിച്ചു. 'ധനുമാസ പൗർണ്ണമി' എന്ന പുസ്തകവും ഭദ്രയുടെ രചനാശേഖരത്തിലുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 2 വർഷം മലയാള കവിത രചനയിൽ എ ഗ്രേഡ് സ്വന്തമാക്കി ഈ മിടുക്കി. 

'നാല് ദിവമെടുത്താണ് മകൾ ​ഗാനത്തിനായി വരികളൊരുക്കിയത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ​വിജ്ഞാപനം കണ്ട് ​ഗാനം എഴുതി അയച്ചത്. അഞ്ചം ക്ലാസ്സ്‌ മുതലേ മകൾ എഴുതാറുണ്ട്. സ്ഥിരമായി പത്രം വായിക്കുന്ന ശീലമുണ്ട്. വായനാശീലമാണ് അവളെ എഴുത്തിലേയ്ക്ക് എത്തിച്ചത്. സു​ഗതകുമാരിയെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്. ആശാൻ കവിതകളോട് പ്രത്യേക പ്രിയമുണ്ട്',- അമ്മ സുമ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. 

ജൂൺ രണ്ടിനാണ് സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം. ഭദ്രയുടെ ​ഗാനം സ്കൂളുകളിൽ മുഴങ്ങുന്നത് കാണാൻ ആകാംക്ഷയോടെ കാതോർത്തിരിക്കുകയാണ് സഹപാഠികളും കുടുംബവും.