തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് പത്തുവര്‍ഷത്തേക്കുള്ള പദ്ധതിരേഖ തയ്യാറാക്കാന്‍ തുടങ്ങി. കരട് തയ്യാറാക്കി വിദ്യാഭ്യാസ വിദഗ്ധരുമായും മറ്റു മേഖലകളിലെ വിദഗ്ധരുമായും ചര്‍ച്ചചെയ്ത് അന്തിമരൂപമാക്കും.

To advertise here,

കോഴ്സുകള്‍ ഏതൊക്കെയാവണമെന്നതു സംബന്ധിച്ച് ജനങ്ങളില്‍നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇവ ക്രോഡീകരിച്ച് ചര്‍ച്ചനടത്തി ഒരുമാസത്തിനുള്ളില്‍ അന്തിമ രൂപമുണ്ടാക്കും. അടുത്തവര്‍ഷം കോഴ്സുകള്‍ തുടങ്ങുമ്പോള്‍ നേരിട്ടുള്ള ക്ലാസുകള്‍ക്കായി സര്‍ക്കാര്‍ അംഗീകൃത കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുണ്ട്.

നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന കോഴ്‌സുകളുണ്ടാകും. പൂര്‍ണമായും കംപ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും സര്‍വകലാശാല പ്രവര്‍ത്തിക്കുക. ഹ്രസ്വകാല-ദീര്‍ഘകാല കോഴ്‌സുകളും ബിരുദ-ബിരുദാനന്തര കോഴ്‌സുകളും തൊഴിലധിഷ്ഠിത കോഴ്‌സുകളും നൈപുണ്യവികസന കോഴ്‌സുകളുമാണ് ഉണ്ടാകുക.

മൊബൈല്‍ ആപ്‌ളിക്കേഷന്‍ തയ്യാറാക്കും

വിദ്യാര്‍ഥികള്‍ക്കായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ ആലോചിക്കുന്നു. റെക്കോഡുചെയ്ത വീഡിയോയും മറ്റു പഠനവസ്തുക്കളും ഇതിലൂടെ ലഭിക്കും. അച്ചടിച്ച പഠനസാമഗ്രികളും ഓണ്‍ലൈന്‍ ലൈവ് ക്‌ളാസുകളും സ്റ്റഡി സെന്ററുകളിലൂടെ നേരിട്ടുള്ള ക്‌ളാസുകളും ഉണ്ടാകും.

- ഡോ. മുബാറക് പാഷ, വി.സി., ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല

Content Highlights: People can recommend new courses for Sreenarayana Guru Open university