ന്യൂഡൽഹി: ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പുനഃപരീക്ഷ സുതാര്യമായി നടത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് അവധി നൽകരുതെന്ന് നാഷണൽ മെഡിക്കൽ കമ്മീഷന്റെ കർശന നിർദേശം. ജൂൺ 20, 21 തീയതികളിൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ വിദ്യാർത്ഥികൾക്ക് ഒരു കാരണവശാലും ലീവ് അനുവദിക്കരുതെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
പരീക്ഷാ അട്ടിമറികൾ തടയുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം എൻ.എം.സി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക അറിയിപ്പ് രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്കും ഡീൻമാർക്കും കൈമാറിയിട്ടുണ്ട്.
മുൻകാലങ്ങളിൽ നടന്ന പരീക്ഷകളിൽ ചില മെഡിക്കൽ വിദ്യാർത്ഥികൾ ക്രമക്കേടുകളിലും പരീക്ഷയുടെ സുതാര്യത തകർക്കുന്ന രീതിയിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കാളികളായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. വിദ്യാർത്ഥികൾ ഇത്തരം മാഫിയകളുടെ ഭാഗമാകുന്നില്ലെന്ന് ഉറപ്പാക്കാൻ കോളേജ് അധികൃതർ കർശന ജാഗ്രത പുലർത്തണമെന്നും അവരെ ബോധവത്കരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ക്രമക്കേടുകൾ പൂർണ്ണമായും ഒഴിവാക്കാനും പരീക്ഷാ നടത്തിപ്പ് കൂടുതൽ സുരക്ഷിതമാക്കാനുമുള്ള പ്രതിരോധ നടപടിയായാണ് വിലക്കെന്ന് എൻ.എം.സി സർക്കുലറിൽ വ്യക്തമാക്കുന്നു.
ചോദ്യപേപ്പർ ചോർച്ചാ വിവാദത്തെ തുടർന്ന് മേയ് 3-ന് നടന്ന നീറ്റ് യുജി പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി റദ്ദാക്കിയിരുന്നു. പരീക്ഷയിലെ അട്ടിമറിയെക്കുറിച്ച് സി.ബി.ഐ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ഇതിന് പിന്നാലെയാണ് വരുന്ന ഞായറാഴ്ച (ജൂൺ 21) പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്.
Content Highlights: To ensure absolute transparency and prevent any malpractice during the upcoming NEET UG re-examination on June 21, the National Medical Commission (NMC) has strictly directed all medical colleges nationwide not to grant leave to their students on June 20 and 21.
Published: 19 Jun 2026, 06:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented