ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തവണ പ്രവേശനം നേടിയവരില്‍ ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികളാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു മുന്നേറ്റമെന്നും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍  രാഷ്ട്രപതി പറഞ്ഞു.

To advertise here,

നൂതനാശയങ്ങള്‍ കൊണ്ടുവരുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ടെന്ന് രാഷ്ട്രപതി അവകാശപ്പെട്ടു. ഹയര്‍ എജുക്കേഷന്‍ ഫണ്ടിങ് ഏജന്‍സി വഴി 75 ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളെ ആധുനീകരിക്കാനായി 37000 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ പുതുതായി 7000 അധ്യാപകരേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 12000 അധ്യാപകരേയും നിയമിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കരുത്തുപകരാനായി 'സ്വയം-2' പദ്ധതിക്ക് തുടക്കമായതായും രാഷ്ട്രപതി പറഞ്ഞു.

ആരോഗ്യ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്താന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ രൂപവത്കരിക്കും. ഈ വര്‍ഷം പുതിയ 75 മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നല്‍കി. ഇതിന്റെ ഫലമായി 16000 എംബിബിഎസ് സീറ്റുകളും 4000 മെഡിക്കല്‍ പിജി സീറ്റുകളും സൃഷ്ടിക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പുതുതായി 22 എയിംസ് അനുവദിച്ചതായും ഇവ സ്ഥാപിക്കാനുള്ള നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നതായും രാഷ്ട്രപതി അറിയിച്ചു.

ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ ഐഐടി, ഐഐഎം, എയിംസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഉടന്‍ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Number of girls in higher education is higher is than boys for the first time: President Ram Nath Kovind