
ന്യൂഡൽഹി: വിവാദങ്ങൾക്കും പേപ്പർ ചോർച്ച ആരോപണങ്ങൾക്കും പിന്നാലെ റദ്ദാക്കിയ നീറ്റ്(നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) നാളെ (ജൂൺ 21) വീണ്ടും നടക്കുമ്പോൾ പരീക്ഷാ ഹാളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി. നാളത്തെ പരീക്ഷയ്ക്ക് എത്തുമ്പോൾ ഉദ്യോഗാർത്ഥികൾ കൈവശം കരുതാൻ പാടില്ലാത്ത സാധനങ്ങളുടെ കൃത്യമായ പട്ടിക എൻടിഎ പുറത്തുവിട്ടിട്ടുണ്ട്.
മേയ് 3-ന് നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടർന്ന് സിബിഐ അന്വേഷണം ശക്തമാക്കുകയും ഇതുവരെ ഡൽഹി, ജയ്പുർ, ലാത്തൂർ ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നായി 13 പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തവണ പരിശോധനകൾ കൂടുതൽ കടുപ്പിക്കുന്നത്.
പരീക്ഷാ ഹാളിൽ ഈ സാധനങ്ങൾക്ക് പൂർണ്ണ വിലക്ക്
ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വസ്തുക്കൾ യാതൊരു കാരണവശാലും പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ പാടുള്ളതല്ല:
-
ഇലക്ട്രോണിക് ഉപകരണങ്ങൾ: മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഹെഡ്‌സെറ്റുകൾ, ഇയർഫോണുകൾ, മൈക്രോഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഹെൽത്ത് ബാൻഡുകൾ, കാൽക്കുലേറ്റർ, പേജറുകൾ, ക്യാമറകൾ.
-
സ്റ്റേഷനറി സാധനങ്ങൾ: സ്വന്തമായി പേന, പെൻസിൽ, പെൻസിൽ ബോക്സുകൾ, പ്ലാസ്റ്റിക് പൗച്ചുകൾ, റൈറ്റിങ് പാഡുകൾ, ലോഗ് ടേബിളുകൾ, പുസ്തകങ്ങൾ.
-
വ്യക്തിഗത വസ്തുക്കൾ: വാലറ്റുകൾ, ഗോഗിൾസ് (സൺഗ്ലാസുകൾ), ഹാൻഡ്‌ബാഗുകൾ, ബെൽറ്റുകൾ, തൊപ്പികൾ.
-
ആഭരണങ്ങൾ: സ്വർണ്ണാഭരണങ്ങൾ, കമ്മലുകൾ, മാലകൾ, വളകൾ, മോതിരങ്ങൾ തുടങ്ങിയ എല്ലാവിധ ലോഹ ആഭരണങ്ങളും ഒഴിവാക്കണം.
-
ഭക്ഷണസാധനങ്ങൾ: കുപ്പിവെള്ളം, ചായ, കാപ്പി, സ്നാക്ക്സ്, മിഠായികൾ എന്നിവ അനുവദിക്കില്ല. (പ്രമേഹ രോഗികളായ വിദ്യാർത്ഥികൾക്ക് പ്രത്യേക അനുമതിയോടെ ചില നിയന്ത്രണങ്ങളോടെ ഭക്ഷണവും സുതാര്യമായ കുപ്പിവെള്ളവും കരുതാം).
പ്രധാന അറിയിപ്പ്: പരീക്ഷാ കേന്ദ്രങ്ങളിൽ ഇത്തരം നിരോധിത സാധനങ്ങൾ സൂക്ഷിക്കാനുള്ള ക്ലോക്ക് റൂം സൗകര്യം എൻടിഎ ഉറപ്പുനൽകുന്നില്ല. അതിനാൽ വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടുവന്ന് നഷ്ടപ്പെടാതിരിക്കാൻ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കുക.
പരീക്ഷാ സമയത്തിലും ലേഔട്ടിലും മാറ്റം
ഇത്തവണ പരീക്ഷാ സമയത്തിൽ 15 മിനിറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്. മുൻപുണ്ടായിരുന്ന 180 മിനിറ്റിന് പകരം ഇനി മുതൽ 195 മിനിറ്റ് (3 മണിക്കൂർ 15 മിനിറ്റ്) സമയമാണ് ലഭിക്കുക. റഫ് വർക്കിനുള്ള പേജുകൾ രണ്ടിൽ നിന്നും നാലായി ഉയർത്തിയിട്ടുണ്ട്. ഇടംകയ്യരായ വിദ്യാർത്ഥികളുടെ സൗകര്യം കൂടി പരിഗണിച്ചാണ് ചോദ്യപ്പേപ്പറിന്റെ തുടക്കത്തിലും അവസാനത്തിലുമായി പേജുകൾ ക്രമീകരിച്ചിരിക്കുന്നത്.
അഡ്മിറ്റ് കാർഡ് ഉണ്ടെങ്കിൽ സൗജന്യ ബസ് യാത്ര
പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ഒഡീഷ, ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ആന്ധ്രാപ്രദേശിൽ എന്നീ സംസ്ഥാനങ്ങളിൽ സൗജന്യ ബസ് യാത്ര അനുവദിച്ചിട്ടുണ്ട്. അഡ്മിറ്റ് കാർഡ് കാണിച്ചാൽ സർക്കാർ ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.
ഗേറ്റ് അടയ്ക്കുന്ന സമയത്തിന് മുൻപായി തന്നെ അഡ്മിറ്റ് കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, സാധുവായ തിരിച്ചറിയൽ കാർഡ് (ആധാർ, വോട്ടർ ഐഡി, പാൻ കാർഡ് മുതലായവ) എന്നിവയുമായി പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. വൈകിയെത്തുന്നവരെ യാതൊരു കാരണവശാലും പ്രവേശിപ്പിക്കില്ല.
Content Highlights: Following recent paper leak controversies and subsequent CBI investigations, the National Testing Agency (NTA) is enforcing rigorous security protocols and strict prohibitions on electronic items, stationery, and jewelry for tomorrow's NEET re-exam.
Published: 20 Jun 2026, 04:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented