തൃശ്ശൂർ: പൊതുപരീക്ഷകളുള്ള 10, 12 ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ ഊർജിതമാക്കിയപ്പോൾ തഴയപ്പെട്ടത് ഒമ്പതുവരെയുള്ള ക്ലാസുകളിലെ കുട്ടികൾ.

To advertise here,

വിക്ടേഴ്സ് ചാനലിലൂടെ ഈ ക്ലാസുകളിലെ പാഠഭാഗങ്ങൾ സംപ്രേഷണം ചെയ്തിട്ട് മൂന്നുദിവസമായി. ക്ലാസ് ഉണ്ടാവില്ലെന്ന അറിയിപ്പും ഉണ്ടായില്ല. അധ്യാപകർ സ്വന്തമായി ഓൺലൈനിൽ ക്ലാസെടുക്കരുതെന്ന് വിദ്യാഭ്യാസവകുപ്പിന്റെ കർശനനിർദേശവും ഉണ്ട്.

ക്രിസ്മസ് അവധിക്കാലത്ത് ഒമ്പതുവരെയുള്ള ഓൺലൈൻ ക്ലാസുകളില്ല എന്ന അറിയിപ്പ് വന്നിട്ടില്ല. ഓണത്തിന് അറിയിപ്പ് നൽകിയശേഷമാണ് വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ നിർത്തിവെച്ചിരുന്നത്. ജനുവരി 31-ന് മുമ്പ് 10, 12 ക്ലാസുകളിലെ ഓൺലൈൻ പാഠങ്ങൾ തീർക്കാനുള്ള തീവ്രശ്രമത്തിലാണ് കൈറ്റ്. അതിവേഗം ക്ലാസുകൾ തീർക്കുകയാണിപ്പോൾ.

അധ്യയനവർഷത്തിന്റെ തുടക്കത്തിൽ പ്ലസ്ടു ഫിസിക്സിന്റെ ഒന്നാം അധ്യായം 12 ക്ലാസുകൊണ്ടാണ് തീർത്തത്. എന്നാൽ, അവസാനം തീർന്ന അഞ്ചാം അധ്യായം തീർക്കാൻ നാല് ക്ലാസ് മാത്രമാണ് എടുത്തത്. 10, 12 ക്ലാസുകളിലെ ഒരു കുട്ടിക്ക് ഇപ്പോൾ എട്ട് പിരീയഡുകൾ വരെയാണ് ഇപ്പോൾ നടക്കുന്നത്.

പൂർണശ്രദ്ധയും ഉയർന്ന ക്ലാസുകളിലേക്ക് മാറിയപ്പോഴാണ് ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾ തഴയപ്പെട്ടത്. ഈ ക്ലാസുകളിൽ വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യാൻ ഇനിയും പകുതിയിലേറെ പാഠങ്ങളാണുള്ളത്.

വിക്ടേഴ്സ് ചാനലിൽ വരുന്നതിനപ്പുറം ഒരുതരത്തിലുമുള്ള ഓൺലൈൻ ക്ലാസുകളും അധ്യാപകർ നടത്തരുതെന്ന ഉത്തരവും ഉണ്ട്. അതിനാൽ അധ്യാപകരും ബാക്കിഭാഗങ്ങൾ പഠിപ്പിക്കാൻ മടിക്കുന്നുണ്ട്.

നിലവിൽ എട്ടാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കൽ (ഓൾ പ്രൊമോഷൻ) ഉണ്ട്. അത് ഇക്കൊല്ലം ഒമ്പതിൽ കൂടി നടപ്പാക്കാനാണ് നീക്കം. ജനുവരികൂടി കഴിഞ്ഞ് ഓൺലൈനിൽ ഓടിച്ചിട്ട് പാഠങ്ങൾ തീർക്കാനാണ് സാധ്യത.

Content Highlights: No amount of attention towards class 9 students, all pass, Online class