സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബ്ബുകളുടെ പ്രവർത്തനം കൂടുതൽ ജനകീയവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ട് പുതിയ 'സ്റ്റുഡന്റ് മെന്റർ' പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തുടക്കം കുറിച്ചു. നിലവിൽ ജില്ലയിലെ 162 സ്‌കൂൾ യൂണിറ്റുകളിലായി 18976 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളാണ്. പദ്ധതിയുടെ ഭാഗമായി 360 അധ്യാപകർ ജില്ലയിൽ കൈറ്റ് മെന്റർമാരായി പ്രവർത്തിക്കുന്നുണ്ട് . ഇതിനു പുറമെയാണ് പത്ത് കുട്ടികൾക്ക് ഒരു വിദ്യാർത്ഥി എന്ന നിലയിൽ ജില്ലയിലെ 162 യൂണിറ്റുകളിൽ നിന്നുമായി 631 'സ്റ്റുഡന്റ് മെന്റർമാരെ' തിരഞ്ഞെടുത്തത്.
കേവലം സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിനപ്പുറം, കുട്ടികളിൽ സഹാനുഭൂതിയും വിനിമയ പാടവവും വളർത്തിയെടുക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്റ്റുഡന്റ് മെന്റർമാർക്കുള്ള ആദ്യ ശില്പശാലയിൽ ഓൺലൈൻ ആയി സംവദിച്ച കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു .
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ പ്രവർത്തന മികവ്, നേതൃത്വപാടവം, സഹജീവികളോടുള്ള താല്പര്യം, ആശയവിനിമയ ശേഷി, സാങ്കേതിക പരിജ്ഞാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഒൻപതാം ക്ലാസിലെ അംഗങ്ങളിൽ നിന്നാണ് സ്റ്റുഡന്റ് മെന്റർമാരെ തെരഞ്ഞെടുത്തത്. യൂണിറ്റിലെ അംഗസംഖ്യയ്ക്ക് അനുസൃതമായി 2 മുതൽ 4 വരെ മെന്റർമാരാണ് ഓരോ സ്കൂളിലും ഉണ്ടാകുക.
തങ്ങളുടെ ഗ്രൂപ്പിലുള്ള പത്ത് കൂട്ടുകാർക്കും ഐടി ഉൾപ്പെടെയുള്ള പാഠഭാഗങ്ങൾ കൃത്യമായി മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ക്ലാസുകളിൽ അധ്യാപകരെ സഹായിക്കുക, ക്ലബ്ബിന്റെ പൊതുപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ. കൂടാതെ, ഡിജിറ്റൽ തുല്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി വീടുകളിൽ ലാപ്ടോപ്പോ സ്മാർട്ട്ഫോണോ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് സ്കൂൾ ലാബുകളിൽ പ്രത്യേക സൗകര്യം ഒരുക്കാനും ഈ സ്റ്റുഡന്റ് മെന്റർമാർ മുൻകൈ എടുക്കും.
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി നെറ്റ്‌വർക്ക് ആണ് യൂണിസെഫിന്റെ വരെ പ്രശംസ പിടിച്ചു പറ്റിയ 'ലിറ്റിൽ കൈറ്റ്സ് '. സ്റ്റുഡന്റ് മെന്റർമാർക്ക് കൈറ്റ് തുടർ പരിശീലനങ്ങൾ നൽകും.
Content Highlights: Little Kites Launches Student Mentor Program to Boost IT Skills
Published: 20 Jun 2026, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented