ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി  അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് രീതിയിലേക്ക് മാറ്റാൻ ഒരുങ്ങി ദേശീയ പരീക്ഷാ ഏജൻസി . നിലവിലുള്ള പേപ്പർ-പെൻ രീതിക്ക് പകരമായാണ് മാറ്റം. കേന്ദ്ര സർക്കാരുമായി ആലോചിച്ച് 2027-ലെ സൈക്കിൾ മുതൽ ഇവ നടപ്പിലാക്കുമെന്ന് എൻ.ടി.എ സുപ്രീം കോടതിയെ അറിയിച്ചു.

To advertise here,

ഈ വർഷത്തെ നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് എൻ.ടി.എ ഇക്കാര്യം വ്യക്തമാക്കിയത്.

വിദഗ്ധ സമിതി ശുപാർശ

എൻ.ടി.എയുടെ പരീക്ഷാ നടത്തിപ്പ് പരിഷ്കരിക്കുന്നതിനായി ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതാധികാര സമിതി സമർപ്പിച്ച 101 ശുപാർശകളുടെ ഭാഗമായാണ് നിർണ്ണായക മാറ്റം.

  • നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുക.

  • പരീക്ഷകൾ വിവിധ സെഷനുകളായും ഘട്ടങ്ങളായും നടത്തുക.

എൻ.ടി.എ നടത്തുന്ന മറ്റ് പ്രധാന പരീക്ഷകളെല്ലാം നിലവിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായാണ് നടക്കുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും നാഷണൽ മെഡിക്കൽ കമ്മീഷന്റെയും നിർദ്ദേശപ്രകാരം നീറ്റ് മാത്രമാണ് ഒ.എം.ആർ ഷീറ്റ് ഉപയോഗിച്ച് പേപ്പർ-പെൻ രീതിയിൽ നടത്തിയിരുന്നത്. പുതിയ മാറ്റത്തോടെ എൻ.ടി.എയുടെ എല്ലാ പ്രധാന പരീക്ഷകളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറും.

സുരക്ഷ ശക്തമാക്കാൻ കൃത്രിമബുദ്ധി

ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും പൂർണ്ണമായി തടയുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സത്യവാങ്മൂലത്തിൽ എൻ.ടി.എ മുന്നോട്ടുവെക്കുന്നത്.

  • എ.ഐ സാങ്കേതികവിദ്യ: ചോദ്യപേപ്പർ വിവർത്തനത്തിന്റെ 85 ശതമാനവും ഇനി മനുഷ്യ ഇടപെടലുകൾ ഒഴിവാക്കി നിർമിതബുദ്ധി ടൂളുകൾ വഴി നിർവ്വഹിക്കും. 

  • ചോദ്യകർത്താക്കളുടെ റൊട്ടേഷൻ: ചോദ്യപേപ്പർ തയ്യാറാക്കുന്നവർ, മോഡറേറ്റർമാർ, വിവർത്തകർ എന്നിവരെ തിരഞ്ഞെടുക്കുന്നതിൽ റാൻഡമൈസേഷനും റൊട്ടേഷൻ പോളിസിയും കർശനമാക്കും.

മെയ് 3-ന് നടന്ന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ, ജൂൺ 21-ന് നടക്കുന്ന പുനഃപരീക്ഷ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളോടെയും മൾട്ടി-ലെയർ ഓതന്റിക്കേഷനോടെയുമായിരിക്കും നടത്തുകയെന്നും എൻ.ടി.എ കോടതിയെ അറിയിച്ചു. നിലവിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണവുമായി ഏജൻസി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.