ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്-യുജി) 2025 അടിസ്ഥാനമാക്കി, മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എംസിസി) നടത്തുന്ന അഖിലേന്ത്യാ അലോട്‌മെന്റിന്റെ സമയക്രമം ഭേദഗതിചെയ്ത് mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തി 

To advertise here,

എംബിബിഎസ്/ബിഡിഎസ്/ബിഎസ്‌സി നഴ്‌സിങ് എന്നീ പ്രോഗ്രാമുകളിലെ നിശ്ചിത സീറ്റുകളാണ് പ്രക്രിയയിൽ ഉൾപ്പെടുന്നത്. ആദ്യ റൗണ്ടിലേക്കുള്ള ചോയ്‌സ് ഫില്ലിങ് ഇതിനകം പൂർത്തിയായി. ആദ്യ റൗണ്ട് അലോട്‌മെന്റ് ഓഗസ്റ്റ് ഒൻപതിന് പ്രഖ്യാപിക്കും. കോളേജ്/സ്ഥാപന റിപ്പോർട്ടിങ്ങിന് ഒൻപതു മുതൽ 18 വരെ അവസരമുണ്ടാകും.

രണ്ടാംറൗണ്ട് നടപടികൾ 21-ന് തുടങ്ങും. പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) 26-ന് ഉച്ചയ്ക്ക് 12 വരെ; തുക അടയ്ക്കൽ 26-ന് വൈകീട്ട് മൂന്നുവരെ.

ചോയ്‌സ് ഫില്ലിങ് 22 മുതൽ 26-ന് രാത്രി 11.55 വരെ. ലോക്കിങ് 26-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. രണ്ടാം അലോട്‌മെന്റ് ഫലം 29-ന്. റിപ്പോർട്ടിങ് സൗകര്യം 30 മുതൽ സെപ്‌റ്റംബർ അഞ്ചുവരെ. റൗണ്ട് മൂന്ന് അലോട്‌മെന്റ് നടപടികൾ ഒൻപതിന് തുടങ്ങും. രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) 14 വരെ, ചോയ്‌സ് ഫില്ലിങ് 10 മുതൽ 14 വരെ. ലോക്കിങ് സൗകര്യം 14-ന്, സീറ്റ് അലോട്‌മെന്റ് ഫലം 17-ന്. റിപ്പോർട്ടിങ് 18 മുതൽ 25 വരെ.

ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട് നടപടികൾ 30-ന് തുടങ്ങും. ഒക്ടോബർ രണ്ടിന് വൈകീട്ട് മൂന്നുവരെ രജിസ്‌ട്രേഷൻ. രണ്ടിന് വൈകീട്ട് ആറുവരെ പേമെന്റ്. ചോയ്‌സ് ഫില്ലിങ് 30 മുതൽ ഒക്ടോബർ മൂന്നിന് രാവിലെ എട്ടുവരെ. ലോക്കിങ് സൗകര്യം രണ്ടിന് രാത്രി എട്ടുമുതൽ മൂന്നിന് രാവിലെ എട്ടുവരെ. ഫലം നാലിന് പ്രഖ്യാപിക്കും. അഞ്ചിനും 10-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം.

സംസ്ഥാനതല അലോട്‌മെന്റ്

സംസ്ഥാനങ്ങളിലെ ആദ്യ അലോട്‌മെന്റ് നടപടികൾ ഓഗസ്റ്റ് ഒൻപതുമുതൽ 18 വരെയുള്ള കാലയളവിലായിരിക്കും. സംസ്ഥാനതല ആദ്യ അലോട്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 24-നകം നേടണം. രണ്ടാംറൗണ്ട് അലോട്‌മെന്റ് നടപടികൾ 27 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയായിരിക്കും. രണ്ടാം അലോട്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം സെപ്‌റ്റംബർ 11-നകം നേടണം. ക്ലാസുകൾ അഞ്ചിന് തുടങ്ങും.

മൂന്നാം റൗണ്ട് അലോട്‌മെന്റ് നടപടികൾ 15 മുതൽ 25 വരെയായിരിക്കും. മൂന്നാം അലോട്‌മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 30-നകം നേടണം.സംസ്ഥാന സ്‌ട്രേ വേക്കൻസി: ഒക്ടോബർ രണ്ടുമുതൽ അഞ്ചുവരെ. പ്രവേശനം 10-നകം. സംസ്ഥാന സമയക്രമവും എംസിസി വെബ്‌സൈറ്റിൽ ഉണ്ട്.

വിവരങ്ങൾക്ക്: mcc.nic.in

കേരള എംബിബിഎസ്/ബിഡിഎസ് ഓപ്ഷൻ നൽകാൻ വീണ്ടും അവസരം

കേരള പ്രവേശനപ്പരീക്ഷാ കമ്മിഷണർ എംബിബിഎസ്/ബിഡിഎസ് കോഴ്സുകളിലേക്ക് ഓഗസ്റ്റ് അഞ്ചിന് പ്രസിദ്ധപ്പെടുത്തിയ ആദ്യ റൗണ്ട് താത്കാലിക അലോട്മെന്റ് സംസ്ഥാന അലോട്മെന്റിന്റെ പുതിയ സമയക്രമം പരിഗണിച്ച് പരിഷ്കരിക്കുന്നതാണ്. അതിന്‍റെ ഭാഗമായി കേരളത്തിലെ ഓപ്ഷൻ രജിസ്ട്രേഷൻ വെബ് സൈറ്റ് ഒൻപതിന് വീണ്ടും തുറക്കും. ഓപ്ഷൻ രജിസ്ട്രേഷൻ നടത്താനും താത്പര്യമില്ലാത്ത ഓപ്ഷനുകൾ ഒഴിവാക്കാനും ഓപ്ഷനുകളുടെ മുൻഗണന പുനഃക്രമീകരിക്കാനും 15-ന് രാത്രി 11.59 വരെ ഹോം പേജിൽ സൗകര്യം ഉണ്ടായിരിക്കും.

അതിന്റെ അടിസ്ഥാനത്തിൽ, പരിഷ്കരിച്ച താത്കാലിക ആദ്യ റൗണ്ട് എംബിബിഎസ്/ബിഡിഎസ് സംസ്ഥാന അലോട്മെന്റ്, 16 -നും അന്തിമ ആദ്യ റൗണ്ട് അലോട്മെൻറ് 18-നും പ്രസിദ്ധപ്പെടുത്തും.