രണ്ട് ദിവസത്തേക്ക് ഇന്ത്യയിലേക്ക് എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ദൃഢപ്പെടുത്തുന്നതായിരുന്നു. സന്ദര്‍ശനത്തിനിടെ കൂടംകുളം ആണവ പദ്ധതി പൂര്‍ത്തിയാക്കുന്നത് ഉള്‍പ്പടെ നിരവധി കാര്യങ്ങള്‍ ഇരുരാജ്യത്തിന്റെയും പ്രതിനിധികള്‍ ചര്‍ച്ച ചെയ്തു. നയതന്ത്രമേഖലയില്‍ മാത്രമല്ല വിദ്യാഭ്യാസ മേഖലയിലും റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം സ്വാധീനിക്കാം എന്നാണ് പുതിയ സൂചന.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതോടെ മെഡിക്കല്‍, എന്‍ജിനീയറിങ് എന്നിങ്ങനെ ഉന്നതപഠനത്തിനായി റഷ്യയിലേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പുതിന്റെ സന്ദര്‍ശനത്തിന് ശേഷം വിദേശ വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ട് വിസ പ്രൊസസ്സിങ് എളുപ്പമാകാനും കൂടുതല്‍ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം.
നിലവില്‍ 30,000-ല്‍ അധികം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റഷ്യയില്‍ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും മെഡിക്കല്‍ പഠനത്തിനാണ് റഷ്യ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍ജിനീയറിങ് പഠനത്തിനും റഷ്യയെ ആശ്രയിക്കുന്നു. മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ റഷ്യന്‍ സര്‍വകലാശാലകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയില്‍ മെഡിക്കല്‍ രംഗത്ത് പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വളരെ അധികമാണ്. ഏകദേശം 1.50 ലക്ഷത്തിനടുത്ത് മാത്രമുള്ള മെഡിക്കല്‍ സീറ്റിനായി ഒരോ വര്‍ഷവും ഇരുപത് ലക്ഷത്തിനടുത്ത് വിദ്യാര്‍ഥികളാണ് അപേക്ഷിക്കുന്നത്. 2024-ല്‍ 24,06,079 വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇത്രയും വിദ്യാര്‍ഥികളുടെ ആവശ്യം നിറവേറ്റുന്നതില്‍ നിലവില്‍ ഇന്ത്യ പരാജയപ്പെടുന്നത് കാരണം പലരും റഷ്യ പോലുള്ള രാജ്യങ്ങളെ ആശ്രയിക്കുന്നു. ഇന്ത്യന്‍ മെഡിക്കല്‍ കോളേജുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ട്യൂഷന്‍ ഫീസ്, സ്‌കോളര്‍ഷിപ്പ് പോലുള്ള കാര്യങ്ങളും വിദ്യാര്‍ഥികളെ വിദേശപഠനം തിരഞ്ഞെടുക്കാന്‍ ആകര്‍ഷിക്കുന്നു.
റഷ്യന്‍ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ പിന്തുണ, ട്രാവല്‍ ഏജന്റുമാരെ ആശ്രയിക്കുന്നത് കുറയുക, വര്‍ധിച്ച തൊഴില്‍ അവസരം, താഴ്ന്ന ജീവിതച്ചെലവ് എന്നിവയും പുതിന്റെ സന്ദര്‍ശനത്തില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ റഷ്യയിലെ മിക്ക ആരോഗ്യകേന്ദ്രങ്ങളും സൗജന്യമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മെഡിക്കല്‍ രംഗത്തുള്ള വിദ്യാര്‍ഥികള്‍ റഷ്യയെ മികച്ച തൊഴില്‍ദാതാവായി കാണുന്നില്ല.
മെഡിക്കല്‍ കൂടാതെ, എയറോനോട്ടിക്കല്‍, ഏവിയേഷന്‍, ന്യൂക്ലിയര്‍ എന്‍ജിനീയറിങ് എന്നിവയിലും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യം കാണിക്കുന്നുണ്ട്. റഷ്യന്‍ ഭാഷയില്‍ പഠിപ്പിക്കുന്ന എന്‍ജിനീയറിംഗ് കോഴ്‌സുകള്‍ പഠിക്കാനായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ റഷ്യയിലെത്തി റഷ്യന്‍ ഭാഷ പഠിക്കുന്നവരുമുണ്ട്.
Content Highlights: Russian President Putin`s visit to India strengthens bilateral ties, opening doors for Indian students in medical & engineering fields.
Published: 07 Dec 2025, 12:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented