ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തിലെത്തന്നെ ഏറ്റവും പ്രശസ്തമായ പുരാതനശില്പങ്ങളിലൊന്നായ ‘നൃത്തംചെയ്യുന്ന പെൺകുട്ടി’യെ വസ്ത്രം ധരിപ്പിച്ചതിൽ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് എൻ.സി.ഇ.ആർ.ടി. തെറ്റുതിരുത്തിയത്. മോഹൻജൊദാരോയിൽനിന്ന് സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി കണ്ടെടുത്ത 4500 വർഷത്തിലേറെ പഴക്കമുള്ള ചരിത്രശില്പത്തെയാണ് വികലമാക്കിയത്. ചരിത്രത്തെയും സംസ്കാരത്തെയും സദാചാരത്തിന്റെ കണ്ണിലൂടെ നോക്കുന്നതിന്റെ തെളിവാണിതെന്ന വിമർശനമുയർന്നു. ഒൻപതാംക്ലാസിലെ വിദ്യാർഥികളുടെ പ്രായം പരിഗണിച്ച് നഗ്നത മറച്ചതാണെന്നാണ് ന്യായീകരണം. എന്നാൽ, ചരിത്രശില്പത്തെപ്പോലും ഇത്തരത്തിൽ സങ്കുചിതമായി സമീപിക്കണോയെന്നാണ് ഉയരുന്ന മറുചോദ്യം.

To advertise here,

പതിറ്റാണ്ടുകളായി എൻ.സി.ഇ.ആർ.ടി.യുടെ വിവിധ പാഠപുസ്തകങ്ങളിൽ ഇടംപിടിച്ചിരുന്ന ശില്പമാണിത്. മാത്രമല്ല, ആറാം ക്ലാസിലെ പുതിയ സാമൂഹികശാസ്ത്ര പുസ്തകത്തിലും യഥാർഥ നൃത്തശില്പത്തിന്റെ ചിത്രമുണ്ട്.

ചരിത്രകലാസൃഷ്ടിയോടു ചെയ്യുന്ന അനീതിയാണ് പുസ്തകത്തിൽ ശില്പത്തിന് വരുത്തിയിരിക്കുന്ന മാറ്റങ്ങളെന്ന് എൻ.സി.ഇ.ആർ.ടി.യുടെ ആറാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകസമിതിയുടെ അധ്യക്ഷനായിരുന്ന പ്രൊഫ. മിഷേൽ ദാനിനോ പറഞ്ഞു. ആ ശില്പത്തിൽ നഗ്നതയുണ്ടെന്ന് പറയുന്നതുതന്നെ അനുചിതമാണ്. പാശ്ചാത്യമായ വിക്ടോറിയൻ സദാചാര കാഴ്ചപ്പാടാണത്. ഇന്ത്യൻ കലകളെക്കുറിച്ചുള്ള പാഠത്തിൽ നൃത്തംചെയ്യുന്ന പെൺകുട്ടിയെ അങ്ങനെത്തന്നെ കാണിക്കാനാകുന്നില്ലെങ്കിൽ നമുക്കെന്തോ പ്രശ്നമുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. എങ്ങനെയാണ് ചരിത്രസൃഷ്ടികളെ സമീപിക്കേണ്ടതെന്നതിനെക്കുറിച്ച് ബോധ്യമില്ലെന്നാണ് ഇതു വെളിപ്പെടുത്തുന്നതെന്നും പ്രൊഫ. ദാനിനോ അഭിപ്രായപ്പെട്ടു.

മോദിയുടെ പരിപാടിയിലും വസ്ത്രമുടുപ്പിച്ചു

2023 മേയിൽ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിൽ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്ത മ്യൂസിയം പ്രദർശനത്തിലുണ്ടായിരുന്ന ‘നൃത്തംചെയ്യുന്ന പെൺകുട്ടി’യുടെ ആധുനികശില്പവും നേരത്തേ വിവാദത്തിൽപ്പെട്ടിരുന്നു. വെങ്കലത്തിലുള്ള യഥാർഥശില്പത്തിന്റെ മാതൃകയിൽ വസ്ത്രം ധരിച്ച രൂപത്തിലുള്ള ശില്പമായിരുന്നു അന്ന് പ്രദർശനത്തിലുണ്ടായിരുന്നത്.