പലപ്പോഴും വിദ്യാർഥികൾക്ക് വെല്ലുവിളി നിറഞ്ഞ വിഷയമാണ് ഫിസിക്സ്. അതേസമയം, ക്ലാസ് മുറികളിലും മത്സര പരീക്ഷകളിലും ഫിസിക്സിന്റെ പ്രാധാന്യം വളരെ വലുതാണ്. വിഷയത്തിന്റെ പ്രാധാന്യം മുൻനിർത്തി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT)പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കായി SWAYAM പോർട്ടലിൽ ഒരു സൗജന്യ ഓൺലൈൻ ഫിസിക്സ് കോഴ്സ് ആരംഭിച്ചു. ഫിസിക്സിലെ അടിസ്ഥാന ആശയങ്ങളിൽ വൈദഗ്ധ്യം നേടാനും അതോടൊപ്പം ഉയർന്ന തലത്തിലുള്ള ചിന്താശേഷിയും പ്രശ്നപരിഹാര കഴിവുകളും വികസിപ്പിക്കാനും വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ് ഈ കോഴ്സിന്റെ ലക്ഷ്യം.
പ്രഭാഷണങ്ങൾ, ഇ-ടെക്സ്റ്റ്, പ്രശ്നപരിഹാര രീതികൾ, ആനിമേഷനുകൾ, പരിശീലന ചോദ്യങ്ങൾ, അസൈൻമെന്റുകൾ എന്നിവയിലൂടെ ഫിസിക്സിൽ ശക്തമായ ഒരു ആശയപരമായ ധാരണ കെട്ടിപ്പടുക്കാൻ പഠിതാക്കളെ സഹായിക്കുന്നതിനാണ് ഈ കോഴ്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠനത്തിലെ വിടവുകൾ നികത്താനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനും എൻസിഇആർടി കോഴ്സ് ലക്ഷ്യമിടുന്നു. സിദ്ധാന്തങ്ങളെ യഥാർത്ഥ ജീവിതത്തിലെ പ്രയോഗങ്ങളുമായും പ്രായോഗിക പരീക്ഷണങ്ങളുമായും ബന്ധിപ്പിക്കുന്നതിലൂടെ, വിദ്യാർത്ഥികൾക്ക് കൂടുതൽ മികച്ച പ്രശ്നപരിഹാര ശേഷിയും പ്രകൃതി തത്വങ്ങളെക്കുറിച്ച് ആഴത്തിലുള്ള ധാരണയും വികസിപ്പിക്കാൻ കഴിയും.
കോഴ്‌സിനെ രണ്ട് ഭാഗങ്ങളായി (കോഴ്‌സ് 03, കോഴ്‌സ് 04) തിരിച്ചിരിക്കുന്നു, ഇത് 12-ാം ക്ലാസിലെ ഫിസിക്‌സിലെ വിപുലമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നു:
കോഴ്സ് 03 മൊഡ്യൂളുകൾ (യൂണിറ്റുകൾ 1-5)
- ഇലക്ട്രോസ്റ്റാറ്റിക്സ് - ഇലക്ട്രിക് ചാർജുകൾ, ഫീൽഡുകൾ, ഡൈപോളുകൾ, ഗോസ് നിയമം, കപ്പാസിറ്റൻസ്
- കറന്റ് ഇലക്ട്രിസിറ്റി - ഡ്രിഫ്റ്റ് വെലോസിറ്റി, റെസിസ്റ്റൻസ്, റെസിസ്റ്റിവിറ്റി, കിർഷോഫിന്റെ നിയമങ്ങൾ, വൈദ്യുതോർജ്ജവും പവറും
- വൈദ്യുത പ്രവാഹത്തിന്റെ കാന്തികഫലങ്ങളും കാന്തികതയും - ബയോ-സവാർട്ട് നിയമം, സൈക്ലോട്രോൺ, ഭൂമിയുടെ കാന്തികത, ഗാൽവനോമീറ്റർ
- ഇലക്ട്രോമാഗ്നറ്റിക് ഇൻഡക്ഷനും ആൾട്ടർനേറ്റിംഗ് കറന്റും - ലെൻസിന്റെ നിയമം, എഡ്ഡി കറന്റുകൾ, എസി സർക്യൂട്ടുകൾ, ട്രാൻസ്ഫോർമറുകൾ, പവർ ട്രാൻസ്മിഷൻ
- ഇലക്ട്രോമാഗ്നറ്റിക് വേവ്സ് - മാക്സ്‌വെല്ലിന്റെ സമവാക്യങ്ങൾ, സ്പെക്ട്രം, പ്രയോഗങ്ങൾ
കോഴ്സ് 04 മൊഡ്യൂളുകൾ (യൂണിറ്റുകൾ 6-10)
- ഒപ്റ്റിക്സ് - പ്രതിഫലനം, അപവർത്തനം, പ്രിസങ്ങൾ, വേവ് ഒപ്റ്റിക്സ്, ഇന്റർഫെറൻസ്, ഡിഫ്രാക്ഷൻ, പോളറൈസേഷൻ
- വികിരണത്തിന്റെയും ദ്രവ്യത്തിന്റെയും സ്വഭാവം - ഫോട്ടോ ഇലക്ട്രിക് പ്രഭാവം, ഐൻസ്റ്റീന്റെ സമവാക്യം, ഡി ബ്രോഗ്ലി തരംഗങ്ങൾ
- ആറ്റങ്ങളും ന്യൂക്ലിയസുകളും - ആറ്റം മാതൃകകൾ, ബോറിന്റെ സിദ്ധാന്തം, റേഡിയോആക്ടിവിറ്റി, ആണവോർജ്ജം
- ഇലക്ട്രോണിക് ഉപകരണങ്ങൾ - അർദ്ധചാലകങ്ങൾ, ഡയോഡുകൾ, ട്രാൻസിസ്റ്ററുകൾ, ആംപ്ലിഫയറുകൾ, ഡിജിറ്റൽ ഇലക്ട്രോണിക്സ്
- കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് - മോഡുലേഷൻ, തരംഗങ്ങളുടെ പ്രസരണം, ആധുനിക ആശയവിനിമയം
രണ്ട് കോഴ്സുകളിലുമായി 43 മൊഡ്യൂളുകളിലായി 10 യൂണിറ്റുകളുണ്ട്, ഓരോ മൊഡ്യൂളിനും അധിക വായനാ സാമഗ്രികളും ഒരു അന്തിമ വിലയിരുത്തലും നൽകിയിരിക്കുന്നു.
കോഴ്‌സിന്റെ സംഗ്രഹം;
ഇരുപത്തിനാല് ആഴ്ച നീണ്ടുനിക്കുന്ന ക്ലാസുകൾ ഇംഗ്ലീഷ് ഭാഷയിലായിരിക്കും ലഭ്യമാകുക. സെപ്റ്റംബർ 1, 2025-ന് എൻറോൾമെന്റ് അവസാനിക്കും. സെപ്റ്റംബർ 7-ന് പരീക്ഷാ രജിസ്ട്രേഷൻ അവസാനിക്കും. സെപ്റ്റംബർ 10-നാണ് പരീക്ഷ (സീറ്റുകളുടെ ലഭ്യതയ്ക്ക് വിധേയം; അന്തിമ തീയതി ഹോൾ ടിക്കറ്റിൽ ഉണ്ടാകും)
Content Highlights: NCERT conducting free online physics classes for plus two students
Published: 22 Aug 2025, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented