ന്യൂഡൽഹി : എംഫില്‍ കോഴ്‌സിലേക്ക് അഡ്മിഷന് വിളിക്കുന്ന സര്‍വ്വകലാശാല വാര്‍ത്തകളില്‍ വഞ്ചിതരാവരുതെന്ന് യുജിസി. എംഫില്‍ കോഴ്‌സ് നേരത്തെ തന്നെ യുജിസി റദ്ദാക്കയതാണ്. എന്നാല്‍ ഇത് മാനിക്കാതെ പല സര്‍വകലാശാലകളും എംഫില്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ക്ഷണിക്കുന്നുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് യുജിസി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

To advertise here,

സര്‍വകലാശാലകള്‍ നല്‍കുന്ന എംഫില്‍ ബിരുദ കോഴ്സിന് ഇനി നിയമസാധുതയില്ലെന്ന് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ എംഫില്‍ പ്രോഗ്രാമുകള്‍ നല്‍കരുതെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ പല സര്‍വകലാശാലകളും അഡ്മിഷന് ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ ഇട്ടതോടെയാണ് 2023-24 അധ്യയന വര്‍ഷത്തേക്കുള്ള എംഫില്‍ പ്രോഗ്രാമിലേക്കുള്ള പ്രവേശനം നിര്‍ത്താന്‍ അടിയന്തര നടപടികള്‍ സര്‍വകലാശാലകൾ അധികൃതര്‍ സ്വീകരിക്കണമെന്ന ഉത്തരവ് യുജിസി ഇറക്കിയത്.

"എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) പ്രോഗ്രാമിലേക്ക് ഏതാനും സര്‍വകലാശാലകള്‍ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടണ്ട്. എംഫില്‍ ബിരുദം അംഗീകൃതമല്ല എന്നത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. യുജിസിയുടെ (മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് പ്രൊസീജേഴ്സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി) 2022 റെഗുലേഷന്‍പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുണ്ട് . അതിനാല്‍ അഡ്മിഷന്‍ നിര്‍ത്താന്‍ അടിയന്തിര നടപടി സര്‍വകലാശാലകള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിക്കുന്നു 'എന്നാണ് യുജിസി പുതുതായി ഇറക്കിയ നോട്ടിഫിക്കേഷനില്‍ പറയുന്നത്.