പട്ടാമ്പി: മിയയും തംബുരു എന്നറിയപ്പെടുന്ന മിഖയും പുതിയ അധ്യയനവർഷത്തിൽ സ്കൂളിലെത്തുന്നത് ചലച്ചിത്രതാരങ്ങളെന്ന പ്രൗഢിയോടെയാണ്. പ്രവേശനോത്സവത്തിന്റെ ആഘോഷങ്ങളിൽ സ്കൂളുകളുടെ താരമായാണ് ഇരുവരും എത്തുക. 'നരിവേട്ട' സിനിമയിൽ മുഴുനീളവേഷം ചെയ്ത് കൈയടി നേടിയിരിക്കയാണ് ഈ സഹോദരങ്ങൾ. മിയ കൂടല്ലൂർ ഗവ. ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയും മിഖ പട്ടിത്തറ ജിഎൽപി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയുമാണ്. ഇരുവർക്കും സ്കൂളിൽ സ്വീകരണമൊരുക്കുന്നുണ്ട്.
മിയ പുതിയ സ്‌കൂളിലേക്കാണ് പോകുന്നതെങ്കിലും മുൻപുപഠിച്ച സ്കൂളിലെത്താൻ പറഞ്ഞിരിക്കയാണ് സ്കൂളധികൃതർ. 'നരിവേട്ട' സിനിമ കണ്ടവരാരും മിയയെയും മിഖയെയും മറക്കില്ല. മുത്തങ്ങ സമരത്തീച്ചൂളയുടെ നേർക്കാഴ്ചകൾ ഈ സഹോദരിമാരിലൂടെ മലയാളികൾ തൊട്ടറിയുകയായിരുന്നു.
പട്ടിത്തറ പൂലേരി ചോലപ്പറമ്പിൽ മനുവിന്റെയും ജിഷയുടെയും മക്കളായ ഇവർ പഠനത്തോടൊപ്പം കലാപ്രവർത്തനങ്ങളിലും സജീവമായിരുന്നു. പിതാവിന്റെ സഹോദരനായ മജുലീല മോഹനന്റെ ഇൻസ്റ്റഗ്രാം റീൽസിലൂടെ സജീവമാണ് ഇരുവരും. മിഖയുടെ റീൽസ് കണ്ടതോടെ സിനിമയുടെ സഹസംവിധായകൻ കിരൺ, മജുവുമായി ബന്ധപ്പെട്ടു. സിനിമയുടെ അണിയറപ്രവർത്തകരെ കാണാൻ മിഖയുമായി വയനാട്ടിലെത്താൻ ആവശ്യപ്പെട്ടു. കുട്ടിയുമായി സംസാരിച്ചു. സിനിമയിൽ വേഷം ഉറപ്പാണെന്ന് അറിയിച്ചു. പിന്നീട് സംവിധായകൻ അനുരാജ് മനോഹറിനെ കാണാൻ വയനാട്ടിലെത്തുമ്പോൾ മിയയും കൂടെയുണ്ടായിരുന്നു. ഇതോടെ മിയയും സിനിമയിലെത്തി.
സ്കൂളിൽനിന്ന് പ്രത്യേക അനുമതിവാങ്ങിയാണ് 49 ദിവസത്തോളം വയനാട്ടിൽ താമസിച്ച് ചിത്രീകരണത്തിൽ പങ്കെടുത്തത്. സഹോദരൻ മിലൻ പട്ടിത്തറ ജിഎൽപി സ്കൂളിൽ എൽകെജിയിൽ പഠിക്കുകയാണ്.
Content Highlights: Mia and Mikha, child actors from `Nariveetta,` return to school after film success.
Published: 02 Jun 2025, 08:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented