സമഗ്ര ശിക്ഷാകേരളത്തിനുള്ള (എസ്.എസ്.കെ) കേന്ദ്രഫണ്ട് മുടങ്ങിയതോടെ, പൊതു വിദ്യാലയങ്ങളിലേക്ക് പട്ടിക വര്‍ഗവിദ്യാര്‍ഥികളുടെ വരവ് കുറഞ്ഞു. ഒന്നുമുതല്‍ പത്തു വരെ ക്ലാസുകളിലായി സര്‍ക്കാര്‍സ്‌കൂളില്‍ 39,141, എയ്ഡഡില്‍ 25,950 എന്നിങ്ങനെ 65,091 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പൊതു വിദ്യാലയങ്ങളില്‍ ചേര്‍ന്നത്.
ഇതില്‍ മൂന്നിലൊന്നുപേരും പഠിക്കാനെത്തുന്നില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള കണക്കില്‍ കൊഴിഞ്ഞുപോക്ക് വ്യക്തമായതോടെ, കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ഊര്‍ജിതനടപടി തുടങ്ങി. ആദ്യപടിയായി 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ കൃത്യമായി ദൈനംദിനഹാജര്‍ രേഖപ്പെടുത്തി അയക്കാന്‍ പ്രഥമാധ്യാപകര്‍ക്കും സ്‌കൂളുകള്‍ക്കും പൊതുവിദ്യാഭ്യാസഡയറക്ടര്‍ നിര്‍ദേശം നല്‍കി.
ജൂലായിലും ഓഗസ്റ്റിലും ചേര്‍ന്ന ഉന്നതതലയോഗങ്ങളില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പഠനവും വ്യക്തിഗതശ്രദ്ധയും ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെ ക്ലാസിലെത്തിയ കുട്ടികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ മൂന്നുമുതല്‍ 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ ഹാജരും രേഖപ്പെടുത്തണം.
പട്ടികവര്‍ഗ കുട്ടികളുടെ പഠനം ഉറപ്പാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് എസ്.എസ്.കെ വഴിയാണ്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള പി.എം ശ്രീ പദ്ധതി നടപ്പാക്കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് തടഞ്ഞു വെച്ചിരിക്കുകയാണ്. 1500 കോടിയിലേറെ രൂപയാണ് ഈയിനത്തില്‍ കേന്ദ്രം നല്‍കാനുള്ളത്. ഇതിനാല്‍, വിദ്യാഭ്യാസപദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ എസ്.എസ്.കെക്കാവുന്നില്ല. ദുര്‍ഘടപ്രദേശങ്ങളില്‍ താമസിക്കുന്നവരെ വൊളന്റിയര്‍മാരെ നിയോഗിച്ചാണ് കുട്ടികളെ സ്‌കൂളിലെത്തിക്കുന്നത്. വാഹനത്തിന് ഒരു കുട്ടിക്ക് 600 രൂപവീതം മുടക്കണം. പണമില്ലാത്തതിനാല്‍ ഈ ചെലവും വഹിക്കാനാവുന്നില്ല.
സംസ്ഥാനത്തെ 60 ഊരുവിദ്യാകേന്ദ്രങ്ങള്‍ പൂട്ടി. വനമേഖ ലയിലുള്ളവരുടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള 336 പ്രാദേശിക പ്രതിഭാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ഗോത്രവര്‍ഗ വിദ്യാര്‍ഥികളെ അവരുടെ ഭാഷയില്‍ പഠിപ്പിക്കാനുള്ള 'പഠിപ്പുറസി' പദ്ധതിയും കാര്യമായി നടക്കുന്നില്ല. മൂന്നുവര്‍ഷമായി സ്‌റ്റൈപ്പെന്‍ഡും വിതരണം ചെയ്യാനാവാത്ത സ്ഥിതിയാണ്.
Content Highlights: Central fund freeze impacts tribal students` education in Kerala. Govt mandates daily attendance tracking via `Sampoorna` portal to curb dropout rates.
Published: 04 Oct 2025, 08:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented