ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന രീതി മാറിക്കൊണ്ടിരിക്കുന്നു. യോഗ്യതാ പരീക്ഷാ മാര്‍ക്ക് പരിഗണിച്ച് കോഴ്‌സുകളില്‍ പ്രവേശനം നല്‍കുന്ന രീതി ക്രമേണ അപ്രത്യക്ഷമാവുകയാണ്. പകരം പ്രവേശന പരീക്ഷകള്‍ വഴി പ്രവേശനം നല്‍കുന്ന രീതി വ്യാപകമാകുന്നു.

To advertise here,

യോഗ്യതാപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രീതിയിൽ, പ്രവേശനപരീക്ഷയ്ക്കു തയ്യാറെടുത്ത് അഭിമുഖീകരിക്കാൻ കഴിയില്ല. മത്സരം കഠിനമായതിനാൽ മികച്ച സ്കോറും റാങ്കും നേടേണ്ടത്, ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ/കോഴ്സിലെ പ്രവേശനത്തിന് അനിവാര്യമാണ്. പങ്കെടുക്കുന്നവരിൽ ആപേക്ഷികമായി മുന്നിലെത്തുകയുംവേണം. പരിശീലനവും ടൈം മാനേജ്മെന്റും ചിട്ടയായ പഠനവും സിലബസിനെക്കുറിച്ചുള്ള ധാരണയുമൊക്കെ ഇതിനാവശ്യമാണ്.

ഈ പശ്ചാത്തലത്തിൽ കേരളത്തിലെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി കേരളസർക്കാർ സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) ആരംഭിച്ച പദ്ധതിയാണ് ‘കീ ടു എൻട്രൻസ്’.

വരുംവർഷങ്ങളിൽ, തുടർപഠനത്തിന് കൂടുതൽസ്ഥാപനങ്ങൾ പ്രവേശനപരീക്ഷകൾ നിർബന്ധമാക്കാൻപോകുന്ന സാഹചര്യത്തിലാണ് പദ്ധതിക്ക് രൂപംനൽകിയത്.

കേരളത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളിലെ പ്രവേശനപരീക്ഷകളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസത്തിനും പ്രവേശനം നേടുന്നതിനും പ്രോഗ്രാം വിദ്യാർഥിയെ സഹായിക്കും. പരിശീലനം സൗജന്യമാണ്. സമാന്തര പരിശീലനസ്ഥാപനങ്ങളിൽ ചേർന്ന്‌ പ്രവേശന/അഭിരുചി പരീക്ഷാപരിശീലനത്തിലൂടെ പഠിക്കാൻകഴിയാത്തവർക്ക്‌ അവസരം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സവിശേഷതകൾ

‌പൊതുവിദ്യാലയങ്ങളിലെ (ഗവൺമെൻറ്, എയ്ഡഡ്) ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നതിന്. entrance.kite.kerala.gov.in-ൽ ലോഗിൻ സൗകര്യമുണ്ടാകും. ഒന്ന്, രണ്ട് വർഷങ്ങളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം.

വിക്ടേഴ്സ് ചാനലിനൊപ്പം പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടലും ഉപയോഗപ്പെടുത്തിയാണ് പരിശീലനം

പോർട്ടലിൽ രജിസ്റ്റർചെയ്ത് വീഡിയോ ലക്ചറുകൾ കാണാനും പരീക്ഷകൾ അഭിമുഖീകരിക്കാനും പ്രകടനം വിശകലനംചെയ്യാനും കഴിയും

ഇൻററാക്ടീവ് സെഷനുകൾ, പ്രാക്ടിക്കൽ ടെസ്റ്റുകൾ, ​േപഴ്സണലൈസ്ഡ് സ്റ്റഡിപ്ലാൻ, ലൈവ് ക്ലാസുകൾ, ഡിസ്കഷൻ ഫോറം, പെർഫോമൻസ് ട്രാക്കിങ് എന്നീ സൗകര്യങ്ങളുണ്ട്

മൊബൈൽസൗഹൃദമായി തയ്യാറാക്കിയ പോർട്ടലായതിനാൽ, കുട്ടികൾക്ക് വീട്ടിലിരുന്ന് പ്രവർത്തനങ്ങളിൽ ഏർപ്പെടാം

തുടക്കത്തിൽ, സി.യു.ഇ.ടി.-യു.ജി., കീം, നീറ്റ്, ജെ.ഇ.ഇ., ബിറ്റ്സാറ്റ്, സി.എ.- സി.പി.ടി., ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് തുടങ്ങിയവ അടിസ്ഥാനമാക്കി തയ്യാറാക്കുന്നതാകും പരിശീലനം

നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗങ്ങളിലെ ഉളളടക്കവുമായി ബന്ധപ്പെടുത്തിയായിരിക്കും പരിശീലനം

കേരളത്തിലെ വിദഗ്ധരായ അധ്യാപകരാകും പരിശീലനം നൽകുക

പരിശീലനരീതി

എല്ലാദിവസവും വിക്ടേഴ്സ് ചാനൽ വഴിയാകും ക്ലാസുകൾ. സംപ്രേഷണ ഷെഡ്യൂൾ, പോർട്ടൽവഴിയും സാമൂഹികമാധ്യമങ്ങൾ വഴിയും ലഭ്യമാക്കും. ഓരോ ദിവസവും സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിലെ ഒരു ക്ലാസെങ്കിലും സംപ്രേഷണം ചെയ്യും. നിലവിലെ പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങളുടെ അതേ ക്രമത്തിലാകും എപ്പിസോഡുകളുടെ സംപ്രേഷണം.

സംപ്രേഷണംചെയ്യുന്ന ക്ലാസുകൾ, തുടർന്നുള്ള ദിവസംമുതൽ ബന്ധപ്പെട്ട വെബ്പോർട്ടലിലും യുട്യൂബ് ചാനലിലും ലഭ്യമാക്കും. ക്ലാസുകളെ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകളും സ്വയംവിലയിരുത്തലിന്റെ ഭാഗമായി പോർട്ടലിൽ ക്രമീകരിച്ചിട്ടുണ്ട്. ഓരോ പാഠഭാഗത്തെയും ടേമിനെയും അടിസ്ഥാനമാക്കി സ്വയംവിലയിരുത്തലിന് ഉപയോഗിക്കാവുന്ന ടെസ്റ്റുകൾ പോർട്ടൽവഴി നടക്കും. പോർട്ടലുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രവർത്തനങ്ങൾക്ക് സഹായംനൽകാൻ സ്കൂളുകൾക്കും ലോഗിൻ സൗകര്യമുണ്ടാകും.

രജിസ്ട്രേഷൻ

entrance.kite.kerala.gov.in വഴി രജിസ്റ്റർചെയ്യണം. രണ്ടാംവർഷ വിദ്യാർഥികൾക്ക് ഇപ്പോൾ രജിസ്റ്റർചെയ്യാം. ഒന്നാംവർഷക്കാരുടെത്‌ നവംബർ 15-ന് ആരംഭിക്കും.

സൈറ്റിൽ ‘ജോയിൻ നൗ’ എന്ന ബട്ടൺ ക്ലിക്കുചെയ്ത് രജിസ്റ്റർചെയ്യാം. തുടർന്നുവരുന്ന പേജിൽ HSS/VHSE ബാധകമായത് തിരഞ്ഞെടുക്കണം. പ്ലസ്‌വൺ ആപ്ലിക്കേഷൻ നമ്പർ, ജനനത്തീയതി, സ്കൂൾ കോഡ് എന്നിവ തുടർന്ന് നൽകണം. ഏതാനും ഫീൽഡുകളിലെ ഡേറ്റ സ്‌ക്രീനിൽ കാണാം. ബാക്കിയുള്ളവ നൽകണം. ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ എന്നിവ നൽകണം.

തുടർന്ന്, രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ, യൂസർ നെയിം, പാസ്‌വേഡ് എന്നിവ ഇ-മെയിലിൽ ലഭിക്കും. വിജയകരമായി രജിസ്റ്റർചെയ്തിരിക്കുന്നു എന്ന സന്ദേശം വരും. ‘ഒ.കെ.’ ക്ലിക്ക് ചെയ്യണം. യൂസർ നെയിം, പാസ്‌വേഡ്, കാപ്ച എന്നിവ നൽകി ലോഗിൻചെയ്ത്, സ്റ്റുഡൻറ് ഹോംപേജിൽ ചെന്ന് സേവനങ്ങൾ ഉപയോഗിക്കാം. എക്സാം, സ്റ്റാറ്റിസ്റ്റിക്സ്, ക്ലാസുകളുടെ വീഡിയോ ലിങ്കുകൾ, റഫറൻസിനായി ആ പാഠഭാഗത്തിന്റെ ‘ഫസ്റ്റ് ബെൽ’ ക്ലാസ് ലിങ്കുകൾ (വിഷയം തിരിച്ച്) കാണാം. നടപടിക്രമങ്ങൾ ഹോംപേജിൽ വിശദമായി ലഭിക്കും. ഉപയോഗം കഴിയുമ്പോൾ ‘ലോഗ് ഔട്ട്’ ചെയ്യണം.

സ്കൂളുകളുടെ പങ്കാളിത്തം

സ്കൂൾതലത്തിൽ പ്രിൻസിപ്പൽ, കരിയർ ഗൈഡ്, ഹയർസെക്കൻഡറി ഐ.ടി. കോഡിനേറ്റർ (എച്ച്.ഐ.ടി.സി.), സൗഹൃദ കോഡിനേറ്റർ എന്നിവരടങ്ങുന്ന സമിതി പ്രവർത്തങ്ങൾക്ക് നേത്വത്വം നൽകും. കോഡിനേഷൻ ചുമതല കരിയർ ഗൈഡിനായിരിക്കും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനം ‘കൈറ്റ്’ നേരിട്ട് കരിയർ ഗൈഡുമാർക്ക് നൽകും. തുടർന്ന്, കരിയർ ഗൈഡുമാർ എല്ലാ അധ്യാപകർക്കും പരിശീലനം നൽകും. അതോടൊപ്പം പരിപാടിയെക്കുറിച്ചുള്ള അവബോധം കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും നൽകും.

ലോഗിൻ സൗകര്യം ക്രമീകരിക്കുന്നവിധം കുട്ടികൾക്ക് പരിചയപ്പെടുത്തും. ലോഗിൻ ചെയ്യാൻ, കുട്ടിയുടെ പ്ലസ്‌വൺ ആപ്ലിക്കേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമാക്കാൻ ക്ലാസ് ചുമതലയുള്ള ടീച്ചർ സഹായിക്കും.

രജിസ്ട്രേഷനായി സ്കൂളിലെ ലാബുകളിലെ സൗകര്യമുപയോഗിക്കാം. രണ്ടാംവർഷ ക്ലാസുകളാരംഭിച്ചതിനാൽ രജിസ്ട്രേഷൻ നടപടികൾ വേഗം പൂർത്തിയാക്കണം. രജിസ്ട്രേഷന്‌ കുട്ടികളെ സഹായിക്കാൻ സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റുകളുടെ സഹായമുപയോഗിക്കാം.

പോർട്ടൽ ഉപയോഗിക്കേണ്ടവിധം കുട്ടിക്ക് പരിചയപ്പെടുത്തും. ഇതിന്റെ ഭാഗമായി പോർട്ടലിൽ ക്രമീകരിച്ച വിഷയങ്ങൾ കൈകാര്യംചെയ്യുന്ന ടീച്ചർ കുറഞ്ഞത് രണ്ടുക്ലാസുകളെങ്കിലും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതാണ് ഉചിതം. ക്ലാസിൽ വിനിമയം ചെയ്തുകഴിഞ്ഞ പാഠഭാഗം ഉൾപ്പെട്ട എപ്പിസോഡാണ് ഇതിന്‌ പരിഗണിക്കേണ്ടത്.

വിദ്യാർഥി കണ്ട ക്ലാസുമായി ബന്ധപ്പെട്ട ടെസ്റ്റുകൾ ചെയ്യേണ്ടവിധവും പരിചയപ്പെടുത്തും. പരിശീലനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ അധ്യാപകരെ സഹായിക്കാൻ ക്ലാസ്‌തലത്തിൽ ഓരോ വിഷയത്തിനും ഒരു കുട്ടിയെ മെൻററായി നിയമിക്കാം.

അവസരം പ്രയോജനപ്പെടുത്താം

പ്രവേശനപരീക്ഷകളിൽ മുന്നിലെത്താൻ ചിട്ടയായ പരിശീലനം, മാതൃകാപരീക്ഷകൾ അഭിമുഖീകരിക്കൽ, സിലബസ് പ്രകാരമുള്ള വിശദമായ പഠനം, ശരിയുത്തരത്തിനുപരി ഏറ്റവും അനുയോജ്യമായ ഉത്തരംകണ്ടെത്തൽ എന്നിവയൊക്കെ അനിവാര്യമാണ്. അതിനുസഹായകരമായ പദ്ധതിയാണ് ‘കീ ടു എൻട്രൻസ്’.

സർക്കാർ സ്ഥാപനമായ കൈറ്റ്‌ നൽകുന്നു പ്രവേശനപരീക്ഷകൾക്ക് സൗജന്യപരിശീലനം

അവസരം കേരള ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക്