തിരുവനന്തപുരം: കാടകത്തിലെ ശാന്തതയ്ക്കൊപ്പം പുറംലോകത്തെ ദൃശ്യചലനങ്ങളും ചേർത്തുവായിച്ച് അറിവിന്റെ ആകാശം നേടാൻ ആദിവാസിവിദ്യാർഥികൾക്കായി വൈകാതെ ‘സ്മാർട്ട് പഠനമുറി’ ഒരുങ്ങും. എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കുവേണ്ടിയാണ് പട്ടികവർഗ വകുപ്പിന്റെ മുൻകൈയിൽ ഈ അത്യാധുനിക പഠനമുറി. ഈവർഷം അയ്യായിരം കുട്ടികൾക്കുള്ള പഠനമുറി ഒരുക്കുമെന്ന് അധികൃതർ പറഞ്ഞു.

To advertise here,

വയനാട്, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യഘട്ടം. എട്ടുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുണ്ടായിരിക്കണമെന്നു മാത്രമല്ല, വീടുകൾ സുരക്ഷിത കെട്ടിടമായിരിക്കണമെന്നാണ് വ്യവസ്ഥ. ഓരോ വീടിനും രണ്ടരലക്ഷം രൂപവീതമാണ് സഹായധനം. മേശ, കസേര, വെളിച്ചം, പുസ്തകങ്ങൾ തുടങ്ങിയ സൗകര്യങ്ങൾക്കു പുറമേ ടെലിവിഷൻ, കംപ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങളോടെ പഠനമുറി സ്മാർട്ടാക്കും. ഇതോടെ, കുട്ടികൾക്ക് ഓൺലൈനായി പഠിക്കാൻ അവസരമൊരുങ്ങും. വീടിന്റെ സുരക്ഷ ഉറപ്പാക്കിമാത്രമേ ഗുണഭോക്താക്കളെ തീരുമാനിക്കൂ. അതിനാൽ, തദ്ദേശവകുപ്പുമായി സഹകരിച്ചാവും പദ്ധതി നിർവഹണം. ഇതുവരെ പട്ടികജാതിവിദ്യാർഥികൾക്കു മാത്രമായിരുന്നു ഈ സൗകര്യം. പഠനമുറിയിൽ ഫർണിച്ചറും പുസ്തകങ്ങളും മാത്രമേ ലഭ്യമാക്കിയിരുന്നുള്ളൂ. ടിവി ഇന്റർനെറ്റ് പോലുള്ള സ്മാർട്ട് സൗകര്യങ്ങളൊന്നും നൽകിയിരുന്നില്ല. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ 40,236 പഠനമുറികൾ നിർമിക്കാൻ സർക്കാർ രണ്ടുലക്ഷം രൂപവീതം അനുവദിക്കുകയും ചെയ്തു.