പരിഷ്കാരം അടുത്തവർഷം മുതൽ, സ്കൂൾ കെട്ടിടങ്ങളുടെ രൂപകല്പന മാറും

തിരുവനന്തപുരം: സ്കൂൾ ക്ലാസ് മുറിയിൽ പിൻബെഞ്ച് ഒഴിവാക്കാൻ ബെഞ്ചിനും ഡെസ്കിനുംപകരം എഴുത്തുസൗകര്യമുള്ള കസേരകൾ ഉപയോഗിക്കാൻ നിർദേശം. ക്ലാസ് മുറികൾ സ്ഥിരമായ ചതുരരൂപത്തിൽ നിന്നുമാറി, വിവിധ ആവശ്യങ്ങൾക്കായി മാറ്റിയെടുക്കാനാവുന്ന വിധത്തിൽ രൂപകല്പന ചെയ്യണമെന്നും സർക്കാർ നിയോഗിച്ച വിദഗ്ധസമിതി ശുപാർശ ചെയ്തു.
പിൻബെഞ്ച് ഒഴിവാക്കിയുള്ള ഇരിപ്പിടക്രമീകരണത്തിനായി മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശമനുസരിച്ച് എസ്.സി.ഇ.ആർ.ടി. നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം കരിക്കുലം കമ്മിറ്റി അംഗീകരിച്ചു.
സാങ്കേതികവിദ്യയുടെ വളർച്ചയും പുതിയ വിദ്യാഭ്യാസരീതികളും കണക്കിലെടുത്ത്, ഭാവിയിൽ സ്കൂൾ കെട്ടിടങ്ങളുടെ രൂപകല്പനയിൽ മാറ്റംവരുത്തും. ഒരു പഠിതാവിന് 10 ചതുരശ്രയടിയിൽ കുറയാത്ത സ്ഥലം ഉറപ്പാക്കി ക്ലാസ് മുറി രൂപകല്പന ചെയ്യണമെന്നും സമിതി ശുപാർശചെയ്തു. പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറിവരെയുള്ള ക്ലാസുകളിൽ പിൻബെഞ്ച് ഒഴിവാക്കിയുള്ള ഇരിപ്പിടം അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉടൻ ഉത്തരവിറക്കും.
എഴുത്ത് സൗകര്യമുള്ള കസേരകൾ പഠിതാക്കളുടെ സ്വതന്ത്രമായ ഇരിപ്പ്, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, സജീവ ഇടപെടലുകൾ എന്നിവയ്ക്കു സഹായകമാവുമെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തൽ. എളുപ്പത്തിൽ നീക്കാവുന്നതും ഭാരം കുറഞ്ഞതുമായ മേശയും കസേരയും ഉപയോഗിച്ചാൽ, പഠനവിഷയത്തിന്റെ സ്വഭാവമനുസരിച്ച് ക്ലാസ് ക്രമീകരിക്കാം.
‘ഇരുന്ന് കേൾക്കുന്ന’ പരമ്പരാഗതരീതി മാറ്റി, നിന്നും നടന്നും പ്രവർത്തിച്ചുമുള്ള നൂതന പഠനരീതികൾക്കനുസരിച്ച് ഇരിപ്പിടം ക്രമീകരിക്കണം. സ്ഥിരമായി ഒരു ക്ലാസ്‌മുറി ഒരു ബാച്ചിന് അനുവദിക്കുന്നതു മാറ്റി ‘വിഷയാധിഷ്ഠിത ക്ലാസ് മുറി’ എന്ന സുപ്രധാനമാറ്റം കൊണ്ടുവരണമെന്നും സമിതി നിർദേശിച്ചു.
Content Highlights: Kerala schools are ditching the back bench
Published: 12 Feb 2026, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented