നല്കുന്ന വിവരങ്ങള് അടിസ്ഥാനമാക്കി മാത്രം അലോട്‌മെന്റ് നടത്തുന്നതിനാല് വിവരങ്ങള് കൃത്യതയോടെ രേഖപ്പെടുത്താന് ശ്രദ്ധിക്കണം

കേരളത്തിൽ പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിലെ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ കോഴ്‌സുകളിലേക്കുള്ള ഏകജാലക പ്രവേശനത്തിന് ജൂൺ മൂന്നുവരെ hscap.kerala.gov.in വഴി അപേക്ഷിക്കാം.
കോഴ്‌സ് ഘടന, വിഷയങ്ങൾ
രണ്ടുവർഷമാണ് കോഴ്‌സ് ദൈർഘ്യം. മൊത്തം ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത് - ഇംഗ്ലീഷ്, ഒരു ഭാഷാ വിഷയം (സെക്കൻഡ് ലാംഗ്വേജ്), നാല് ഓപ്ഷണൽ വിഷയങ്ങൾ.
ഭാഷാവിഷയങ്ങളിൽ മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, കന്നട, ഉറുദു, തമിഴ്, സിറിയക്, ലാറ്റിൻ, ജർമൻ, റഷ്യൻ, ഫ്രഞ്ച് എന്നിവയുണ്ട്.
വിവിധ ഓപ്ഷണൽ വിഷയങ്ങൾ ഉൾപ്പെടുന്ന 45 കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാൻ ലഭ്യമാണ്. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച്, ഈ 45 കോമ്പിനേഷനുകളെ സയൻസ് (ഒൻപത് എണ്ണം), ഹ്യുമാനിറ്റീസ് (32) കൊമേഴ്‌സ് (നാല്) ഗ്രൂപ്പുകളായി തിരിച്ച് പ്രോസ്െപക്ടസിൽ നൽകിയിട്ടുണ്ട് (ക്ലോസ് 18, പേജ് 21).
- സയൻസ് ഗ്രൂപ്പിൽ, വിവിധ കോമ്പിനേഷനുകളിലായി ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, ഹോം സയൻസ്, ജിയോളജി, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി എന്നീ വിഷയങ്ങളുണ്ട്.
- ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, ഇസ്ലാമിക് ഹിസ്റ്ററി, സൈക്കോളജി, ആന്ത്രോപ്പോളജി, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സാൻസ്‌ക്രിറ്റ് സാഹിത്യ, സാൻസ്‌ക്രിറ്റ് ശാസ്ത്ര, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയാണ് വിവിധ വിഷയങ്ങൾ.
- കൊമേഴ്‌സ് ഗ്രൂപ്പിൽ, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ വിഷയങ്ങൾ.
- സയൻസ്/ഹ്യുമാനിറ്റീസ്/കൊമേഴ്‌സ് വിഭാഗങ്ങളിൽ ഓരോന്നിലും ഉൾപ്പെടുന്ന വിഷയങ്ങളിൽ നാലെണ്ണം വിവിധ കോമ്പിനേഷനുകളിലായി വരാം.
എല്ലാ രണ്ടാം ഭാഷാ വിഷയങ്ങളും, ഓപ്ഷണൽ വിഷയ കോമ്പിനേഷനുകളും എല്ലാ സ്‌കൂളുകളിലും ഉണ്ടാകില്ല. ഓരോ സ്‌കൂളിലും ഉള്ള രണ്ടാംഭാഷാ വിഷയങ്ങൾ, ഓപ്ഷണൽ കോമ്പിനേഷനുകൾ എന്നിവ ജില്ല തിരിച്ച്, വെബ് സൈറ്റിൽ നിന്നും മനസ്സിലാക്കാം (പ്രോെസ്പക്ടസ് > അനുബന്ധം 7 നോക്കുക)
പ്രവേശനയോഗ്യത
എസ്.എസ്.എൽ.സി. (കേരള സിലബസ്), ടി.എച്ച്.എസ്.എൽ.സി., സി.ബി.എസ്.ഇ./സി.ഐ.എസ്.സി.ഇ. ബോർഡുകളുടെ തത്തുല്യ പത്താംക്ലാസ് പരീക്ഷ തുടങ്ങിയവയിലൊന്ന് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ ജയിച്ചവർക്ക് അപേക്ഷിക്കാം.
പൊതു പരീക്ഷയിലെ ഓരോ പേപ്പറിനും കുറഞ്ഞത് ഡി + ഗ്രേഡോ തത്തുല്യ മാർക്കോ നേടി ഉന്നതപഠനത്തിന് യോഗ്യത നേടിയിരിക്കണം.
സി.ബി.എസ്.ഇ.യിൽ പഠിച്ചവരിൽ, മാത്തമാറ്റിക്‌സ് സ്റ്റാൻഡാർഡ് പാസ്സായവർക്കേ ഹയർ സെക്കൻഡറിയിൽ മാത്തമാറ്റിക്സ് ഉൾപ്പെടുന്ന കോംബിനേഷൻ തിരഞ്ഞെടുക്കാൻ അർഹത ലഭിക്കൂ.
അർഹതയില്ലാത്തവർ
സാക്ഷരതാ മിഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്, മറ്റ് ഓപ്പൺ സ്‌കൂൾ സംവിധാനങ്ങൾ എന്നിവയുടെ അനൗപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പത്താംതരം യോഗ്യത നേടിയവർക്ക് ഹയർ സെക്കൻഡറി റഗുലർ സ്ട്രീമിൽ അപേക്ഷിക്കാൻ അർഹതയില്ല. (ഈ സംവിധാനങ്ങളിലൂടെ പത്താംതരം യോഗ്യത നേടുകയും തുടർന്ന് കേരള സിലബസ് എസ്.എസ്.എൽ.സി.ക്ക് തുല്യമെന്ന, കേരള പരീക്ഷാഭവൻ തുല്യതാ സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് സ്‌കോൾ - കേരള വഴി, മാനദണ്ഡങ്ങൾക്കു വിധേയമായി തുടർപഠനം സാധ്യമാണ്)
പ്രായം
2026 ജൂൺ ഒന്നിന് 15 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ, ഈ ദിവസം 20 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ രണ്ടുവർഷത്തെ ഇളവുണ്ട് (22 വയസ്സുവരെ ആകാം). അന്ധർ, ബധിരർ, ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ ഉയർന്ന പ്രായപരിധി 25 വയസ്സായിരിക്കും.
കേരള പൊതുപരീക്ഷാ ബോർഡിൽ നിന്നും എസ്.എസ്.എൽ.സി. ജയിച്ചവർക്ക് കുറഞ്ഞ പ്രായപരിധിയില്ല.
ഒരു റവന്യൂ ജില്ലയിലേക്ക് ഒരു അപേക്ഷ
മെറിറ്റ് സീറ്റിലേക്ക്, ഒരു റവന്യൂ ജില്ലയിൽ ഒരു അപേക്ഷയേ നൽകാവൂ. അപേക്ഷാ രജിസ്‌ട്രേഷൻ ഫീസായ 25 രൂപ പ്രവേശന സമയത്തെ ഫീസിനൊപ്പം നൽകിയാൽ മതി. ഒന്നിലധികം റവന്യൂ ജില്ലകളിൽ പ്രവേശനം തേടുന്നവർ, ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകണം.
ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് ഒന്നിൽ കൂടുതൽ ജില്ലകളിൽ അലോട്‌മെന്റ് ലഭിച്ചാൽ, അവർ ഏതെങ്കിലും ഒരു ജില്ലയിൽ പ്രവേശനം നേടണം. അതോടെ മറ്റ് ജില്ലകളുടെ ഓപ്ഷനുകൾ തനിയേ റദ്ദാകുന്നതാണ്. ഇവർക്ക്, അലോട്‌മെന്റ് ലഭിച്ച ജില്ലയിൽ താത്കാലിക അഡ്മിഷൻ എടുത്ത് അതേ ജില്ലയിലെ മെച്ചപ്പെട്ട ഓപ്ഷനുകൾക്കായി കാത്തിരിക്കാം.
എന്നാൽ, ആദ്യം ഒരു ജില്ലയിൽമാത്രം അലോട്‌മെന്റ് ലഭിക്കുകയും അതനുസരിച്ച് പ്രവേശനംനേടിയശേഷം തുടർന്നുള്ള അലോട്‌മെന്റിൽ മറ്റൊരു ജില്ലയിൽ പൂതിയ അലോട്‌മെന്റ് ലഭിക്കുകയും ചെയ്താൽ പുതിയ അലോട്‌മെന്റ് സ്വീകരിക്കാം. തുടർന്ന്, പുതുതായി പ്രവേശനം നേടിയ ജില്ലയിലെ ഹയർ ഓപ്ഷനുകളേ പരിഗണിക്കൂ. ആദ്യ ജില്ലയിലെ ഓപ്ഷനുകൾ തനിയെ റദ്ദാകും.
സ്ഥിര/താത്കാലിക പ്രവേശനം
തന്റെ ഒന്നാം ഓപ്ഷൻ അനുവദിക്കപ്പെട്ടാൽ വിദ്യാർഥി ഫീസ് അടച്ച് ബന്ധപ്പെട്ട സ്‌കൂളിൽ പ്രവേശനം നേടണം. ഇത് സ്ഥിരപ്രവേശനമാണ് (താഴ്ന്ന ഓപ്ഷനുകൾ സ്വമേധയാ റദ്ദാകുമലോ. അപ്പോൾ ഒരു മാറ്റം ഉണ്ടാകില്ല). ഫീസടച്ചില്ലെങ്കിൽ പ്രവേശനം നഷ്ടമാകും. പിന്നീട് അവസരം ലഭിക്കുന്നതല്ല.
എന്നാൽ, താഴ്ന്ന ഒരു ഓപ്ഷൻ ലഭിക്കുന്ന വിദ്യാർഥിക്ക് താത്കാലിക പ്രവേശനം നേടി, ഉയർന്ന ഓപ്ഷനുകളിലേക്കുള്ള മാറ്റത്തിനായി കാത്തിരിക്കാം. താത്കാലിക പ്രവേശനം നേടാൻ ഫീസടയ്‌ക്കേണ്ടതില്ല. ഹയർ സെക്കൻഡറി പ്രവേശന യോഗ്യത തെളിയിക്കാനുള്ള അസൽ രേഖകൾ സ്‌കൂൾ പ്രിൻസിപ്പലിനെ ഏൽപ്പിക്കണം. മെച്ചപ്പെട്ട ഓപ്ഷൻ ലഭിക്കുമ്പോൾ താത്കാലിക പ്രവേശനം നേടിയ സ്‌കൂളിൽനിന്ന് അസൽ സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ സ്‌കൂളിൽ നൽകി പ്രവേശനം നേടണം. അസൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ പ്രവേശനം ലഭിക്കില്ല. മുഖ്യ അലോട്‌മെന്റുകൾ കഴിയുംവരെ താത്കാലിക അഡ്മിഷനിൽ തുടരാം. താഴ്ന്ന ഓപ്ഷനിൽ അഡ്മിഷൻ ലഭിച്ച ശേഷം അഡ്മിഷൻ സ്ഥിരപ്പെടുത്തണമെങ്കിൽ ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കി ഫീസടച്ച് സ്ഥിരപ്രവേശനം നേടാം.
അവർ പ്രവേശനം നേടുന്ന ദിവസം തന്നെ ഉയർന്ന ഓപ്ഷൻ റദ്ദു ചെയ്യാൻ ആഗ്രഹിക്കുന്ന വിവരം പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായും റദ്ദു ചെയ്യാവുന്നതാണ്. ഉയർന്ന ഓപ്ഷൻ റദ്ദുചെയ്യാത്തവർക്ക് തുടർ അലോട്‌മെന്റിൽ അതിൽ ഒന്നു ലഭിച്ചാൽ, നിർബന്ധമായും പുതിയ അലോട്‌മെന്റ് സ്വീകരിക്കണം. പഴയത് നഷ്ടപ്പെടും.
താത്കാലിക പ്രവേശനം നേടാതിരുന്നാലും പ്രക്രിയയിൽനിന്നു പുറത്താകും.
ട്രയൽ അലോട്‌മെന്റ്
യഥാർഥ അലോട്‌മെന്റിനു മുൻപായി, അവസാനവട്ട പരിശോധന നടത്തുന്നതിലും തിരുത്തലുകൾ വേണമെങ്കിൽ, അവ നടത്തുന്നതിനും ഒരു ട്രയൽ അലോട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. അപേക്ഷയിലെ വിവരങ്ങളിൽ തെറ്റുകൾ ഉള്ള പക്ഷം, ഈ സമയത്ത് അവ തിരുത്താം. സ്‌കൂളുകൾ, സബ്ജക്ട് കോമ്പിനേഷനുകൾ (ഓപ്ഷനുകൾ) എന്നിവ മാറ്റാനും ഈ സമയത്ത് സൗകര്യമുണ്ടാകും.
മൂന്ന് റൗണ്ട് അലോട്‌മെന്റ്
മുഖ്യ അലോട്‌മെന്റിൽ മൂന്ന് റൗണ്ട് അലോട്‌മെന്റുകൾ ഉണ്ടാകും. അതിനു ശേഷമുള്ള ഒഴിവുകളിലേക്ക് സപ്ലിമന്ററി അലോട്‌മെന്റുകൾ നടത്തും. മുഖ്യ അലോട്‌മെന്റ് അവസാനിക്കുന്നതോടെ താത്കാലിക പ്രവേശനത്തിൽ തുടരുന്നവർ നിർബന്ധമായും പ്രവേശനം സ്ഥിരപ്പെടുത്തണം.
മോഡൽ റെസിഡൻഷ്യൽ ഹയർ സെക്കൻഡറി പ്രവേശനം
പട്ടികവർഗ വികസന വകുപ്പിന്റെ 15-ഉം, പട്ടികജാതി വികസന വകുപ്പിന്റെ ആറും മോഡൽ െറസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും പ്രവേശനം ഏകജാലക സംവിധാനം വഴി ആയിരിക്കും. ഇതിനുള്ള പ്രത്യേക അപേക്ഷ ഓൺലൈനായി നൽകാം. ലിങ്ക് സൈറ്റിൽ ഉണ്ട്. സമയക്രമം പ്രോസ്‌പെക്ടസിൽ ലഭിക്കും.
സീറ്റുകൾ
സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിലെ മൊത്തം സീറ്റുകൾ, എയ്ഡഡ് (ന്യൂനപക്ഷ/പിന്നാക്ക സമുദായ സ്‌കൂളുകൾ ഉൾപ്പടെ) ഹയർ സെക്കൻഡറി സ്‌കൂളുകളിലെ നിശ്ചിത ശതമാനം സീറ്റുകൾ (ഓപ്പൺ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ) എന്നിവ, ഏകജാലകം വഴി നികത്തുന്നു. അതിന്റെയും സീറ്റ് സംവരണത്തിന്റെയും വിശദാംശങ്ങൾ, പ്രോെസ്പക്ടസ് ക്ലോസ് 13-ൽ (പേജ് 11) നൽകിയിട്ടുണ്ട്.
മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട
എല്ലാ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം സീറ്റുകൾ മാനേജ്‌മെന്റ് ക്വാട്ട സീറ്റുകളാണ്. പിന്നാക്ക/ന്യൂനപക്ഷ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 20 ശതമാനം കമ്യൂണിറ്റി ക്വാട്ട സീറ്റുകളും ഉണ്ട്.
മാനേജ്‌മെന്റ് സീറ്റ് പ്രവേശനം അതത് മാനേജ്‌മെന്റുകൾ നടത്തും.
കമ്യൂണിറ്റി സീറ്റിലേക്ക് അതത് സമുദായത്തിൽ പെടുന്ന അപേക്ഷകരിൽ നിന്ന് ബന്ധപ്പെട്ട മാനേജ്*!*!*!െമന്റ് മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും.
മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട സ്‌കൂളിൽ നിന്നും ഇതിലേക്കുള്ള പ്രത്യേക അപേക്ഷാ ഫോം വാങ്ങി പൂരിപ്പിച്ച് അതത് സ്‌കൂളിൽ നൽകണം. ഈ സീറ്റുകളിലേക്കുള്ള അലോട്‌മെന്റ് ഏകജാലക പ്രവേശനത്തിന്റെ പരിധിയിൽ വരുന്നില്ല.
അൺ എയ്ഡഡ് ക്വാട്ട സീറ്റുകൾ
അംഗീകൃത അൺ എയ്ഡഡ് ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നത് അതത് സ്‌കൂൾ തലത്തിലാണ്. ഇവിടെ സീറ്റ് വിഭജനം (ശതമാനത്തിൽ) ഇപ്രകാരമായിരിക്കും: മെറിറ്റ് -40, പട്ടികജാതി സംവരണം -12, പട്ടികവർഗ സംവരണം -8, മാനേജ്‌മെന്റ് ക്വാട്ട -40 ഇതിനുള്ള അപേക്ഷയും ബന്ധപ്പെട്ട സ്‌കൂളിൽ നിന്നും വാങ്ങി പൂരിപ്പിച്ച് ആ സ്‌കൂളിലാണ് നൽകേണ്ടത്.
മറ്റ് ഷെഡ്യൂളുകൾ
സ്‌പോർട്‌സ്, കമ്യൂണിറ്റി, മാനേജ്മെന്റ്, അൺ എയ്ഡഡ് എന്നീ ക്വാട്ടകളിലെയും മുഖ്യ/സപ്ലിമെന്ററി ഘട്ട അലോട്മെന്റുകളുടെ സമയക്രമം പോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട്.
ഹെൽപ് ഡസ്‌കുകൾ
ഓൺലൈൻ അപേക്ഷാ സമർപ്പണത്തിനും നൽകിയ വിവരങ്ങളുടെ പരിശോധനയ്ക്കും പ്രവേശനം സംബന്ധിച്ച് വിദ്യാർഥികളുടെ സംശയ ദൂരീകരണത്തിനും സ്‌കൂൾ തലത്തിൽ അധ്യാപകരും രക്ഷകർത്തൃ സമതി അംഗങ്ങളും അടങ്ങുന്ന ഹെൽപ്പ് ഡസ്‌കുകൾ പ്രവേശന പ്രക്രിയ പൂർത്തിയാകും വരെ സ്‌കൂളുകളിൽ പ്രവർത്തിക്കും.
അപേക്ഷ
hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. അവിടെ 'ക്രിയേറ്റ് കാൻഡിഡേറ്റ് ലോഗിൻ - എസ്.ഡബ്ല്യു.എസ്.' ലിങ്ക് വഴി മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി. നൽകി പ്രവേശന നടപടികൾക്കായി അപേക്ഷാർഥിക്ക് തന്റേതായ പേജ് രൂപപ്പെടുത്താം.
ഇതുവഴിയാണ് അപേക്ഷാ സമർപ്പണവും തുടർന്നുള്ള പ്രവേശനപ്രവർത്തനങ്ങളും നടത്തേണ്ടത്. അതിനുള്ള മാർഗനിർദേശങ്ങൾ പ്രോസ്‌പെക്ടസ് ലിങ്കിലെ അനുബന്ധം 5-ൽ നൽകിയിട്ടുണ്ട്. യൂസർ മാനുവലും സൈറ്റിൽ ഉണ്ട്. പൊതുവിവരങ്ങൾ നൽകിയശേഷം ഗ്രേഡ് വിവരങ്ങൾ നൽകണം.
തുടർന്ന് പ്രവേശനം ആഗ്രഹിക്കുന്ന ഓപ്ഷനുകൾ നൽകണം.
പത്താം ക്ലാസ് പഠനം 'അദേഴ്‌സ്' എന്ന് നൽകുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യണം. വിഭിന്നശേഷി വിഭാഗക്കാർ മെഡിക്കൽ ബോർഡ് നൽകിയ സർട്ടിഫിക്കറ്റിന്റെ സ്‌കാൻ ചെയ്ത വ്യക്തതയുള്ള പകർപ്പ് അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ ഒരു സർട്ടിഫിക്കറ്റിന്റെയും പകർപ്പ് അപ്ലോഡ് ചെയ്യേണ്ടതില്ല.
നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി മാത്രം അലോട്‌മെന്റ് നടത്തുന്നതിനാൽ വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്താൻ ശ്രദ്ധിക്കണം. പ്രവേശന സമയത്ത് രേഖാപരിശോധനാ വേളയിൽ തെറ്റായ വിവരങ്ങൾ നൽകിയാണ് അലോട്‌മെന്റ് ലഭിച്ചതെന്നു കണ്ടെത്തിയാൽ അലോട്‌മെന്റ് റദ്ദാക്കും.
ഓപ്ഷൻ
ഒരു സ്‌കൂളും ഒരു സബ്ജക്ട് കോമ്പിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്‌കൂളും, ആ സ്‌കൂളിലെ ഏറ്റവും ഇഷ്ടപ്പെടുന്ന സബ്ജക്ട് കോമ്പിനേഷനുമാണ് ഒന്നാം ഓപ്ഷനായി നൽകേണ്ടത്. അത് ലഭിക്കുന്നില്ലെങ്കിൽ, രണ്ടാമതായി തന്നെ പരിഗണിക്കേണ്ട സ്‌കൂളും സബ്ജക്ട് കോമ്പിനേഷനുമാണ് രണ്ടാം ഓപ്ഷനായി നൽകേണ്ടത്. ഇപ്രകാരം മുൻഗണന നിശ്ചയിച്ച് താത്പര്യമുള്ള അത്രയും എണ്ണം ഓപ്ഷനുകൾ നൽകാം. ഒരു സ്‌കൂളിലെ വിവിധ സബ്ജക്ട് കോമ്പിനേഷനുകൾ വ്യത്യസ്ത ഓപ്ഷനുകളാണ്.
ഓപ്ഷൻ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഈ അനുബന്ധത്തിൽ നൽകിയിട്ടുണ്ട്. ജില്ല തിരിച്ചുള്ള സ്‌കൂളുകളുടെ പട്ടിക; ഓരോന്നിലും ഉള്ള സബ്ജക്ട് കോമ്പിനേഷനുകൾ, ലഭ്യമായ ഭാഷാ വിഷയം (സെക്കൻഡ് ലാംഗ്വേജ്) എന്നിവ വ്യക്തമാക്കി, അനുബന്ധം 7-ൽ ലഭിക്കും. ഇതു പരിശോധിച്ച് മുൻഗണനാക്രമം നിശ്ചയിക്കാം.
ഓപ്ഷനുകൾ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അനുവദിക്കപ്പെട്ടാൽ സ്വീകരിക്കുമെന്നുറപ്പുളള ഓപ്ഷനുകളേ തിരഞ്ഞെടുത്തു നൽകാവൂ. അവയിൽ, കൂടുതൽ താത്പര്യമുള്ള ഓപ്ഷനുകൾ ആദ്യമാദ്യം നൽകണം. കുറഞ്ഞ താത്പര്യമുള്ളവ താഴെയായി വരണം. ഏതെങ്കിലും ഓപ്ഷൻ അനുവദിച്ചു തന്നാൽ അതിനു താഴെയുള്ളവ (ലോവർ ഓപ്ഷനുകൾ) സ്വമേധയാ റദ്ദാകും. എന്നാൽ, അതിനു മുകളിലുള്ളവ (ഹയർ ഓപ്ഷൻസ്) സ്ഥിരപ്രവേശനം നേടും വരെ നിലനിൽക്കും. ഹയർ ഓപ്ഷനുകളിൽ താത്പര്യമില്ലാത്തവ സമയപരിധിക്കകം റദ്ദു ചെയ്യാൻ അവസരം ലഭിക്കും.
താത്പര്യമുള്ളത്രയും ഓപ്ഷനുകൾ നൽകാം. അനുവദിച്ചുതന്നാൽ സ്വീകരിക്കുമെന്നുറപ്പുള്ള ഓപ്ഷനുകൾ മാത്രമേ നൽകാവൂ. അനുവദിച്ച ഓപ്ഷൻ സ്വീകരിക്കാതിരുന്നാൽ - താത്കാലികമായോ സ്ഥിരമായോ ഉള്ള പ്രവേശനം നേടാതിരുന്നാൽ - ആ അലോട്‌മെന്റ് നഷ്ടപ്പെടും. ഒപ്പം, പ്രക്രിയയിൽനിന്നു പുറത്താകും. തുടർ അലോട്‌മെന്റുകളിലേക്ക് അപേക്ഷാർഥിയെ പരിഗണിക്കുന്നതല്ല.
Content Highlights: Application deadline for Plus One admission is June 3, 2026., Applications must be submitted via the official HSCAP portal., Course duration is two years with six subjects including one second language., 45 subject combinations available across Science, Humanities, and Commerce streams., Eligibility requires SSLC or equivalent qualification with D+ grade or above.
Published: 27 May 2026, 08:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented