തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശനിയമം (ആർടിഇ) നടപ്പാക്കുന്നതിനുമുൻപ് നിയമിക്കപ്പെട്ട അധ്യാപകർക്കും കെ-ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതിവിധിക്കെതിരേ സർക്കാർ പുനഃപരിശോധനാഹർജി നൽകിയതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇപ്പോഴത്തെ വിധി നടപ്പാക്കിയാൽ അരലക്ഷം അധ്യാപകരുടെ ജോലിയെ ബാധിക്കും.

To advertise here,

2012-ൽ കെ-ടെറ്റ് നടപ്പാക്കുന്നതിനുമുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് ഈ യോഗ്യത നേടാൻ അക്കാലത്ത് അവസരമുണ്ടായിരുന്നില്ല. അതിനാൽ, 2012 മാർച്ച് 31-നുമുൻപ് സർവീസിൽ പ്രവേശിച്ചവർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കൽവരെ തുടരാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

നെറ്റും സെറ്റും പിഎച്ച്ഡിയും ഉള്ളവർക്ക് അധ്യാപകനിയമനത്തിൽ കെ-ടെറ്റ് യോഗ്യതയിൽനിന്ന് സ്ഥിരമായി ഇളവുനൽകണമെന്നാണ് മറ്റൊരു ആവശ്യം. നിലവിൽ സർവീസിലുള്ളവർക്ക് സ്ഥാനക്കയറ്റം നൽകാൻ കെ-ടെറ്റ് തടസ്സമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

പോരാട്ടത്തിന് ഭരണ-പ്രതിപക്ഷ ഐക്യം

കെ-ടെറ്റ് പ്രശ്‌നത്തിൽ അധ്യാപകരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അധ്യാപകസംഘടനകളുടെ ഐക്യമുന്നണി. ഭരണ-പ്രതിപക്ഷ പാർട്ടികളുമായി ആഭിമുഖ്യം പുലർത്തുന്ന ഈ കൂട്ടായ്മയിൽ ബിജെപി അനുകൂല സംഘടനയെ ഉൾപ്പെടുത്തിയിട്ടില്ല. അധ്യാപകരെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ നിയമനിർമാണം നടത്തണമെന്നാണ് ആവശ്യം. എട്ടിന് ലോക്ഭവനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. അഞ്ചിന് പാർലമെന്റ് മാർച്ചും നടത്തും.