തിരുവനന്തപുരം: കേരളത്തിലെ മുതിർന്നവർക്കിടയിൽ നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച അറിവ് വർദ്ധിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ് വിപുലമായ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിച്ചു. 'സർവ്വം എഐ മയം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ബോധവൽക്കരണ പരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്തെ 2,200 ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ് യൂണിറ്റുകൾ വഴി ആറ് ലക്ഷം രക്ഷിതാക്കൾക്ക് എഐ സാങ്കേതികവിദ്യയിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.

To advertise here,

2026 ജൂൺ 30 വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഓരോ യൂണിറ്റും ശരാശരി 300 രക്ഷിതാക്കൾക്ക് വീതം പരിശീലനം നൽകും. എഐയുടെ അനന്തമായ സാധ്യതകളെയും ഒപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെയും ഒരുപോലെ പരിചയപ്പെടുത്തുന്ന രീതിയിലാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പരിശീലന മൊഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്. മെഷീൻ ലേണിങ് എന്ന സാങ്കേതികവിദ്യയെ ലളിതമായി പരിചയപ്പെടുത്തിക്കൊണ്ട് ആരംഭിക്കുന്ന ക്ലാസുകളിൽ രാജാ രവിവർമ്മയുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് ചലിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കൗതുകകരമായ ദൃശ്യങ്ങൾ പ്രദർശിപ്പിക്കും.

ദൈനംദിന ജീവിതത്തിൽ സ്മാർട്ട്ഫോണിലൂടെ എഐ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം എന്നതിനാണ് പരിശീലനത്തിൽ മുൻഗണന നൽകുന്നത്. പക്ഷികളെയും സസ്യങ്ങളെയും തിരിച്ചറിയുക, തമിഴ് ഉൾപ്പെടെയുള്ള ഇതരഭാഷാ ബോർഡുകൾ തത്സമയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക, എഐ അസിസ്റ്റന്റുകളെ ഉപയോഗിച്ച് കവിതകൾ എഴുതുകയോ യാത്രകൾ പ്ലാൻ ചെയ്യുകയോ ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. 

സാങ്കേതിക വിദ്യയുടെ ഗുണങ്ങൾക്കൊപ്പം തന്നെ ഡിജിറ്റൽ ലോകത്തെ ചതിക്കുഴികളെക്കുറിച്ചും പദ്ധതി മുന്നറിയിപ്പ് നൽകുന്നുണ്ട്. എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾ , ശബ്ദങ്ങൾ, ചിത്രങ്ങൾ എന്നിവ തിരിച്ചറിയാനുള്ള മാർഗങ്ങളും ഇതിലൂടെ രക്ഷിതാക്കൾക്ക് ലഭിക്കും. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകളെ പ്രതിരോധിക്കാനും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ മനസ്സിലാക്കാനും ഇവ സഹായിക്കും. കൈറ്റ് വികസിപ്പിച്ച എഐ അധിഷ്ഠിത ലേണിങ് പ്ലാറ്റ്‌ഫോമായ 'സമഗ്ര പ്ലസ് ലേണിങ് റൂം' വഴിയുള്ള പഠന സഹായത്തെക്കുറിച്ചും രക്ഷിതാക്കളെ ബോധവാന്മാരാക്കും. 2026 ഫെബ്രുവരി 20-ന് പ്രാബല്യത്തിൽ വരുന്ന പുതിയ ഐടി നിയമങ്ങൾ കൂടി ഉൾപ്പെടുത്തിയാണ്  പരിശീലനം നടപ്പിലാക്കുന്നത്.