തിരുവനന്തപുരം: നാലുവർഷബിരുദത്തിൽ ഇന്റേൺഷിപ്പിന് വേണ്ടത്ര അവസരമില്ലെന്ന വിദ്യാർഥികളുടെ പരാതി തീർക്കാൻ നടപടിയുമായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ. ഇപ്പോൾ വ്യവസായ-അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്നുള്ള ഇന്റേൺഷിപ്പ് പരിപാടി, സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം. നിലവിൽ ഒരുലക്ഷംപേർക്ക് ഇന്റേൺഷിപ്പിന് അവസരമൊരുക്കിയിട്ടുണ്ടെന്ന് കൗൺസിൽ വൃത്തങ്ങൾ പറഞ്ഞു.

To advertise here,

ഇന്റേൺഷിപ്പിന്റെ മറവിൽ ചില സ്ഥാപനങ്ങൾ വൻഫീസ് ഈടാക്കുന്നതു നിയന്ത്രിക്കാൻ പോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷനിൽ കർശനവ്യവസ്ഥയും ഏർപ്പെടുത്തി. ഇന്റേൺഷിപ്പിന്റെ മറവിലുള്ള കൊള്ളയെക്കുറിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.

നാലാം സെമസ്റ്റർ പൂർത്തീകരിച്ചവർ ഏപ്രിൽ-മേയ് മാസങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യണമെന്നാണ് നിർദേശം. അടുത്ത ഘട്ടമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമൊക്കെ ഇന്റേൺഷിപ്പിനുള്ള അവസരമൊരുക്കും. നിലവിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിക്കാത്തവർ, അഞ്ചാം സെമസ്റ്ററിനുള്ളിൽ പൂർത്തീകരിച്ചാൽ മതിയെന്നും സർവകലാശാലകൾക്ക് നിർദേശം നൽകുമെന്നാണ് വിവരം.

ഇന്റേൺഷിപ്പിന് സുഗമമാക്കാൻ കൗൺസിൽ മുൻകൈയെടുത്ത് കെൽട്രോൺ വഴി പ്രത്യേക പോർട്ടൽ തുടങ്ങിയിട്ടുണ്ട്. ഇതുവഴി 80,000 പേർക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യം. നിലവിൽ 30,000 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതിൽ 10,000 പേർ ഇന്റേൺഷിപ്പ് തുടങ്ങിക്കഴിഞ്ഞു. ഐ.എച്ച്.ആർ.ഡി.-12,000, ഐ.സി.ടി. അക്കാദമി-3,000,അസാപ്-1000, എന്നിവ വഴിയും അവസരമൊരുക്കി.

ഗവർണർക്ക് പരാതി 
ഇന്റേൺഷിപ്പിന്റെ മറവിലുള്ള ചൂഷണം തുടരുകയാണെന്ന് കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റംഗം ഡോ. എ. റഷീദ് അഹമ്മദ് ചാൻസലറായ ഗവർണർക്ക് പരാതി നൽകി. സൗജന്യമായി ലഭ്യമാക്കേണ്ട പരിശീലനത്തിന് 2,500 മുതൽ 15,000 വരെ സ്വകാര്യ ഏജൻസികൾ ഈടാക്കുന്നുണ്ടെന്നും ഈ സ്ഥാപനങ്ങളുടെ ഏജന്റുമാർ കാമ്പസുകളിലെത്തി വിദ്യാർഥികളെ വലയിടുന്നുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു.

അവസരം ലഭിക്കാത്തവർക്കായി സ്വന്തം കോളേജിലും ഇന്റേൺഷിപ്പാവാമെന്ന് കാലിക്കറ്റ് വി.സി. നിർദേശിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. സിൻഡിക്കേറ്റംഗങ്ങളുടെ എതിർപ്പാണ് കാരണമെന്നാണ് വിവരം.