തിരുവനന്തപുരം: മാർക്ക് സമീകരണരീതി മാറി കീം എൻജിനിയറിങ് റാങ്ക് പട്ടികയിൽ കേരള സിലബസുകാർ തിളങ്ങിയപ്പോൾ രണ്ടുവർഷം നീണ്ട പോരാട്ടവിജയത്തിന്റെ അഭിമാനവുംപേറി ഒരു ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ. പയ്യന്നൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽനിന്നു വിരമിച്ച അധ്യാപകൻ പി.പ്രേമചന്ദ്രന്റേതാണ് ഈ നേട്ടം.
കേന്ദ്ര സിലബസുകാർക്ക് മുൻഗണന ലഭിക്കുന്ന മാർക്ക് സമീകരണം അശാസ്ത്രീയമാണെന്നു വാദിച്ചായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള ഈ സമരത്തിൽ ഐക്യമലയാളപ്രസ്ഥാനവും മലയാള ഐക്യവേദിയുമൊക്കെ കൈകോർത്തതോടെ, കേരളത്തിലെ എൻജിനിയറിങ് പ്രവേശനത്തിലെ പൊതുപ്രശ്‌നമായി ഇതിനെ മാറ്റിയെടുത്തു. 2011 മുതലുള്ള മാർക്ക് സമീകരണം പൊളിച്ചെഴുതി ഈ വർഷം തമിഴ്‌നാട് മാതൃക സ്വീകരിച്ചതോടെ, കീം റാങ്ക് പട്ടികയിൽ കേരള സിലബസുകാർ മുന്നിലെത്തി.
'മുഴുവൻ മാർക്കും നേടിയ കേരള സിലബസുകാരന് കിട്ടിയ റാങ്ക് 84, ഇത് അറിഞ്ഞുകൊണ്ട് ചെയ്ത നീതികേട്'
2024ലെ കീം എൻജിനിയറിങ് ഫലം വന്നപ്പോഴാണ് സമീകരണത്തിലെ പ്രശ്‌നം ഒരു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രേമചന്ദ്രൻ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. തുടർന്ന്, അതേവർഷം ഓഗസ്റ്റ് 27-ന് എൻട്രൻസ് കമ്മിഷണറുടെ ഓഫീസിനു മുന്നിൽ ഒരു ദിവസം നീണ്ട പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം കളക്ടറേറ്റിലും കോഴിക്കോട് ഡി.ഡി. ഓഫീസിലുമൊക്കെ ധർണകൾ നടന്നു. ഓൺലൈനിൽ ഒട്ടേറെ സംവാദങ്ങളും വെബിനാറുകളും സംഘടിപ്പിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘സമീകരണത്തിലെ കൊലച്ചതി’ എന്നപേരിൽ പ്രേമൻ മാഷെഴുതിയ വിശദമായ ലേഖനം പൊതുവിദ്യാഭ്യാസരംഗത്ത് ഏറെ ചർച്ചയായി.
2024ലെ എൻജിനിയറിങ് റാങ്ക് പട്ടികയിൽ കേന്ദ്ര-സംസ്ഥാന സിലബസുകാർ തമ്മിൽ 35 മാർക്കിന്റെ വ്യതിയാനം വന്നതോടെ, രക്ഷിതാക്കളും അധ്യാപക സംഘടനകളുമൊക്കെ പ്രതിഷേധങ്ങളിൽ കണ്ണികളായി. രോഷം തിളച്ചതോടെ, പ്രശ്‌നം പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ വെച്ചു.
മാർക്ക് സമീകരണരീതി മാറ്റാൻ കഴിഞ്ഞവർഷം തീരുമാനിച്ചെങ്കിലും പ്രോസ്‌പെക്ടസിനു മുൻപേ അതു ചെയ്യാത്തതിനാൽ കോടതി തടഞ്ഞു. കാത്തിരിപ്പിനൊടുവിൽ, പുതിയ മാർക്ക് സമീകരണരീതി അവലംബിച്ചായിരുന്നു ഈവർഷത്തെ എൻജിനിയറിങ് പട്ടിക. പൊതുവിദ്യാഭ്യാസത്തിനായുള്ള പോരാട്ടം ഫലം കണ്ടതിൽ ചാരിതാർഥ്യമുണ്ടെന്ന് പ്രേമചന്ദ്രൻ മാതൃഭൂമിയോടു പ്രതികരിച്ചു.
Content Highlights: Following a persistent two-year struggle led by retired teacher P. Premachandran against the unscientific mark normalization system, the revised KEAM engineering rank criteria has successfully enabled Kerala syllabus students to secure top positions this year.
Published: 29 Jun 2026, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented