ബെംഗളൂരു: കർണാടകത്തിലെ സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് സാമ്പത്തികസാക്ഷരത ഉറപ്പാക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ. സമ്പാദ്യശീലം അടക്കമുള്ള വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

To advertise here,

ആദ്യഘട്ടത്തിൽ 956 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെയാണ് സാമ്പത്തിക സാക്ഷരതാ പദ്ധതിയിൽ ഉൾപ്പെടുത്തുക. ഈ അധ്യയന വർഷം തന്നെ പദ്ധതി ആരംഭിക്കും.

സമ്പാദ്യശീലത്തിന്റെ പ്രാധാന്യം, സാമ്പത്തിക ആസൂത്രണം, വിവിധ നിക്ഷേപ മാർഗങ്ങൾ, അവയുടെ പ്രത്യേകതകൾ, ബാങ്കുകളുടെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതി പ്രകാരം കുട്ടികളെ പഠിപ്പിക്കുന്നത്. ഓഹരിവിപണിയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളും പഠിപ്പിക്കും.

ഡിജിറ്റൽ ഇടപാടുകൾ, മൊബൈൽ ബാങ്കിങ് തുടങ്ങിയയും പാഠ്യപദ്ധതിയുടെ ഭാഗമായിരിക്കും.

എല്ലാ മാസവും സമ്പാദ്യവുമായി ബന്ധപ്പെട്ട ഒരു പാഠ്യപ്രവർത്തനമുണ്ടായിരിക്കും. ചാർട്ടേഡ് അക്കൗണ്ടന്റുമാർ, സാമ്പത്തിക ഉപദേശകർ, സാമ്പത്തികശാസ്ത്ര അധ്യാപകർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിദ്യാർഥികൾക്ക് വേണ്ടി ബോധവത്കരണ ക്ലാസുകളും നടത്തും. കർണാടക പബ്ലിക് സ്‌കൂളുകളിലും ഏഷ്യൻ ഡിവലപ്‌മെന്റ് ബാങ്ക് സഹായത്തിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലുമാണ് ഇപ്പോൾ പദ്ധതി ആരംഭിക്കുന്നത്. പിന്നീട് മറ്റ് സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും.