സുപ്രീംകോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് തിരുവനന്തപുരം സ്വദേശി ആത്മ എസ്. കുമാര്‍ സ്‌കോളര്‍ഷിപ്പോടെയുള്ള വിദേശപഠനത്തെക്കുറിച്ചും ലീഡര്‍ഷിപ്പ് പ്രോഗ്രാമിനെക്കുറിച്ചും ചിന്തിക്കുന്നത്. പഠനകാലത്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. അപേക്ഷിച്ചപ്പോള്‍ യുകെ ചീവനിങ് സ്‌കോളര്‍ഷിപ്പും ഓക്‌സ്ഫഡ് വീഡന്‍ഫെല്‍ഡ് ഹോഫ്മാന്‍ ട്രസ്റ്റ് (ഡബ്ല്യുഎച്ച്ടി) സ്‌കോളര്‍ഷിപ്പ് ആന്‍ഡ് ലീഡര്‍ഷിപ്പ് പ്രോഗ്രാമും നേടാനായി. രണ്ടും ഒരുമിച്ച് ലഭിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോള്‍.
ഓക്‌സ്ഫഡിലെ ബ്ലാവാട്ട്‌നിക് സ്‌കൂള്‍ ഓഫ് ഗവണ്‍മെന്റിലാണ് പബ്ലിക് പോളിസിയില്‍ ഒരുവര്‍ഷത്തെ ബിരുദാനന്തരബിരുദം. ഇതോടൊപ്പം ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെയും ഭാഗമാകും. ഗുജറാത്ത് ദേശീയ നിയമ സര്‍വകലാശാലയില്‍ (ജിഎന്‍എല്‍യു) നിന്ന് നിയമത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിനുശേഷം നാലുവര്‍ഷം സുപ്രീംകോടതിയില്‍ അഭിഭാഷകയായി ജോലിചെയ്തു. നയതന്ത്രരംഗത്തും നിയമമേഖലയിലും തൊഴില്‍പരിചയം നേടി.
ഒന്ന് തിരഞ്ഞെടുക്കാം രണ്ടിന്റെയും ഭാഗമാകാം
രണ്ട് സ്‌കോളര്‍ഷിപ്പുകളും വ്യത്യസ്തമാണ്. ഡബ്ല്യുഎച്ച്ടി സര്‍വകലാശാലാ തലത്തിലുള്ള സ്‌കോളര്‍ഷിപ്പാണ്. എന്നാല്‍, ചീവനിങ് യുകെയിലെ പഠനത്തിന് യുകെ വിദേശകാര്യ, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡിവലപ്‌മെന്റ് ഓഫീസാണ് സഹായധനം നല്‍കുന്നത്. രണ്ട് സ്‌കോളര്‍ഷിപ്പും ലഭിച്ചാല്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ചീവനിങ് സ്‌കോളര്‍ഷിപ്പാണ് ആത്മ തിരഞ്ഞെടുത്തത്. 90 ലക്ഷം രൂപയുടേതാണ് ചീവനിങ് സ്‌കോളര്‍ഷിപ്പ്. ട്യൂഷന്‍ ഫീസ്, വിസ, ടിക്കറ്റ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഇതില്‍ വരും. അതിനൊപ്പം ഡബ്ല്യുഎച്ച്ടിയുടെ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാകും. എന്നാല്‍, ഇതിന്റെ ഭാഗമായുള്ള സ്‌റ്റൈപ്പൈന്‍ഡും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല.
മത്സരം ശക്തം
ഒരുലക്ഷത്തോളം അപേക്ഷയാണ് പ്രതിവര്‍ഷം ചീവനിങ് സ്‌കോളര്‍ഷിപ്പിനായി വരുന്നത്. പബ്ലിക് സെക്ടറിലെ തൊഴില്‍പരിചയം സ്‌കോളര്‍ഷിപ്പ് സാധ്യതകൂട്ടും. ജോലിയോടൊപ്പം സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട അപേക്ഷ തയ്യാറാക്കലും അതിനുള്ള തയാറെടുപ്പുമായിരുന്നു നേരിട്ട പ്രതിസന്ധിയെന്ന് ആത്മ പറഞ്ഞു. അത്തരം പ്രതികൂലസാഹചര്യങ്ങളെ അനുകൂലമാക്കിയാണ് ലക്ഷ്യത്തിലെത്തിയത്. യുകെയിലെ പഠനത്തിനുശേഷം പൊതുമേഖലയില്‍ പരിചയസമ്പത്തും ആത്മവിശ്വാസവും വര്‍ധിക്കുമെന്നാണ് ആത്മയുടെ പ്രതീക്ഷ.
300 വാക്കുവീതമുള്ള നാല് ഉപന്യാസങ്ങളാണ് തിരഞ്ഞെടുപ്പിനായി അയക്കേണ്ടിവരുക. ലീഡര്‍ഷിപ്പ് (നേതൃത്വമേറ്റെടുക്കുന്നതിലെ പരിചയസമ്പത്ത്), നെറ്റ്വര്‍ക്കിങ്, സ്റ്റഡിയിങ് ഇന്‍ യുകെ (യുകെയിലെ ഏതു കോളേജില്‍ അപേക്ഷിക്കുന്നു, എന്തിന് അവിടം തിരഞ്ഞെടുത്തു തുടങ്ങിയ വിവരങ്ങള്‍), കരിയര്‍ പ്ലാന്‍ (വരുന്ന വര്‍ഷങ്ങളില്‍ ഇവിടത്തെ പഠനംകൊണ്ട് എന്ത് നേട്ടമാണ് പ്രതീക്ഷിക്കുന്നത് സംബന്ധിച്ച്) തുടങ്ങിയ മേഖലകളാണ് വിശദീകരിക്കേണ്ടത്.
www.chevening.org/scholarships/ വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വര്‍ഷത്തെ അപേക്ഷ ഒക്ടോബര്‍ ഏഴുവരെ നല്‍കാം. ഫെബ്രുവരിയില്‍ ചുരുക്കപ്പട്ടിക വരും. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാവും അഭിമുഖം. ജൂണ്‍ പകുതിയോടെ ഫലം പ്രഖ്യാപിക്കും. സെപ്റ്റംബര്‍/ഒക്ടോബറോടെ യുകെയില്‍ പഠനം ആരംഭിക്കാം.
തിരഞ്ഞെടുത്ത മേഖലയില്‍ നല്ല മാറ്റങ്ങള്‍ കൈവരിക്കുന്നതിന് പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ കഴിയുന്ന ഭാവി നേതാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ബിരുദവും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഓക്‌സ്ഫഡ്, വെസ്റ്റ്മിന്‍സ്റ്റര്‍, ക്രാന്‍ഫീല്‍ഡ് തുടങ്ങിയ സര്‍വകലാശാലകള്‍ ചീവനിങ്ങുമായി പങ്കാളിത്തമുണ്ട്. പഠനത്തിലൂടെ നേടിയെടുക്കുന്ന അറിവും കഴിവുകളും ചുറ്റുമുള്ള വെല്ലുവിളികളെ നേരിടാന്‍ പഠനം പൂര്‍ത്തിയായി ഇറങ്ങുന്ന വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നു.
ഡബ്ല്യുഎച്ച്ടി
ഓക്‌സ്ഫഡിന്റെ മത്സരപ്രാധാന്യമുള്ള സ്‌കോളര്‍ഷിപ്പുകളിലൊന്നാണ് ഓക്‌സ്ഫഡ് വീഡന്‍ഫെല്‍ഡ് ഹോഫ്മാന്‍ ട്രസ്റ്റ് (ഡബ്ല്യുഎച്ച്ടി) സ്‌കോളര്‍ഷിപ്പ്. പബ്ലിക് സര്‍വീസിനും സാമൂഹികമാറ്റത്തിനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സര്‍വകലാശാലയുടെ പൂര്‍ണ്ണ സഹായധനത്തോടെ പഠനം നടത്താം. വിവരങ്ങള്‍ക്ക്: www.ox.ac.uk സെപ്റ്റംബറിലാണ് അപേക്ഷ വിളിക്കുക. ജനുവരി അവസാനത്തോടെ അപേക്ഷിക്കണം. കോഴ്‌സ് അനുസരിച്ച് അവസാന തീയതികള്‍ വ്യത്യാസപ്പെടാം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നവര്‍ക്കുള്ള അഭിമുഖം ജൂണില്‍ നടക്കും. സെപ്റ്റംബറോടെ അധ്യയനവര്‍ഷം ആരംഭിക്കും.
Content Highlights: An Indian lawyer from Thiruvananthapuram has achieved a remarkable feat by securing both the Chevening Scholarship and the Oxford Weidenfeld-Hoffmann Trust Scholarship & Leadership Programme for Public Policy studies in the UK.
Published: 29 Sept 2025, 08:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented