ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ ഗവേഷണരംഗത്ത് പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഗവേഷണങ്ങളുടെ നിലവാരമുറപ്പാക്കുന്നതിനൊപ്പം ഗവേഷണസ്ഥാപനങ്ങളെ നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണിത്. ഇതിനായി ബിൽ തയ്യാറാക്കാൻ സർക്കാർ നടപടികളാരംഭിച്ചു.

To advertise here,

വൈദ്യശാസ്ത്രമേഖലയിലെ ഗവേഷണങ്ങൾക്ക് സുരക്ഷയുറപ്പാക്കാൻകൂടി ലക്ഷ്യമിട്ടാണ് ബിൽ തയ്യാറാക്കുന്നതെന്ന് അധികൃതർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് (ഐസിഎംആർ) ബില്ലിനുവേണ്ടിയുള്ള പഠനങ്ങളും അനുബന്ധപ്രവർത്തനങ്ങളും നടത്തുന്നത്. ഈ ലക്ഷ്യത്തിൽ ഐസിഎംആർ സമിതി രൂപവത്കരിച്ചു.

നിലവിലെ നിയന്ത്രണ ചട്ടക്കൂടും പുതിയ നിയമത്തിന്റെ സാധ്യതയും പരിശോധിച്ച സമിതി ബിൽ ആവശ്യമാണെന്ന നിഗമനത്തിലാണെത്തിയത്. മെഡിക്കൽ ഗവേഷണത്തിന് നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കാനാണ് നിർദേശം. എത്തിക്സ് കമ്മിറ്റികൾ സ്ഥാപിച്ച് ധാർമികനിലവാരം ഉറപ്പാക്കുന്നതും ഗവേഷണങ്ങൾക്ക് മാർഗരേഖ നൽകുന്നതും വിഭാവനംചെയ്യുന്നു. ഗവേഷകരെയും സ്ഥാപനങ്ങളെയും നിയന്ത്രണപരിധിയിൽ കൊണ്ടുവരും.

മെഡിക്കൽ ഗവേഷണരംഗത്ത് നിയന്ത്രണത്തിനുള്ള നിയമനിർമാണം പരിശോധിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാംഗം ഡോ. അജിത് മാധവ് റാവു ഗോപ്ചാഡെ പ്രധാനമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.