ചെന്നൈ: യു.എസിൽ ഉപരിപഠനം നടത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ. 2023-24 വർഷത്തിൽ ഇന്ത്യയിൽ നിന്ന് 3,31,602 വിദ്യാർഥികളാണ് യു.എസിൽ പഠിക്കാനെത്തിയത്. മുൻവർഷം ഒന്നാം സ്ഥാനത്തായിരുന്ന ചൈനയിൽനിന്ന് 2,77,398 വിദ്യാർഥികളാണ് ഈ വർഷം എത്തിയത്. 2009-നുശേഷം ആദ്യമായാണ് യു.എസിലെ വിദേശവിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമതെത്തുന്നത്.
യു.എസിലെ വിദേശ വിദ്യാർഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പൺ ഡോഴ്സ് റിപ്പോർട്ട് പ്രകാരം 2022-23 വർഷം ഇന്ത്യൻവിദ്യാർഥികളുടെ എണ്ണം 2,68,923 ആയിരുന്നു. ഇപ്പോൾ 23 ശതമാനം വർധനയുണ്ടെന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതേസമയം, ചൈനയിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണത്തിൽ നാല് ശതമാനത്തിന്റെ കുറവുണ്ടായി. 2022-23 വർഷം 2,89,526 ചൈനീസ് വിദ്യാർഥികൾ യു.എസിൽ പഠിക്കാനെത്തിയ സ്ഥാനത്ത് 2,77,398 ആയി കുറയുകയായിരുന്നു. യു.എസിലെ ആകെ വിദേശ വിദ്യാർഥികളിൽ (11.27 ലക്ഷം) 29 ശതമാനത്തിലേറെ ഇന്ത്യക്കാരാണ്.
ഇന്ത്യൻവിദ്യാർഥികൾ ഏറ്റവും കൂടുതൽ പഠിക്കുന്നത് ബിരുദാനന്തര ബിരുദ കോഴ്സുകളിലാണ്. 1.97 ലക്ഷത്തോളം വിദ്യാർഥികളാണ് ഇവിടെ വിവിധ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുന്നത്. മുൻവർഷത്തെക്കാൾ 19 ശതമാനം വർധന ഇവരുടെ എണ്ണത്തിലുണ്ടായി.
നൈപുണിവികസനത്തിനുള്ള ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ് (ഒ.പി.ടി.) കോഴ്സുകളിൽ 97000-ലേറെ ഇന്ത്യൻ വിദ്യാർഥികൾ ചേർന്നു. മുൻവർഷത്തെക്കാൾ 41 ശതമാനം അധികമാണിത്. ബിരുദവിദ്യാർഥികളുടെ എണ്ണം 13 ശതമാനം വർധിച്ച് 36,000 ആയി. ഇന്ത്യയിൽ പഠിക്കുന്ന യു.എസ്. വിദ്യാർഥികളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 300-ൽനിന്ന് 1,300 ആയി വർധിക്കുകയായിരുന്നു.
Content Highlights: India beats china in the number of foreign students studying in us
Published: 19 Nov 2024, 09:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented