ന്യൂഡൽഹി: ബിരുദപഠനത്തിന് പരമ്പരാഗത കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർ കുറഞ്ഞെന്ന് റിപ്പോർട്ട്. പകരം എൻജിനിയറിങ്‌ ഉൾെപ്പടെയുള്ള കോഴ്സുകൾക്ക് തിരക്കേറി. ഗവേഷണത്തിന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണവും വർധിച്ചെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജുക്കേഷൻ (എ.ഐ.എസ്.എച്ച്.ഇ.- 2023-’24) റിപ്പോർട്ട് വ്യക്തമാക്കുന്നു.

To advertise here,

2023-’24 കാലത്ത് ബി.സി.എ.യിൽ ചേർന്നവരുടെ എണ്ണം 21.5 ശതമാനം വർധിച്ചു. ബി.ടെക്, ബി.ഇ.-10 ശതമാനം, എം.ബി.ബി.എസ്.-9.9 ശതമാനം, ബി.ബി.എ.-6.9 ശതമാനം, എൽഎൽ.ബി.-5.7 ശതമാനം, ബി.ഫാം-11.7 ശതമാനം, ബി.എസ്.സി. നഴ്‌സിങ്-12 ശതമാനം എന്നിങ്ങനെ വർധിച്ചു. ബി.കോം.-8.8 ശതമാനം, ബി.എ.-4.5 ശതമാനം, ബി.എസ്.സി.-3.4 ശതമാനം, ബി.എഡ്.- 2.7 ശതമാനം എന്നിങ്ങനെ കുറഞ്ഞു. പിഎച്ച്.ഡി. കോഴ്‌സ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം മുൻ വർഷത്തെക്കാൾ 47.2 ശതമാനം വർധിച്ചു. ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസം തേടുന്ന സംസ്ഥാനങ്ങളിൽ മൂന്നാമതാണ് കേരളം. 5.4 ലക്ഷം ആൺകുട്ടികൾ കലാലയങ്ങളിൽ പഠിക്കുമ്പോൾ പെൺകുട്ടികളുടെ എണ്ണം 7.4 ലക്ഷമാണ്. ബിഹാറും പശ്ചിമ ബംഗാളുമാണ് ഇക്കാര്യത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ.

ആകെയുള്ള 17,32,294 അധ്യാപകരിൽ 55 ശതമാനം പേരും മുന്നാക്ക വിഭാഗക്കാരാണ്. ഒ.ബി.സി.-32 ശതമാനം, എസ്.സി.-10 ശതമാനം, എസ്.ടി.-3 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവർ. ന്യൂനപക്ഷ വിഭാഗങ്ങളിൽ മുസ്‌ലിം-5.7 ശതമാനം, ക്രിസ്ത്യൻ 8.5 ശതമാനം എന്നിങ്ങനെയാണുള്ളത്. . അധ്യാപക-വിദ്യാർഥി അനുപാതത്തിൽ ഏറ്റവും മുന്നിൽ തമിഴ്‌നാട്, കേരളം, ഗോവ സംസ്ഥാനങ്ങളാണ്. രാജ്യത്താകെ 1289 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (കേന്ദ്ര-സംസ്ഥാന-സ്വകാര്യ സർവകലാശാലകളും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളും) ഉണ്ട്. ഗുജറാത്താണ് മുന്നിൽ-107. ഇത്തരത്തിലുള്ള 25 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്.