ആലപ്പുഴ: ക്രമക്കേടുണ്ടായെന്ന സംശയത്തെത്തുടർന്ന് തടഞ്ഞുവെച്ച ഡെന്റൽ ബിരുദാനന്തര ബിരുദ (എം.ഡി.എസ്.) പരീക്ഷയുടെ ഫലം ആരോഗ്യ സർവകലാശാല പുറത്തുവിട്ടു. ഉത്തരക്കടലാസിനൊപ്പം പഴയ ഉത്തരക്കടലാസു കൂടി കണ്ടെത്തിയതോടെയാണ് ഫലം തടഞ്ഞുവെച്ചത്. തിരിമറി നടന്നിട്ടില്ലെന്ന് സർവകലാശാലയുടെ അന്വേഷണത്തിൽ ബോധ്യമായതോടെയാണ് ഫലം പ്രസിദ്ധീകരിച്ചത്.

To advertise here,

2025 നവംബർ മൂന്ന്, അഞ്ച്, ഏഴ് തീയതികളിൽ കോട്ടയം ഡെൻറൽ കോളേജിൽ പരീക്ഷയെഴുതിയവരുടെ ഉത്തരക്കടലാസുകൾക്കൊപ്പമാണ് പഴയ മൂന്നെണ്ണം കണ്ടെത്തിയത്. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസുകൾ സ്കാൻ ചെയ്താണ് അയക്കുന്നത്. എന്നാൽ, ഏതാനും ഉത്തരക്കടലാസുകൾ സ്കാൻചെയ്ത് അപ്‌ലോഡ് ചെയ്യാനായില്ല. ഇതെന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് പഴയ ഉത്തരക്കടലാസുകൾ കണ്ടെത്തിയത്.

പുതിയ ഉത്തരക്കടലാസിലെ ബാർകോഡ് 10 ഡിജിറ്റും പഴയതിൽ ഒൻപതുമായിരുന്നു. ഇതിനാലാണ് സ്കാൻചെയ്യാനാകാഞ്ഞത്. പഴയതു കണ്ടതോടെ വിദ്യാർഥികൾ തിരിമറി തടത്തിയതാണോയെന്ന സംശയമുയർന്നു. സർവകലാശാല അന്വേഷണം പ്രഖ്യാപിക്കുകയും ആരോഗ്യവിദ്യാഭ്യാസ ഡയറക്ടറിൽനിന്നു വിശദീകരണം തേടുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് കോളേജിലെ ക്ലാർക്കിന്റെ പിഴവാണിതെന്നു വ്യക്തമായത്.

പുതിയ ഉത്തരക്കടലാസിനൊപ്പം പഴയതുകൂടി ക്ലാർക്ക് അബദ്ധത്തിൽ വെക്കുകയായിരുന്നു. ക്ലാർക്കിന്റെ പിഴവാണെന്ന് കോളേജ് അധികൃതർ സർവകലാശാലയെ സി.സി.ടി.വി. തെളിവുൾപ്പെടെ നൽകി ബോധ്യപ്പെടുത്തിയതോടെയാണ് ഫലം പുറത്തുവിട്ടത്.