കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ, രണ്ടുവർഷത്തെ, ഫാഷൻ ഡിസൈനിങ് ആൻഡ് ഗാര്‍മെന്റ് ടെക്നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിന് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസവകുപ്പ് അപേക്ഷ ക്ഷണിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടുകൾ
42 ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് (ജി.ഐ.എഫ്.ഡി.) -ൽ ഈ കോഴ്സുണ്ട്. സർക്കാർ വിഭാഗത്തിൽ, തിരുവനന്തപുരത്ത് ഏഴ് പoനകേന്ദ്രങ്ങളുണ്ട്. ഇടുക്കി, തൃശ്ശൂർ -അഞ്ചുവീതം. പാലക്കാട്, മലപ്പുറം -നാലുവീതം. എറണാകുളം, വയനാട് -മൂന്നുവീതം. കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ -രണ്ടുവീതം. കാസർകോട് -ഒന്ന്. ഈ കേന്ദ്രങ്ങളുടെ പൂർണവിവരങ്ങൾ (വിലാസം, ബന്ധപ്പെടാനുള്ള നമ്പർ തുടങ്ങിയവ) polyadmission.org/gifd/ ൽ ഉള്ള അനക്സ്‌ചേഴ്‌സ് ആൻഡ് സർട്ടിഫിക്കറ്റ്സ് ലിങ്കിൽ ലഭിക്കും. പ്രോസ്പെക്ടസും ഈ ലിങ്കിൽ കിട്ടും.
ഇവകൂടാതെ എസ്.ടി.ഡി.ഡി.യുടെ കീഴിൽ രണ്ട് സ്ഥാപനങ്ങളിലും, [ഇലഞ്ചിയം (തിരുവനന്തപുരം), മൂലമറ്റം (ഇടുക്കി)] സാങ്കേതികവിദ്യാഭ്യാസവകുപ്പ് ഈ പ്രോഗ്രാം നടത്താൻ അംഗീകാരം നൽകിയിട്ടുള്ള 87 സ്വകാര്യസ്ഥാപനങ്ങളിലും പ്രോഗ്രാം ഉണ്ട്. സ്ഥാപനങ്ങളുടെ പൂർണപട്ടിക വെബ്സൈറ്റിൽ.
കോഴ്സ്
വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവ ശാസ്ത്രീയമായി പഠിക്കുന്ന കോഴ്സാണിത്. പരമ്പരാഗത വസ്ത്രനിർമാണമേഖലകളിൽ വൈദഗ്ധ്യം നേടുന്നതിനൊപ്പം, കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങിലും പ്രാവീണ്യം നേടാൻ പ്രോഗ്രാം സഹായകരമാകും.
ഈ മേഖലയിലുണ്ടാകുന്ന നവീനപ്രവണതകൾ മനസ്സിലാക്കാനും സ്വന്തമായരീതിയിൽ അത് വികസിപ്പിക്കുവാനും പുനരാവിഷ്കരിക്കാനും പ്രോഗ്രാം ഉപകരിക്കും. പ്രായോഗിക വൈദഗ്ധ്യത്തിന് ഊന്നൽ നൽകുന്ന കോഴ്സിൽ ആറാഴ്ചനീണ്ടുനിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്, കംപ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിങ്, വ്യക്തിത്വമികവും ഇംഗ്ലീഷ് ഭാഷാ നൈപുണിയും വർധിപ്പിക്കുന്നതിനുള്ള ഇംഗ്ലീഷ് ആൻഡ് വർക്ക് സ്പെയ്‌സ് സ്കിൽസ് പരിശീലനം എന്നിവയും പാഠ്യപദ്ധതിയിൽ ഉൾപ്പെടും.
കോഴ്സിന്റെ ഒന്നും രണ്ടും വർഷങ്ങളിൽ കൺട്രോളർ ഓഫ് ടെക്നിക്കൽ എക്സാമിനേഷൻസ് പൊതുപരീക്ഷ നടത്തും. രണ്ടു പരീക്ഷകളും ജയിക്കുന്നവർക്ക് കേരള ഗവൺമെൻറ് ടെക്നിക്കൽ എക്സാമിനേഷൻസ് (കെ.ജി.ടി.ഇ.) ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി സർട്ടിഫിക്കറ്റ് നൽകും.
യോഗ്യത
ഉന്നതപഠനത്തിനുള്ള അർഹതയോടെ, എസ്.എസ്.എൽ.സി./തത്തുല്യപ്രോഗ്രാം ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷ
polyadmission.org/gifd/ വഴി ഓഗസ്റ്റ് 23 വരെ നൽകാം. സർക്കാർ വിഭാഗത്തിൽ ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാൻ സ്ഥാപനങ്ങൾ തിരഞ്ഞെടുത്ത് പ്രത്യേകം ഓപ്ഷനുകൾ നൽകണം. സ്വകാര്യസ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാൻ ഓരോ സ്ഥാപനത്തിലേക്കും പ്രത്യേകം അപേക്ഷ നൽകണം. സ്വകാര്യസ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിന്റെ അവസാനതീയതിവരെ അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്
എസ്.എസ്.എൽ.സി./തത്തുല്യപരീക്ഷയിലെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയിന്റ് പരിഗണിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. പ്രവേശനരീതി, നടപടിക്രമം എന്നിവ പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.
അലോട്മെൻറ് പട്ടിക സ്ഥാപന നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. കരട് റാങ്ക് പട്ടിക 27-ന് പ്രസിദ്ധപ്പെടുത്തും. 30 വരെ പട്ടികയിൻമേൽ പരാതി നൽകാം. അന്തിമറാങ്ക്, അലോട്മെന്റ് പട്ടികകൾ സെപ്‌റ്റംബർ മൂന്നിന്. പ്രവേശനം അന്നുമുതൽ 10 വരെ നടത്തും.
വിദ്യാർഥി രക്ഷാകർത്താവിനൊപ്പം നിശ്ചിതസമയത്ത് പ്രവേശനത്തിന് സ്ഥാപനത്തിൽ ഹാജരാകണം. ഹാജരാകാത്തവരെ പിന്നീട് പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. ക്ലാസുകൾ സെപ്റ്റംബർ 11-ന് തുടങ്ങും. സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 24 മുതൽ 30 വരെ. എസ്.ടി.ഡി.ഡി.യുടെകീഴിലുള്ള രണ്ട് സ്ഥാപനങ്ങളിലെ പ്രവേശനം, സ്ഥാപനങ്ങൾ നേരിട്ടു നടത്തും.
ഫീസ്
സർക്കാർസ്ഥാപനങ്ങളിൽ സ്പെഷ്യൽഫീസ്-210 രൂപ, കരുതൽനിക്ഷേപം -300 രൂപ, പ്രവേശനഫീസ് -135 രൂപ. സ്വകാര്യസ്ഥാപനത്തിൽ പ്രതിവർഷ ട്യൂഷൻഫീസ് -15,000 രൂപ, പെർമനൻറ് പരീക്ഷാരജിസ്ട്രേഷൻ ഫീസ്-260 രൂപ, പ്രവേശനഫീസ്-125 രൂപ. സംവരണം, സ്കോളർഷിപ്പ് ആനുകൂല്യങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ഉണ്ട്.
Content Highlights: fashion designing and garment technology course in kerala
Published: 17 Aug 2024, 03:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented